ദയാവധത്തിന് അനുമതി തേടി കര്‍ഷകര്‍

Web Desk
Posted on March 26, 2018, 5:18 pm

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വാക്ക് പാലിച്ചില്ല

മുംബൈ: രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ കര്‍ഷക സമരങ്ങളില്‍ ഒന്നിന് സാക്ഷ്യം വഹിച്ച മഹാരാഷ്ട്രയില്‍ മറ്റൊരു കര്‍ഷക സമരം കൂടി അരങ്ങേറുന്നു. മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലെ 91 കര്‍ഷകരാണ് ദയാമരണത്തിന് അനുമതി തേടി ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന് കത്ത് നല്‍കിയിരിക്കുന്നത്. തങ്ങളെ മരിക്കാനനുവദിക്കണമെന്ന ആവശ്യമുന്നയിച്ചാണ് കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. നശിച്ച കാര്‍ഷിക വിളകള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നല്‍കാതെ ജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ദയാ വധം എന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഗവര്‍ണര്‍ക്കും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും നല്‍കിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഹൈവേ നിര്‍മ്മിക്കാനായി സര്‍ക്കാരിന് വിട്ടു കൊടുന്ന സ്ഥലത്തിന് മതിയായ നഷ്ടപരിഹാരം തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും അവര്‍ ആരോപിക്കുന്നു. കുട്ടികള്‍ക്ക് ഒരു നേരത്തെ കഞ്ഞി കൊടുക്കാനുള്ള വകയോ, കുടുംബം പുലര്‍ത്താനോ കഴിയുന്നില്ല. മുമ്പിലുള്ള ഏക മാര്‍ഗ്ഗം ദയാവധത്തിന് വിധേയമാവുകയാണെന്നുള്ളതാണെന്നും കര്‍ഷകര്‍ പറയുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള 50,000 ത്തോളം കര്‍ഷകര്‍ അഞ്ച് ദിവസത്തെ കാല്‍നടയാത്രയ്ക്ക് ശേഷം മുംബൈയില്‍ പ്രവേശിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനെ വിറപ്പിച്ച ഐതിഹാസിക കര്‍ഷകസമരമായ കിസാന്‍ ലോങ് മാര്‍ച്ച് കര്‍ഷകസമരചരിത്രത്തില്‍ പുതിയൊരു അധ്യായമെഴുതി ചേര്‍ത്തിരുന്നു. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് രാജ്യമെമ്പാടും ശ്രദ്ധാകേന്ദ്രമായിരുന്നു. എന്നാല്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും ഇനിയും നിറവേറ്റാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ ദയാവധം എന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

വനാവകാശ നിയമം നടപ്പിലാക്കുക, കാര്‍ഷിക പെന്‍ഷനില്‍ കാലഘട്ടത്തിനനുസരിച്ചുള്ള വര്‍ധനവ് വരുത്തുക, പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന റേഷന്‍ സമ്പ്രദായത്തിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണം, കീടങ്ങളുടെ ശല്യം കാരണം വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില അനുവദിക്കുക, എം എസ് സ്വാമിനാഥന്‍ കമ്മിഷന്‍ കര്‍ഷകര്‍ക്കായി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക, നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചക്ക് അറുതി വരുത്തുക, അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, ഭൂമിക്ക് തക്കതായ നഷ്ടപരിഹാര തുക നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ലോങ് മാര്‍ച്ച് . സമരത്തില്‍ കര്‍ഷകര്‍ നഗ്നപാദരായി 200 കിലോമീറ്റര്‍ സഞ്ചരിച്ചാണ് മുംബൈയില്‍ എത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഈ ആവശ്യങ്ങളില്‍ നിരന്തരം സമരം ചെയ്യുകയും സര്‍ക്കാരിന്റെ ശ്രദ്ധ പിടിച്ചുപറ്റാനുമാണ് തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും എന്നാല്‍ ഈ പ്രക്ഷോഭം തങ്ങള്‍ നടത്തിയിട്ടുളളപ്പോഴെല്ലാം സര്‍ക്കാര്‍ വാഗ്ദാനങ്ങളും പൊള്ളയായ ഉറപ്പും നല്‍കി തങ്ങളെ അവഗണിക്കുകയാണുണ്ടാതെന്നും കര്‍ഷകര്‍ പറയുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രേഖമൂലം ഉറപ്പ് നല്‍കുകയും സമയബന്ധിതമായി കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന് പറയുകയും ചെയ്തിരുന്നെങ്കിലും ഒന്നും പാലിക്കപ്പെടുകയുണ്ടായില്ല.കര്‍ഷകര്‍ക്ക് പ്രത്യേക സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുമെന്നും പുതുക്കാത്ത റേഷന്‍ കാര്‍ഡുകള്‍ പുതുക്കി ബിപിഎല്‍ കാര്‍ഡുകളായി നല്‍കുമെന്നും മേല്‍നോട്ടത്തിനായി ഒരു മന്ത്രിതല സമിതിയെ നിയോഗിക്കുമെന്നും ഫഡ്‌നാവിസ് വാഗ്ദാനം ചെയ്തിരുന്നു.

ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് ഉറപ്പായ രോഗികള്‍ക്ക് നിഷ്‌ക്രിയ ദയാമരണം (പാസീവ് യൂത്തനേസിയ) അനുവദിക്കാമെന്ന് സുപ്രിംകോടതി ഏതാനും ദിവസം മുമ്പ് ഉത്തരവിറക്കിയിരുന്നു.