തെങ്ങു പുനരുദ്ധാരണത്തിനായി സമഗ്ര പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം: കേരകര്‍ഷകസംഘം സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

Web Desk
Posted on July 17, 2019, 7:07 pm

കോഴിക്കോട്: ജില്ലയിലെ തെങ്ങുപുനരുദ്ധാരണത്തിനായി സമഗ്ര പദ്ധതികള്‍ക്കായി കേന്ദ്ര‑സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേര കര്‍ഷക സംഘം ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ജില്ലയില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ നാളികേര കൃഷിയുടെ ഭൂവിസ്തൃതിയില്‍ ഇരുപത്തി അയ്യായിരം ഏക്കര്‍ കുറവുവന്നതായി കണക്കുകള്‍ കാണിക്കുന്നു. കേര കൃഷിയില്‍ നിന്നും അനുദിനം കര്‍ഷകര്‍ പലായനം ചെയ്യുകയാണ്. കേരകൃഷിയുടെയും കേര ഉത്പന്നങ്ങളുടെയും വില തകര്‍ച്ച കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരിക്കുന്നു. ഇതിന് പരിഹാരമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേര കൃഷിയെ രക്ഷിക്കാന്‍ വിപുലമായ പദ്ധതികള്‍ ഉണ്ടാവണമെന്ന് ധര്‍ണ്ണയില്‍ സംസാരിച്ച കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

വര്‍ധിച്ചുവരുന്ന ഉത്പാദന ചിലവും വിളവെടുപ്പ് ചെലവും കണക്കാക്കി തേങ്ങയുടെ സംഭരണ വില നാല്‍പത് രൂപയാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മാര്‍ച്ചും ധര്‍ണ്ണയും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി കെ രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി എം ജീവന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ തിരുവലത്ത് സ്വാഗതം പറഞ്ഞു. പി എം സുരേഷ് ബാബു, ബി പി റഷീദ്, ബാബു മൂലയില്‍, ടി കൃഷ്ണന്‍ മാസ്റ്റര്‍, പി ടി അബ്ദുറഹിമാന്‍, എം കെ എം കുട്ടി, കെ പി കൃഷ്ണന്‍ കുട്ടി, പി പ്രദീപ് കുമാര്‍, രാജു തോട്ടുംചിറ തുടങ്ങിയവര്‍ സംസാരിച്ചു. ഒ ടി രാജന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.
മാര്‍ച്ചിന് കെ നാരായണക്കുറുപ്പ്, സത്താര്‍ കൊളക്കാടന്‍, കെ പത്മനാഭന്‍, സന്തോഷ് കക്കട്ട്, പി വി അബ്ദുറഹിമാന്‍, കെ കെ ആലി നേതൃത്വം നല്‍കി.