കേന്ദ്രത്തിന്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷക പ്രക്ഷോഭം ശക്തിപ്പെടുത്തി നോയിഡ‑ഡൽഹി അതിർത്തിയിൽ കർഷകർ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.
കർഷക വിരുദ്ധ നിയമങ്ങൾ കേന്ദ്രം പിൻവലിക്കാതെ വീടുകളിലേക്കില്ലെന്ന് കർഷകർ വ്യക്തമാക്കി.
ഉത്തർപ്രദേശ് ഭാരതീയ കിസാൻ യൂണിയൻ (ലോക്ശക്തി)യിൽ നിന്നുള്ള 15 കർഷകരാണ് ഡൽഹിയിലെ ദലിത് പ്രേരണ സ്ഥലിൽ ശനിയാഴ്ചയോടെ സത്യഗ്രഹ സമരം ആരംഭിച്ചത്. ബികെയു (ഭാനു ഗ്രൂപ്പ്) നിന്നുള്ള 11 കർഷകർ രണ്ടാഴ്ചക്കാലമായി നോയിഡ‑ഡൽഹി അതിർത്തിയിൽ നിരാഹാര സമരത്തിലാണ്.
കർഷകരുമായുള്ള കേന്ദ്രത്തിന്റെ ചർച്ചകൾ പരാജയപ്പെട്ടതോടെ മറ്റ് മാർഗ്ഗങ്ങളില്ലാതായെന്നും ഇതോടെയാണ് നിരാഹാര സമരത്തിലേക്ക് കടന്നതെന്നും ബികെയു-ഭാനു സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് യോഗേഷ് പ്രതാപ് സിങ് പറഞ്ഞു.
വരും ദിനങ്ങളിൽ കൂടുതൽ കർഷകർ സമരങ്ങളിൽ പങ്കുചേരുമെന്നും മരിക്കുക അല്ലെങ്കിൽ വിജയിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കർഷകർ പറഞ്ഞു. രാജ്യവ്യാപമായുള്ള കർഷക സമരങ്ങൾക്ക് ഐക്ദാർഢ്യം പ്രഖ്യാപിക്കുന്നതിനാണ് നിരാഹാര സത്യഗ്രഹം ലക്ഷ്യംവെക്കുന്നതെന്നും കർഷകർ കൂട്ടിച്ചേർത്തു.
ഗൗതംബുദ്ധനഗർ, ബുലന്ദ്ഷെഹർ, ഫിറോസാബാദ്, അലിഗഡ്, കാസ്ഗഞ്ച് എന്നിവിടങ്ങളിലുള്ള കർഷകരും സമരങ്ങളിൽ പങ്കുകൊള്ളുന്നുണ്ടെന്നും സിങ് പറഞ്ഞു. 40 കർഷക സംഘടനകൾ അടങ്ങുന്ന സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമല്ല ബികെയു(ഭാനു), ബികെയു (ലോക്ശക്തി) എന്നീ സംഘടനകൾ. അതേസമയം സംഘടനയുടെ ഭാഗമല്ലാതിരുന്നിട്ടുകൂടിയും കർഷക സംഘടനകളുമായി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് ശ്രദ്ധേയമാണ്.
അതേസമയം, ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് ഹൈവേയിൽ (ഇപിഇ) കർഷക യൂണിയനുകളും നൂറുകണക്കിന് കർഷകരും മഹാമയ ഫ്ലൈഓവറിൽ നിന്ന് അതിർത്തിയിലേക്ക് ചെറിയ ട്രാക്ടർ റാലി നടത്തി. ബികെയു-ഭാനു, ബികെയു-ലോക് ശക്തി എന്നിവയുമായി ബന്ധപ്പെട്ട കർഷകരുടെ നാലുചക്ര വാഹനങ്ങളുള്ള ഇരുപത്തിയഞ്ച് ട്രാക്ടറുകൾ റാലിയിൽ പങ്കെടുത്തു.
റിപ്പബ്ലിക് ദിനത്തിൽ ജനുവരി 26 ന് നൽകിയ “ദില്ലി ചാലോ” റാലിയ്ക്ക് മുന്നോടിയായി “റിഹേഴ്സലായി” ട്രാക്ടർ മാർച്ച് സംഘടിപ്പിച്ചതായി കർഷകർ പറഞ്ഞു. കർഷകർ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ പശ്ചിമ ഉത്തർപ്രദേശിൽ നിന്നുള്ളവർ ഉടൻ തന്നെ നരേന്ദ്ര മോഡി സർക്കാരിനെതിരെ നിരാഹാര സമരം ആരംഭിക്കുമെന്ന് കർഷകര്‍ പറഞ്ഞു. ഗ്രാമങ്ങളിലെ പാവപ്പെട്ട കർഷകരെ ഉത്തർപ്രദേശ് പൊലീസ് ഉപദ്രവിക്കുകയാണെന്നും കർഷകരുടെ പ്രതിഷേധം അട്ടിമറിക്കാൻ എല്ലാ അടിച്ചമർത്തൽ നടപടികളും ഉപയോഗിക്കുന്നുണ്ടെന്നും കർഷക സംഘടനകള്‍ ആരോപിച്ചു.
ഈ സമരം ആരംഭിച്ചപ്പോൾ, അത്ര വലുതാകുമെന്ന് ആരും കരുതിക്കാണില്ല. പീഡിപ്പിച്ചോ ട്രാക്ടറുകൾ പിടിച്ചെടുത്തോ നോട്ടീസ് അയച്ചോ കർഷകരെ തിരിച്ചയക്കാമെന്ന് യോഗി സർക്കാർ കരുതുന്നുവെങ്കിൽ, അവർക്ക് തെറ്റിയെന്നും കർഷകര്‍ പറഞ്ഞു.
English Summary : Farmers start hunger strike
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.