Web Desk

കാസര്‍കോട്

December 24, 2020, 6:33 pm

അനിശ്ചിതകാല കര്‍ഷക സമരം തുടരുന്നു

Janayugom Online

കരിനിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരം കരുത്താര്‍ജ്ജിക്കുന്നു: അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്‌ പിന്തുണയുമായി സംയുക്ത കര്‍ഷകസമര സമിതി നേതൃത്വത്തില്‍ ആരംഭിച്ച സത്യാഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്‌ കടന്നു. രണ്ടാം ദിവസത്തിലെ സത്യഗ്രഹം സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്‌ഘാടനം ചെയ്‌തു.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ തൊഴിലാളി ദ്രോഹനടപടിക്കെതിരെ രാജ്യത്ത്‌ കര്‍ഷകരുടെയും തൊഴിലാളികളുടെയും വലിയ മുന്നേറ്റമാണ്‌ നടക്കുന്നതെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തില്‍ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു. കരിനിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരം ഓരോ ദിവസം കഴിയും തോറും കരുത്താര്‍ജ്ജിക്കുകയാണ്‌. സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ കര്‍ഷക മുന്നേറ്റത്തിനാണ്‌ ഡല്‍ഹി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്‌. കര്‍ഷകക്കെതിരെ കൊണ്ടു വന്നിട്ടുള്ള കരിനിയമങ്ങള്‍ രാജ്യത്തിന്റെ നട്ടെല്ല്‌ തകര്‍ക്കുന്ന നിയമങ്ങളാണ്‌. നിയമത്തിലൂടെ കര്‍ഷകരുടെയോ കര്‍ഷകത്തൊഴിലാളികളുടേയോ താല്‌പര്യങ്ങളും അഭിലാഷങ്ങളുമല്ല കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടത്‌. നൂറുകണക്കിന്‌ ഭക്ഷ്യസംസ്‌കരണ പ്രോജക്ടുകള്‍ ആവിഷ്‌ക്കരിച്ച അംബാനിമാരുടേയും അദാനിമാരുടേയും താല്‌പര്യങ്ങളാണെന്നും സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കൃഷിയിടങ്ങളെ കുത്തക മുതലാളിമാര്‍ കൈയ്യടക്കും. എന്ത്‌ കൃഷി ചെയ്യണം, ഏത്‌ വിളയിറക്കണം എന്നെല്ലാം അവര്‍ നിശ്ചയിക്കും കമ്പോളങ്ങളെ, വിപണികളെ അവര്‍ നിയന്ത്രിക്കും. കാര്‍ഷിക വിളകളുടെ താങ്ങുവിലയും അപ്രത്യക്ഷമാവും. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും വന്‍തോതില്‍ വളരുകയും വിലക്കയറ്റം ത്വരിതപ്പെടുകയും ചെയ്യും. കര്‍ഷകരോടൊപ്പം സാധാരണ ജനങ്ങളെയും വലിയ വിഷമത്തിലാക്കുന്ന നിയമമെന്നും അദ്ദേഹം പറഞ്ഞു. കുലേരി രാഘവന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. സി എച്ച്‌ കുഞ്ഞമ്പു, എം അസിനാര്‍, ബി പി അഗ്ഗിത്തായ തുടങ്ങിയവര്‍ സംബന്ധിച്ചു.