Web Desk

ന്യൂഡൽഹി

December 23, 2020, 8:31 am

കർഷക സമരം: ബിജെപിയുടെ പോസ്റ്റർ യുവാവ് അതിർത്തിയിലെ പ്രക്ഷോഭത്തിൽ

*ബിജെപി ചിത്രം ഉപയോഗിച്ചത് അനുവാദമില്ലാതെയെന്ന് യുവാവ്
Janayugom Online

കർഷക സമരത്തെ എതിർക്കാൻ സോഷ്യൽ മീഡിയകളിൽ ബിജെപി ഉപയോഗിച്ച പോസ്റ്ററുകളിലെ യുവാവ് കർഷക സമരത്തിന് പിന്തുണയുമായി സിംഘു അതിർത്തിയിൽ.
കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണകരമാണെന്ന രീതിയിൽ മൺവെട്ടിയേന്തി നിൽക്കുന്ന ഹർപ്രീത് സിങ്ങിന്റെ ചിത്രത്തോടൊപ്പമുള്ള പോസ്റ്ററുകൾ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ബിജെപി അനുകൂലികൾ പ്രചരിപ്പിക്കുന്നുണ്ട്. ബിജെപി പഞ്ചാബ് ഘടകത്തിന്റെ പേജിലാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. ഇതിനിടെയാണ് സാക്ഷാൽ ഹർപ്രീത് സിങ്ങിനെ സിംഘു അതിർത്തിയിലെ സമരത്തിൽ മാധ്യമപ്രവർത്തകർ കണ്ടെത്തിയത്.

ഹോഷിയാർപൂർ ജില്ലയിലെ നന്ദലോൺ സ്വദേശിയാണ് ഹർപ്രീത് സിങ്. പൂനെ ഐഐടിയിൽ നിന്ന് സോഫ്‌റ്റ്‌വേർ എൻജിനീയറിങിൽ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്. തന്റെ കുടുംബത്തിന് രണ്ടേക്കർ സ്ഥലമാണുള്ളതെന്നും പുതിയ കർഷക നിയമങ്ങളിൽ ഒരു ചെറുകിട കർഷകന്റെ വേദന തനിക്ക് മനസിലാക്കാൻ കഴിയുമെന്നും സിങ് പറഞ്ഞു. സമരം ചെയ്യുന്ന കർഷകരെ തീവ്രവാദികളായി മുദ്രകുത്താനുള്ള നീക്കങ്ങൾ തനിക്ക് ഏറെ ആഘാതമുണ്ടാക്കിയെന്നും സിങ് പറഞ്ഞു.
ബിജെപിയുടെ പോസ്റ്ററുകളിൽ തന്റെ ചിത്രം ഉപയോഗിച്ചത് അനുവാദമില്ലാതെയാണെന്ന് സിങ് ദ ട്രിബ്യൂണിനോട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ നിന്നും തന്റെ ചിത്രമെടുത്ത് ഉപയോഗിച്ചുവെന്നാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവം വിവാദമായതോടെ ബിജെപി സംസ്ഥാന ഘടകത്തിന്റെ പേജ് പോസ്റ്റർ പിൻവലിച്ചു. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ബിജെപി വക്താവ് ജനാർദ്ദൻ ശർമ്മ പറഞ്ഞു.

Eng­lish Sum­ma­ry : Farm­ers’ strike: BJP poster in youth agi­ta­tion at the border

You May Also Like This Video