Web Desk

ചണ്ഡിഗഢ്

October 13, 2020, 10:07 pm

കർഷക സമരം ബിജെപി നേതാക്കളുടെ വസതികൾക്കു മുന്നിലേക്ക് മാറ്റുന്നു

Janayugom Online

അടുത്തിടെ കേന്ദ്ര സർക്കാർ പാസാക്കിയ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങൾ ചൂടുപിടിക്കുമ്പോൾ സമരമുറമാറ്റി പഞ്ചാബിലെ കർഷകർ. ട്രെയിനുകൾ തടഞ്ഞുകൊണ്ടുള്ള ‘റയിൽ റോഖോ’ സമരത്തിനു പുറമെ സംസ്ഥാനത്ത ബിജെപി നേതാക്കളുടെ വീടുകൾക്ക് പുറത്ത് കുത്തിയിരിപ്പ് സമരം നടത്താനാണ് കർഷകരുടെ പുതിയ തീരുമാനം.

ഭേദഗതി ചെയ്ത പുതിയ കർഷക നിയമങ്ങൾക്കെതിരെ ഗ്രാമസഭകളിൽ പ്രമേയം പാസാക്കാൻ കർഷക സംഘടനകൾ ഗ്രാമപഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കാൻ 31 കർഷക സംഘടനകളാണ് കൈകോർത്ത് രംഗത്തു വന്നിട്ടുള്ളത്.

വരും ദിവസങ്ങളിലെ പഞ്ചാബിലെ ബിജെപി നേതാക്കളുടെ വസതികൾക്കു മുന്നിൽ കർഷകർ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹാൻ) ജനറൽ സെക്രട്ടറി സുഖ്ദേവ് സിങ് കോക്രികലാൻ അറിയിച്ചു. ബികെയുവിന്റെ നേതൃത്വത്തിൽ പട്യാല, സുനം, ബുധ്ലാട, ഗിധട്ബാഹ എന്നിവിടങ്ങളിൽ അനിശ്ചിതകാല ട്രെയിൻ തടയൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിൽ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ റയിൽ റോഖോ സമരം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 24ന് കിസാൻ മസ്ദൂർ സൻഗ്രഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച റയിൽ റോഖോ സമരം ഇപ്പോഴും തുടരുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിങ് മാളുകളുടെയും പെട്രോൾ പമ്പുകളുടെയും പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോർപ്പറേറ്റുകളുടെ ഉല്പന്നങ്ങൾ ബഹിഷ്കരിക്കാൻ കർഷകർക്ക് നിർദ്ദേശം നൽകിയതായും കോക്രികലാൻ പറഞ്ഞു.

ബിജെപി പ്രസിഡന്റിന്റെ കാർ അടിച്ചു തകർത്തു

ചണ്ഡിഗഢ്: തിങ്കളാഴ്ച ഹോഷിയർപുരിൽ നടന്ന കർഷക സമരത്തിനിടെ ഒരുകൂട്ടം കർഷകർ പ‍ഞ്ചാബ് ബിജെപി പ്രസിഡന്റ് അശ്വനി ശർമ്മയുടെ കാർ അടിച്ചു തകർത്തു. ഹോഷിയർപുർ ജില്ലയിലെ ചോലാങ്ക് ടോൾ പ്ലാസയിലാണ് സംഭവം നടന്നത്. ജലന്ധറിൽ നിന്ന് പത്താൻകോട്ടിലേക്ക് പോകുകയായിരുന്ന ശർമ്മയുടെ കാർ ചോലാങ്ക് ടോൾ പ്ലാസയിൽ വച്ച് കർഷകർ തടയുകയും അടിച്ചു തകർക്കുകയുമായിരുന്നു.