Web Desk

കാസര്‍കോട്

December 26, 2020, 6:08 pm

അനിശ്ചിതകാല കര്‍ഷക സമരം തുടരുന്നു

Janayugom Online

കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്‌ പിന്തുണയുമായി സംയുക്ത കര്‍ഷകസമര സമിതി നേതൃത്വത്തില്‍ ആരംഭിച്ച സത്യാഗ്രഹ സമരം അഞ്ചാം ദിവസത്തിലേക്ക്‌ കടന്നു. നാലാം ദിവസത്തെ സമരം കര്‍ഷക സംഘം നേതാവ്‌ കെ ആര്‍ ജയാനന്ദ ഉദ്‌ഘാടനം ചെയ്‌തു. കിസാന്‍സഭ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ കെ വി ജനാര്‍ദ്ധന്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ പ്രസിഡണ്ട്‌ ടി. കൃഷ്‌ണന്‍, മഹിളാ അസോസിയേഷന്‍ നേതാവ്‌ എം സുമതി, സിഐടിയു ജില്ലാ സെക്രട്ടറി ടി കെ രാജന്‍, കിസാന്‍സഭ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ അഡ്വ. വി സുരേഷ്‌ ബാബു എന്നിവര്‍ സംസാരിച്ചു. സമരത്തെ അഭിവാദ്യം ചെയ്യാന്‍ സിപിഐദേശീയ കൗണ്‍സിലംഗവും റവന്യൂ വകുപ്പ്‌ മന്ത്രിയുമായ ഇ ചന്ദ്രശേഖരനും ഉച്ചയോടെ എത്തിയത്‌ കര്‍ഷകര്‍ക്ക്‌ ആവേശം നല്‍കി. സിപിഐജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മഹിളാസംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവി, എഐവൈഎഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ അനിതാരാജ്‌ എന്നിവരും സമര പന്തലിലെത്തി.

കര്‍ഷക പ്രക്ഷോഭത്തിന്‌ പിന്തുണയുമായി സംയുക്ത കര്‍ഷകസമര സമിതി നേതൃത്വത്തില്‍ കാസര്‍കോട്‌ നടക്കുന്നസത്യാഗ്രഹത്തെ എഐടിയുസി ജില്ലാ പ്രസിഡണ്ട്‌ ടി കൃഷ്‌ണന്‍ അഭിവാദ്യം ചെയ്യുന്നു

കര്‍ഷക സമരം വിജയിക്കേണ്ടത്‌ ജനങ്ങളുടെ ആവശ്യം: മന്ത്രി ഇ ചന്ദ്രശേഖരന്‍
കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യത്ത്‌ നടക്കുന്ന സമരം വിജയിക്കേണ്ടത്‌ നാടിന്റെ അനിവാര്യമാണെന്ന്‌ സിപിഐ ദേശീയ കൗണ്‍സിലംഗവും റവന്യു മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട്‌ പുതിയ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ കര്‍ഷക സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യാഗ്രഹ സമര പന്തല്‍ സന്ദര്‍ശിച്ച്‌ അഭിവാദ്യം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഡിസര്‍ക്കാര്‍ കര്‍ഷകരുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാക്കുന്ന നിയമങ്ങളാണ്‌ നടപ്പിലാക്കുന്നത്‌. പാര്‍ലമെന്റില്‍ മതിയായ ചര്‍ച്ചയില്ലാതെ കോ വിഡ്‌ മറവില്‍ കൊണ്ടുവന്ന നിയമം തങ്ങള്‍ക്കെതിരാണെന്ന്‌ കര്‍ഷക സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ അലകളാണ്‌ രാജ്യത്തെമ്പാടും ഉയര്‍ന്നു വരുന്നത്‌. ഇത്രയും വിലയ കര്‍ഷക പ്രക്ഷോഭത്തിന്‌ രാജ്യം സാക്ഷ്യം വഹിക്കുന്നതും അതുകൊണ്ടാണ്‌. രാജ്യത്തിന്റെ ഭക്ഷ്യപരമാധികാരം കുത്തക ഭീമന്മാര്‍ക്ക്‌ മുന്നില്‍ അടിയറവയ്‌ക്കുന്നതോടെ ലോകത്തിന്‌ തന്നെ മാതൃകയായ നമ്മുടെ ഭക്ഷ്യ പൊതുവിതരണ സംവിധാനം അട്ടിമറിക്കപ്പെടും. ഇത്‌ കേരളത്തിന്റെ റേഷന്‍ സമ്പ്രദായത്തെ തകര്‍ക്കും. കോര്‍പ്പറേറ്റുകള്‍ക്ക്‌ സഹായകമായ വിധത്തില്‍ കരാര്‍ കൃഷി പ്രോത്സാഹിപ്പിക്കുക, നിലവിലുള്ള എപിഎംസി മാര്‍ക്കറ്റുകള്‍ക്ക്‌ ബദലായി കര്‍ഷകര്‍ക്ക്‌ എവിടെയും ഉല്‌പന്നങ്ങള്‍ വില്‍ക്കാനെന്ന പേരില്‍ സ്വകാര്യ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുക, പൂഴ്‌ത്തിവെപ്പും കരിഞ്ചന്തയും പ്രോത്സാഹിപ്പിക്കുക എന്നിവയാണ്‌ ഈ നിയമങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഇത്‌ ഏറെ പ്രതികൂലമായി ബാധിക്കും എന്ന്‌ മന്ത്രി അഭിപ്രായപ്പെട്ടു.

കര്‍ഷക പ്രക്ഷോഭത്തിന്‌ പിന്തുണയുമായി സംയുക്ത കര്‍ഷകസമര സമിതി നേതൃത്വത്തില്‍ കാസര്‍കോട്‌ നടക്കുന്നസത്യാഗ്രഹത്തെ മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിവാദ്യം ചെയ്‌ത്‌ സംസാരിക്കുന്നു