കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ തുടരവെ കർഷകരുമായി തുറന്ന ചർച്ചയ്ക്കൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്രത്തിന്റെ മൂന്ന് കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ഈ മാസം അവസാനം കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന സമരത്തിന് മുന്നോടിയായി ചർച്ച നടത്താനാണ് തീരുമാനം.
കർഷക താല്പര്യങ്ങൾ പരിഗണിച്ചാണ് നിയമങ്ങൾ പാസാക്കിയതെന്നും നിലവിലുള്ള ആശങ്കകൾ പരിഹരിക്കാൻ തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ, ഭക്ഷ്യ മന്ത്രി പിയുഷ് ഗോയൽ എന്നിവർ അറിയിച്ചു. നിയമങ്ങളുടെ പേരിൽ പഞ്ചാബ് സർക്കാർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഇവർ പറഞ്ഞു.
പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കാർഷിക ബില്ലുകൾക്കെതിരായ സമരം തുടരുകയാണ്. സമരം ഏറ്റവും ശക്തമായ പഞ്ചാബിൽ ട്രെയിൻ തടയൽ അടക്കമുള്ള സമരമുറകളാണ് തുടരുന്നത്. കഴിഞ്ഞദിവസം 18 സംസ്ഥാനങ്ങളിൽ റോഡ് ഗതാഗതം ഉപരോധിച്ചുകൊണ്ട് സമരങ്ങൾ അരങ്ങേറിയിരുന്നു. ഈ മാസം 26, 27 തീയതികളിൽ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ചർച്ചകൾക്ക് കേന്ദ്രസർക്കാർ സന്നദ്ധമായിരിക്കുന്നത്.
English summary; Farmers’ strike; The Central Government is ready for discussion
you may also like this video;