റെജി കുര്യന്‍

ന്യൂഡല്‍ഹി

January 07, 2021, 8:26 am

സമരം ശക്തമാക്കി കര്‍ഷകര്‍: ഇന്ന് ട്രാക്ടര്‍ റാലി

Janayugom Online

കേന്ദ്ര സർക്കാരിന്റെ കാർഷിക കരിനിയമങ്ങൾക്കെതിരെ കഴിഞ്ഞ വർഷം നവംബർ 26 ന് ആരംഭിച്ച സമരം കടുപ്പിച്ച് കര്‍ഷക പ്രക്ഷോഭകര്‍. പ്രതികൂലമായ കാലാവസ്ഥ അവഗണിച്ചും ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ ഇന്ന് കർഷകർ ട്രാക്ടര്‍ റാലി നടത്തും. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ നിലയുറപ്പിച്ചിരിക്കുന്ന സിംഘു, ടിക്രി, ഗാസിപൂര്‍ മേഖലകളിലാണ് കര്‍ഷകര്‍ ഇന്ന് ട്രാക്ടര്‍ റാലികള്‍ സംഘടിപ്പിക്കുന്നത്. ഇതോടെ രാജ്യ തലസ്ഥാന മേഖലയിലെ ഗതാഗതം ഏതാണ്ട് മുഴുവനായും നിശ്ചലമാകും.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള പോക്കറ്റ് റോഡുകളും ഉപരോധത്തിന്റെ പരിധിയിലേക്ക് ഉള്‍പ്പെടുത്താനും അവിടെ കര്‍ഷക വിന്യാസം ആരംഭിക്കാനുമാണ് സമരക്കാരുടെ നീക്കം. ഇതിന്റെ ഭാഗമായി ജയ്പൂര്‍ ഹൈവേയിലുള്ള കര്‍ഷകര്‍ ഇന്ന് ട്രാക്ടര്‍ റാലിയുടെ ഭാഗമായി ഡല്‍ഹിലേക്ക് അടുക്കും.
കര്‍ഷക പ്രതിരോധം തുടരുമ്പോഴും ഡല്‍ഹിയിലെ സാമാന്യ ജനജീവിതം ഇടവഴികളിലൂടെയാണ് മുന്നോട്ടു പോയത്. എന്നാല്‍ ഇടറോഡുകളും കര്‍ഷകര്‍ ഉപരോധിച്ചാല്‍ ഡല്‍ഹി നിശ്ചലമാകും. അവശ്യ സാധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വരവ് കര്‍ഷകര്‍ പ്രതിരോധിച്ചാല്‍ രാജ്യ തലസ്ഥാനം സ്തംഭിക്കും. അവശ്യ സാധനവില പ്രതിദിനം കുതിച്ച് ഉയരുകയാണ്.

ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി; 11ന് വാദം കേള്‍ക്കും

കര്‍ഷക സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. പുതിയ കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ളതും നിലവിലെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടതുമായ എല്ലാ ഹര്‍ജികളും ജനുവരി 11ന് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥയിൽ യാതൊരു പുരോഗതിയുമില്ലെന്നും കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ജനുവരി 11 ന് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം തുടങ്ങിയവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
പുതിയ കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തുകൊണ്ട് അഭിഭാഷകനായ എം എല്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. 

കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്യുന്നതും കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങള്‍ ജനുവരി എട്ടിന് പരിഗണിക്കാന്‍ ബെഞ്ച് തയ്യാറായിരുന്നു. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും ഇതിനെ എതിര്‍ത്തു. കര്‍ഷകരും സര്‍ക്കാരും തമ്മില്‍ സമീപഭാവിയില്‍ ഏതെങ്കിലും തീരുമാനത്തില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ചയാണ് സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള അടുത്ത ചര്‍ച്ച.

ENGLISH SUMMARY:Farmers strike Trac­tor ral­ly today
You may also like this video