Web Desk

ന്യൂഡല്‍ഹി

December 31, 2020, 9:06 pm

കർഷകമുന്നേറ്റം; തടുക്കാനാകാതെ കേന്ദ്രം

Janayugom Online

രാജ്യ തലസ്ഥാനത്ത് 36 ദിവസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭം അതിശക്തമാകുന്നു. രാജസ്ഥാനില്‍ നിന്നുളളകര്‍ഷകര്‍ ബാരിക്കേഡുകൾ തകർത്ത് ഡല്‍ഹിയിലേക്ക് യാത്ര തുടങ്ങി. 18 ദിവസമായി ഡല്‍ഹി-ജയ്‌പൂര്‍ ദേശീയ പാതയില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷക സംഘമാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. രാജസ്ഥാനിലെ ഷാജഹാന്‍പൂര്‍-ഖേര അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ കര്‍ഷകര്‍ ട്രാക്ടറുകൾ ഉപയോഗിച്ച് വലിച്ചുനീക്കുകയായിരുന്നു. കര്‍ഷകരെ തടയുന്നതിനായി പൊലീസ് ആദ്യം ജലപീരങ്കിയും പിന്നീട് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

നൂറോളം കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കിയുള്ള നീക്കം ആരംഭിച്ചതോടെ ദേശീയപാതയില്‍ ഗതാഗതതടസവും രൂപപ്പെട്ടു.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് ദേശിയ പാതയില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളും മറ്റും നീക്കം ചെയ്ത് ഒരു ഡസനേളം ട്രാക്ടറുകളിലായി കർഷകർ ‍ഡല്‍ഹിയിലേക്ക് തിരിച്ചത്. പൊലീസിന്റെ കണ്ണീര്‍ വാതക പ്രയോഗത്തില്‍ രണ്ട് കര്‍ഷകര്‍ക്ക് പരിക്കേറ്റു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് സംഘത്തിലുള്ളത്.
അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ ബുദ്‌ല ഗ്രാമത്തിലെ രെവാരി പൊലീസ് സ്റ്റേഷന് സമീപവും കര്‍ഷകരെ തടഞ്ഞു. ഇവിടെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം കര്‍ഷകര്‍ തമ്പടിച്ചിട്ടുണ്ട്.

പ്രശ്ന പരിഹാരത്തിനായി കേന്ദ്രവും കര്‍ഷകരും തമ്മില്‍ നടത്തിയ ആറാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ മിക്ക ഡല്‍ഹി അതിര്‍ത്തികളും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. കര്‍ഷകരുടെ ശ്രമങ്ങളെ ചെറുക്കാന്‍ വലിയ പൊലീസ് വിന്യാസവും ഇവിടങ്ങളില്‍ നടത്തിയിട്ടുണ്ട്. അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കും വരെ പുതുവത്സരം ആഘോഷിക്കില്ലെന്ന് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ പറഞ്ഞു.

Eng­lish sum­ma­ry; farm­ers strike updation

You may also like this video;