Web Desk

 ന്യൂഡല്‍ഹി:

January 09, 2021, 10:55 pm

കര്‍ഷക സമരം : സുപ്രീം കോടതി നിലപാട് നിര്‍ണ്ണായകം

Janayugom Online

കര്‍ഷക സമരത്തിൽ സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും. കര്‍ഷക സമരവുമായി ബന്ധപ്പെട്ട കേസുകള്‍ തിങ്കളാഴ്ചയാണ് സുപ്രീം കോടതി പരിഗണനയ്‌ക്കെടുക്കുക. കര്‍ഷക സമരം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും കര്‍ഷക പ്രക്ഷോഭകരും തമ്മില്‍ എട്ടുവട്ടം നടന്ന ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇനിയെന്ത് എന്നതറിയാന്‍ എല്ലാവരുടെയും ശ്രദ്ധ സുപ്രീം കോടതിയിലേക്ക് തിരിയുന്നത്. നിയമങ്ങള്‍ പിന്‍വലിക്കാനാകില്ല, പകരം ഭേദഗതികള്‍ക്ക് സന്നദ്ധമെന്ന സൂചന സര്‍ക്കാര്‍ നല്‍കുമ്പോള്‍ നിയമങ്ങള്‍ പിന്‍വലിക്കുക എന്നതില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് കര്‍ഷകരുടെ നിലപാട്. രണ്ടു തവണയാണ് കർഷക സമരവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. ആദ്യ തവണ കര്‍ഷകര്‍ക്ക് സമാധാനപരമായി സമരം ചെയ്യാന്‍ അവകാശമുണ്ടെന്ന് കോടതി പരാമര്‍ശിച്ചു.

രണ്ടാം തവണ കേസ് പരിഗണനയ്ക്ക് എത്തിയപ്പോള്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു. തര്‍ക്ക പരിഹാരത്തിനായി സമിതി രൂപീകരണം, തല്‍ക്കാലത്തേക്ക് നിയമം മരവിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമിതിയെന്ന നിര്‍ദ്ദേശം കര്‍ഷകര്‍ക്കു മുന്നില്‍ വയ്ക്കുന്നുണ്ടെങ്കിലും അത് അംഗീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറല്ല. തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടും കോടതിയുടെ പ്രതികരണവുമാണ് രാജ്യം ഉറ്റുനോക്കുന്നത്.

ENGLISH SUMMARY: Farm­ers’ Strug­gle: The posi­tion of the Supreme Court is crucial

YOU MAY ALSO LIKE THIS VIDEO