ന്യൂഡല്‍ഹി

റെജി കുര്യന്‍

December 23, 2020, 10:49 pm

കർഷകസമരം: ദിനംപ്രതി പുതിയതായി എത്തുന്നത് ആയിരങ്ങൾ

Janayugom Online

പതിനായിരങ്ങൾ ഉറച്ചുനില്ക്കുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ദിനംപ്രതി പുതിയതായി എത്തുന്നത് ആയിരങ്ങൾ. സിംഘു, ടിക്രി, ഗാസിയാബാദ് തുടങ്ങിയ ഡല്‍ഹി അതിര്‍ത്തികളില്‍ കിലോ മീറ്ററുകളോളം കര്‍ഷക പ്രക്ഷോഭകാരികളെകൊണ്ടു നിറഞ്ഞിരിക്കുന്നു. തലസ്ഥാന നഗരിയിലേക്കുള്ള പല ദേശീയ പാതകളും കര്‍ഷകര്‍ കയ്യടക്കിയിരിക്കുകയാണ്. ദേശീയ പാതകളിലും കര്‍ഷക പ്രക്ഷോഭകാരികളെ കൊണ്ടു നിറഞ്ഞിരിക്കുകയാണ്.

സമാധാനപരമായ പോരാട്ടം നിലവിലെ ഉപരോധത്തില്‍ നിന്നും വഴിമാറിയാല്‍ അതിനെ തളയ്ക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന് അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍. കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുംവരെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാട് കര്‍ഷകര്‍ ആവര്‍ത്തിച്ചു. കര്‍ഷകരെ നിയന്ത്രിക്കുകയെന്നത് അപ്രായോഗികമാണെന്ന് പൊലീസ് തന്നെ വ്യക്തമാക്കിയിരുന്നു. കര്‍ഷക സമരം മറ്റ് രീതിയിലേക്കു പരിണമിച്ചാല്‍ അത് തടയാന്‍ സര്‍ക്കാരിന്റെ സുരക്ഷാ സംവിധാനങ്ങള്‍ മതിയാകില്ലെന്ന മുന്നറിയിപ്പാണ് പൊലീസ് അധികാരികള്‍ സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ഇന്നലെ എഐടിയുസി നടത്തിയ ഉച്ചഭക്ഷണം ഉപേക്ഷിക്കൽ സമരത്തിൽ വൻപങ്കാളിത്തമുണ്ടായി. യുടിയുസി ഉൾപ്പെടെയുള്ള സംഘടനകൾ എഐടിയുസിയുടെ ഐക്യദാർഢ്യത്തിൽ പങ്കെടുത്തു. എല്ലാ സംസ്ഥാനങ്ങളിലും ഐക്യദാർഢ്യം വൻ വിജയമായിരുന്നുവെന്ന് ജനറൽ സെക്രട്ടറി അമർജിത് കൗർ പറഞ്ഞു. കേരളത്തിൽ ആയിരക്കണക്കിന് തൊഴിലാളികളും ജീവനക്കാരും പങ്കെടുത്തു.

Eng­lish Sum­ma­ry: Farm­ers’ Strug­gle: Thou­sands of new arrivals every day

You may like this video also