Saturday
23 Feb 2019

തുടര്‍ക്കഥയാവുന്ന കര്‍ഷക ആത്മഹത്യകള്‍

By: Web Desk | Friday 10 August 2018 10:07 PM IST


p a vasudevan

കുടിയിറക്കുഭീഷണിയില്‍ വയനാട് ജില്ലയില്‍ മാത്രം 8000 കര്‍ഷകര്‍ കഴിയുന്നു എന്ന വാര്‍ത്ത എന്തുകൊണ്ടാണ് വേണ്ടത്ര പൊതുചര്‍ച്ചയില്‍ വരാതിരുന്നതെന്നറിയില്ല. ഇതില്‍ തന്നെ നോട്ടീസ്, ബാങ്കുകളില്‍ നിന്നുകിട്ടിയ നാല് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. തിരിച്ചടവില്‍ മൂന്ന് ഗഡു വീഴ്ച വരുത്തിയാല്‍ ഈടായി നല്‍കിയ ബാങ്കിനു പിടിച്ചെടുക്കാമെന്ന് സര്‍ഫാസി നിയമം പറയുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ബാങ്കുകള്‍ കര്‍ഷകര്‍ക്കുമേല്‍ പിടിമുറുക്കിയിരിക്കുന്നു. ഒരു ഗതിയുമില്ലാതെ വയനാടിന്‍റെ പല സ്ഥലങ്ങളിലായി നാലുപേര്‍ ജീവനൊടുക്കി.

സര്‍ഫാസി 2002 മുതലാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. കടം തിരിച്ചുകിട്ടാന്‍ വരുന്ന കാലതാമസം ഒഴിവാക്കാന്‍ ബാങ്കുകള്‍ക്ക് നേരിട്ട് തിരിച്ചടവ് നടപടികളുമായി മുന്നോട്ടുപോകാന്‍ അധികാരം നല്‍കുന്ന നിയമമാണിത്- ‘സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റികണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്‌സ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്റെറസ്റ്റ് ആക്ട്’ എന്നാണ് സര്‍ഫാസിയുടെ വിസ്തൃത രൂപം. ‘സര്‍ഫാസി’യിലെ കൃഷിഭൂമി ജപ്തി ചെയ്യരുതെന്ന നിയമം മിക്ക ബാങ്കുകളും അവഗണിക്കുകയാണ് ചെയ്യുന്നത്. തിരിച്ചടയ്‌ക്കേണ്ട തുക വായ്പയുടെ 20 ശതമാനമാണെങ്കിലും ഈ നിയമം ബാധകമല്ല. തിരിച്ചടയ്ക്കല്‍ നോട്ടീസിനെതിരെ പരാതി നല്‍കാന്‍ എറണാകുളത്തെ ഡറ്റ് റിക്കവറി ട്രിബ്യൂണലില്‍ (ഡിആര്‍ടി) തന്നെ പോകണമെന്നത് സാധാരണ കര്‍ഷകര്‍ക്ക് നീതിനിഷേധത്തിന് തുല്യവുമാണ്. ചുരുക്കത്തില്‍ ഈ നിയമത്തിന്റെ ബാങ്കിനനുകൂലമായ വശങ്ങള്‍ മാത്രമാണ് നടപ്പിലാക്കപ്പെടുന്നത്. പണമില്ലാത്തവന് പിണമാവുക എന്ന ഒറ്റമാര്‍ഗം മാത്രം ബാക്കി.
ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കാര്‍ഷികവിളനാശം, വെള്ളപൊക്കം, കടഭാരം തുടങ്ങി ഒരുപാട് ദുരിതങ്ങള്‍ കര്‍ഷകനെയും കാര്‍ഷികമേഖലയെയും ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. കഴിഞ്ഞ കുറേ ലക്കങ്ങളിലായി ഇതേ പത്രത്തില്‍ തന്നെ അതേക്കുറിച്ചൊക്കെ എഴുതുന്നുണ്ടെങ്കില്‍ കൂടുതല്‍ സുഹൃത്തും ഏകോപിപ്പിച്ചതുമായ പരിഹാരങ്ങള്‍ കൂടിയേതീരൂ. അതിനുപുറമെ കൃഷിയെ പൊതുവായി നാശത്തിലെത്തിച്ച പ്രധാനഘടകങ്ങള്‍ തിരിച്ചറിഞ്ഞ് സമഗ്രമായ പരിഹാരങ്ങള്‍ തേടണം. ഇത് കൃഷിവകുപ്പിന് മാത്രം കൈകാര്യം ചെയ്യാവുന്നതല്ല. ധന, റവന്യൂ, ജലസേചന വകുപ്പുകളുടെയും കൂട്ടായ പരിഹാരാനേ്വഷണം ആവശ്യമാണ്. കൂട്ടത്തില്‍ ശരിക്കും ഇന്ത്യന്‍ കാര്‍ഷികരംഗത്തെ പ്രശ്‌നമെന്താണെന്ന സമഗ്രാനേ്വഷണവും.
കാര്‍ഷികോല്‍പാദനത്തില്‍ മാത്രം ശ്രദ്ധിക്കുന്ന സര്‍ക്കാര്‍ കര്‍ഷകന്‍റെ ക്ഷേമത്തെ കണക്കിലെടുത്തേയില്ല. കൂടുതല്‍ ഉല്‍പാദനവും വില്‍പനയും മാത്രമായാല്‍ അതില്‍നിന്നുള്ള വരുമാനം വന്‍ കര്‍ഷകരില്‍ മാത്രമാണ് ഒതുങ്ങുന്നത്. കര്‍ഷക തൊഴിലാളികള്‍ കൂടി ഉള്‍പ്പെട്ട വലിയൊരു ജനസംഖ്യ കൃഷിയെ ആശ്രയിച്ചു കഴിയുന്നുണ്ട്. അവര്‍ക്കൊക്കെയും എത്തുന്നതരത്തിലുള്ള കാര്‍ഷികവികസനമാണാവശ്യം. ‘കാര്‍ഷിക-കര്‍ഷക ക്ഷേമ’ മന്ത്രാലയം എന്നു കേന്ദ്രം പേരുമാറ്റിയതുകൊണ്ടുമാത്രം തീരുന്നതല്ല പ്രശ്‌നം. കാര്‍ഷികമേഖല, സ്വാതന്ത്ര്യാനന്തര ഘട്ടത്തില്‍, വന്‍തോതിലുള്ള വൈവിദ്ധീകരണത്തിനു വിധേയമായിരുന്നു എന്നത് അംഗീകരിക്കുന്നു. ഈയടുത്തു നടന്ന ചില പഠനങ്ങള്‍ ഇതൊക്കെ പശ്ചാത്തലത്തില്‍ വച്ചു കൊണ്ടുതന്നെ സൂക്ഷ്മതലത്തില്‍ കര്‍ഷകരുടെ കുടുംബതലത്തില്‍ വമ്പിച്ച വരുമാനക്കുറവും ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വൈരുധ്യവുമുണ്ടെന്നും അതുകാരണം സ്ഥൂലതല വികസനം നടന്നിട്ടും വലിയൊരു വിഭാഗം കര്‍ഷകരും ദുരിതത്തിലാണെന്നും പഠിച്ച് സമര്‍ഥിക്കുന്നുണ്ട്.

കടം എഴുതിത്തള്ളിയതുകൊണ്ടുമാത്രമായില്ല. ഇന്നത്തെ ജീവിതാവസ്ഥയില്‍ കര്‍ഷകകുടുംബങ്ങള്‍ ജീവിച്ച് ജീവിച്ച് വീണ്ടും കടക്കാരാവും. ആവാതെ വയ്യ. അതിന്റെ ഒടുക്കം ആത്മഹത്യകള്‍ തന്നെ. വി എം ദണ്ഡേകര്‍ കാര്‍ഷികരംഗത്തെ സമഗ്ര പ്രശ്‌നങ്ങളെക്കുറിച്ച് രണ്ടര പതിറ്റാണ്ടുമുമ്പേ എഴുതിയിട്ടുണ്ട്. മൂലധനമുണ്ടാക്കുകയല്ല, മൂലധനം ഉപഭോഗിച്ച് കഴിയുകയാണ് ഇന്ത്യന്‍ കൃഷിയെന്നും അതുകൊണ്ട് കൃഷിയോട് സാമ്പ്രദായികമല്ലാത്ത വാണിജ്യപരമായ സമീപനം ആവശ്യമാണെന്നും ദണ്ഡേക്കര്‍ അന്നേ പറഞ്ഞിട്ടുണ്ട്. അതിന് കൃഷിക്ക് പുറംമേഖലകളില്‍ നിന്നു മൂലധനം എത്തണമെന്നായിരുന്നു ഒരു നിര്‍ദേശം. അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം പ്രധാനമാണ്. കാര്‍ഷിക മേഖലയിലെ മിച്ച തൊഴിലാളികളെ മറ്റു മേഖലകള്‍ ഉപയോഗിക്കണം. അതിന് അത്തരം മേഖലകള്‍ ആവശ്യാനുസരണം വളരുകയും വേണം. പക്ഷെ ഇന്നത്തെ സ്ഥിതി അതല്ല. അത്തരം മേഖലകളും പുത്തന്‍ ഉല്‍പാദനരീതിയിലൂടെ കൂടുതല്‍ തൊഴില്‍ പുറംതള്ളുകയാണ്. അപ്പോള്‍ കാര്‍ഷിക മേഖലയിലെ ആവശ്യമില്ലാത്ത തൊഴിലിനെ അവയെങ്ങനെ ഉള്‍ക്കൊള്ളും.
ഇന്ത്യന്‍ കാര്‍ഷികരംഗത്തെ ഘടനാപരമായ തകരാറുതന്നെ കര്‍ഷകര്‍ക്ക് അവിചാരിത സന്ദര്‍ഭങ്ങളെ ഹ്രസ്വകാലത്തേയ്ക്ക് പോലും നേരിടാനാവുന്നില്ലെന്നതാണ്. അമിതമഴ, വെള്ളപ്പൊക്കം, വിലത്തകര്‍ച്ച തുടങ്ങിയ ഘട്ടങ്ങള്‍ അവര്‍ക്കതിജിവിക്കാനാവില്ല. ഇതുകൊണ്ടൊക്കെ വായ്പ തിരിച്ചടവുകള്‍ തകരാറിലായാല്‍ അവയെ താങ്ങിനിര്‍ത്തുന്ന സുരക്ഷാസംവിധാനങ്ങളുമില്ല. അറ്റകൈയ്ക്ക് കന്നുകാലികള്‍, ട്രാക്ടറുകള്‍ എന്നിവ വില്‍ക്കലാവും ഫലം. അത് കുടുംബങ്ങളുടെ നില കൂടുതല്‍ പരുങ്ങലിലാക്കും.
കൂടാതെ പാടത്ത് നിക്ഷേപിക്കാനായാണ് കര്‍ഷകന്‍ കടമെടുക്കുന്നത്. ഇത്തരം കടം തിരിച്ചടയ്ക്കണമെങ്കില്‍ കുടുംബാവശ്യം, നിവേശച്ചെലവ് എന്നിവ കഴിച്ച് മോശമല്ലാത്ത മിച്ചം വയ്ക്കാനാവണം. അതിന് വിപണി, വില തുടങ്ങി ഒട്ടേറെ സംവിധാനങ്ങളുടെ ‘ബാക്ക്-അപ്പ്’ ആവശ്യമാണ്. ഇതാണ് ഘടനാപരമായ ശേഷി വേണമെന്നു പറയുന്നത്. കര്‍ഷകക്ഷേമം കുറച്ചു സബ്‌സിഡിയുടെയും മിനിമം താങ്ങുവിലയുടെയും മാത്രം പ്രശ്‌നമായി ന്യൂനീകരിച്ച് കണ്ടുകൂട. അങ്ങനെ തീരുന്ന പ്രശ്‌നമല്ലിത്. അതാണ് എന്തൊക്കെ ചെയ്തിട്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. ബജറ്റിലെ പൊതുപ്രഖ്യാപനങ്ങള്‍കൊണ്ടോ, നീക്കിയിരുപ്പ് വര്‍ധനകൊണ്ടോ മാത്രം പരിഹരിക്കാം ഈ രംഗത്തെ പ്രശ്‌നങ്ങളെന്നു ധരിക്കുന്നത് പ്രായോഗിക ജ്ഞാനക്കുറവു തന്നെയാണ്. കര്‍ഷകന് കടം കൊടുക്കുമ്പോള്‍ അതിനുപിന്നില്‍ തിരിച്ചടവ് വരെ ഉറപ്പുവരുത്തുന്ന പദ്ധതി പിന്തുണ ഉണ്ടാവണമെന്നര്‍ഥം.

വയനാട്ടില്‍ സംഭവിച്ച കര്‍ഷക ആത്മഹത്യയെ ഇങ്ങനെയൊരു ബൃഹത്തായ പശ്ചാത്തലത്തില്‍ വേണം നോക്കിക്കാണാന്‍. കടം വന്നുകുമിഞ്ഞ് ഒരാള്‍ ആത്മഹത്യ ചെയ്യന്നു എന്ന ലളിതവല്‍ക്കരണം ഇത്തരം സംഭവങ്ങളുടെ നിരന്തരമായ ആവര്‍ത്തനത്തിലേ ചെന്നെത്തിക്കൂ. ബല്ലഭ്-ബാത്രയുടെ പഠനത്തില്‍ പറയുന്നത് റിപ്പോര്‍ട്ട് ചെയ്ത ആത്മഹത്യകളോളം വരും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവ എന്നാണ്. കാരണം ആത്മഹത്യ ചെയ്തവരില്‍ പലരും കൃഷിക്കാര്‍ എന്ന നിര്‍വചനത്തില്‍ വന്നിരുന്നില്ലത്രെ. പഞ്ചാബില്‍ വ്യാപകമായി കര്‍ഷക ആത്മഹത്യ നടന്നപ്പോഴും ഇതേ പ്രശ്‌നം കാരണം റിമോര്‍ട്ടഡ് ആത്മഹത്യകള്‍ കുറവായിരുന്നു. 1990കളില്‍ ലിബറലൈസേഷന്‍ ആരംഭിച്ച് ശക്തിപ്രാപിച്ചപ്പോള്‍ ഇതായിരുന്നു അനുഭവം. അന്നും സര്‍ക്കാര്‍ കണക്ക് ശരിക്കുണ്ടായതിലും കുറവായിരുന്നു.

കൃഷിയുടെ സാമ്പത്തിക സാധ്യതകള്‍ വര്‍ധിപ്പിക്കല്‍ മാത്രമാണ് വഴി. കര്‍ഷക കുടുംബങ്ങളിലെ പുതിയ തലമുറ താമസം പട്ടണങ്ങളിലേക്കാക്കി പുതിയ തൊഴിലും വരുമാനവും തേടുന്നു. അതൊരു വഴിതന്നെ. പക്ഷെ, ഈ കൂടുമാറ്റത്തില്‍ കാര്‍ഷികോല്‍പാദനം എങ്ങനെ വര്‍ധിപ്പിക്കാമെന്നും പോളിസിതലത്തില്‍ അനേ്വഷണം വേണം.
കൂടുതല്‍ വളര്‍ച്ചാസാധ്യതകള്‍ ഉള്ള സാമ്പത്തികമേഖലകള്‍ കണ്ടെത്തി സമാന്തരമായി വളര്‍ത്തണം. വന്‍ മൂലധനം ആവശ്യമുള്ളവ മാത്രമല്ല, കൂടുതല്‍ തൊഴില്‍ സാധ്യതയുള്ളവയും കണ്ടെത്തണം. സാങ്കേതികജ്ഞാനം ആവശ്യമുള്ളവയോടൊപ്പം സാങ്കേതിക അറിവ് കുറഞ്ഞ തൊഴിലിനെയും ഉള്‍ക്കൊള്ളാവുന്ന ഉല്‍പാദന സംരംഭങ്ങള്‍ കണ്ടെത്താം. അവര്‍ക്ക് വിപണി പിന്തുണയും സമാന്തരാന്വേഷണത്തില്‍ വേണം.
കര്‍ഷകരുടെ പുതിയ തലമുറയ്ക്ക് ഈ ഗതി വരാതിരിക്കണം. അതിന് അവരുടെ കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനവും വിദ്യാഭ്യാസവും നല്‍കാവുന്ന പിന്താങ്ങ് നല്‍കുന്ന സ്ഥാപനങ്ങളും കേന്ദ്രങ്ങളും വേണം. കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ നേരിടാന്‍ ബജറ്റ് നീക്കിയിരിപ്പും പ്രസംഗങ്ങളും മാത്രം പോര.