ന്യൂഡല്‍ഹി

സ്വന്തം ലേഖകൻ

December 05, 2020, 9:55 am

കര്‍ഷക സമരം പത്താം ദിനത്തിലേക്ക്; ഡല്‍ഹി കയ്യടക്കി കര്‍ഷകര്‍, ഇന്നും ചര്‍ച്ച

Janayugom Online

സ്വന്തം ലേഖകൻ

ശൈത്യവും കൊറോണയും അവഗണിച്ച് കർഷകസമരം പ്രതിരോധത്തിന്റെ പത്താം ദിനത്തിലേക്ക് കടന്നു. ഇതോടെ ഡല്‍ഹിയുടെ അതിര്‍ത്തികള്‍ ഒന്നൊന്നായി പ്രക്ഷോഭകര്‍ കൈയടക്കുന്ന കാഴ്ചയ്ക്കാണ് രാജ്യതലസ്ഥാനം സാക്ഷിയാകുന്നത്. കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായി അഞ്ചാംവട്ട ചര്‍ച്ച ഇന്ന് നടക്കും. രാജ്യവ്യാപകമായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കും.

ഡല്‍ഹിയില്‍ തണുപ്പിന്റെ ആധിക്യം വര്‍ധിച്ചിരിക്കുകയാണിപ്പോള്‍. കൊറോണയെന്ന മഹാമാരിയും തലസ്ഥാന മേഖലയിലെ പിടി ശക്തമാക്കിട്ടുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് കര്‍ഷകര്‍ തങ്ങളുടെ പ്രക്ഷോക്ഷം മുന്നോട്ടുകൊണ്ടു പോകുന്നത്. ഹരിയാനയിലെ സിംഘു, ടിക്രി എന്നിവിടങ്ങൾ‌ക്കൊപ്പം ഉത്തര്‍പ്രദേശില്‍ നിന്നുള്ള അതിര്‍ത്തികളും കൈയടക്കുകയാണ് കര്‍ഷകര്‍. ഗാസിയാബാദ്, നോയിഡ ഉള്‍പ്പെടെയുളള അതിര്‍ത്തികളിലേക്കുള്ള പ്രക്ഷോഭകാരികളുടെ ഒഴുക്ക് വന്‍തോതിലാണ് വര്‍ധിച്ചിരിക്കുന്നത്.

ഡല്‍ഹിയുടെ അതിര്‍ത്തി പങ്കിടുന്ന ഉത്തര്‍പ്രദേശ്, ഹരിയാന അതിര്‍ത്തികള്‍ പ്രക്ഷോഭകാരികളാല്‍ നിറഞ്ഞിരിക്കുന്നു. അതിര്‍ത്തി കടന്നുപോകേണ്ടവരോട് ട്രാഫിക് പൊലീസ് ട്വിറ്ററിലൂടെ സന്ദേശം നല്‍കുമ്പോഴും യാത്രകള്‍ക്ക് മുമ്പത്തേക്കാളും ഒരുപാടു മണിക്കൂറുകളുടെ കാലതാമസമാണ് ഇപ്പോള്‍ നേരിടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ വലയുന്നത് ഡല്‍ഹിയിലെ സാധാരണക്കാര്‍ കൂടിയാണ്.

പ്രക്ഷോഭത്തിനിടയില്‍ പൊലീസ് ലാത്തിചാര്‍ജ്ജും ജലപീരങ്കിയും കണ്ണീര്‍ വാതക പ്രയോഗങ്ങളും മറികടന്നാണ് കര്‍ഷകര്‍ തങ്ങളുടെ അവകാശ സംരക്ഷണ പോരാട്ടം രാജ്യ തലസ്ഥാന മേഖലയില്‍ തുടരുന്നത്.

പൊലീസ് അതിക്രമങ്ങളില്‍ ലാത്തിയടിയേറ്റ വയോജനങ്ങള്‍ അവരുടെ ശരീരത്തിലെ ലാത്തിയടിയുടെ പാടുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ വസ്ത്രമുയര്‍ത്തി കാട്ടുന്നുണ്ട്. പൊലീസ് ഉന്നതരുടെ ഉത്തരവു നടപ്പാക്കിയ സേനയിലെ പൊലീസുകാര്‍ ഓടിമാറാന്‍ കഴിയാത്ത ശരീരിക അവസ്ഥയുള്ള വയോജനങ്ങളെ പോലും വെറുതെ വിട്ടില്ല. പൊലീസിന്റെ കിരാത നടപടികൾക്ക് ഇരയായവര്‍ ഒരുവശത്തു നില്‍ക്കുമ്പോഴും അതിനപ്പുറം പ്രക്ഷോഭകരില്‍ പലരും മരിച്ച വാര്‍ത്തകളും ഇതിനോടകം പുറത്തു വന്നു. ഏകദേശം പത്തോടടുത്ത് പ്രക്ഷോഭകര്‍ ഇതിനോടകം മരണത്തിനു കീഴടങ്ങി.

സ്ത്രീകളും കുട്ടികളും വൃദ്ധരും അടങ്ങുന്ന കര്‍ഷക പ്രക്ഷോഭകര്‍ തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചാലെ തിരികെ ഗ്രാമത്തിലേക്ക് മടങ്ങൂവെന്ന ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഏത് പ്രതിസന്ധിയും നേരിടാനും തയ്യാറാണ്. സര്‍ക്കാര്‍ നല്‍കുന്നത് വെടിയുണ്ടകളെങ്കില്‍ അതും എന്ന നിലാപടിലാണിവർ. എന്നാല്‍ നിയമം പിന്‍വലിക്കണമെന്ന തങ്ങളുടെ ആവശ്യത്തില്‍നിന്നും ഒരിഞ്ചു പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനുള്ള നിയമ നിര്‍മ്മാണമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് നിയമത്തിലെ വ്യവസ്ഥകള്‍ അക്കമിട്ടു നിരത്തി കര്‍ഷകര്‍ വാദിക്കുമ്പോള്‍ അതിനു മറുപടി നല്‍കാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെന്നതാണ് ശ്രദ്ധേയം.

Eng­lish sum­ma­ry: farm­ers to meet for fifth round of talks today
You may also like this video: