Web Desk

ന്യൂഡല്‍ഹി

February 11, 2021, 8:32 am

ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിക്കാന്‍ കര്‍ഷകര്‍; നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ല

Janayugom Online

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്നു ഒരടി പിന്നോട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് കര്‍ഷകര്‍. ഫെബ്രുവരി 18 ന് നാല് മണിക്കൂര്‍ സമയം റെയില്‍വെ ഉപരോധിച്ച്‌ പ്രതിഷേധിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഫെബ്രുവരി 12 മുതല്‍ രാജസ്ഥാനില്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, കര്‍ഷക പ്രതിഷേധത്തെ തള്ളി പ്രധാനമന്ത്രി വീണ്ടും രംഗത്തെത്തി. കര്‍ഷകരോട് തനിക്ക് അതിയായ ബഹുമാനമുണ്ടെന്ന് പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. സര്‍ക്കാരിന് കര്‍ഷകരോട് ബഹുമാനമാണ്. എന്നാല്‍, കാര്‍ഷിക നിയമങ്ങളില്‍ എന്ത് മാറ്റം വേണമെന്ന് കൃത്യമായ ആവശ്യങ്ങള്‍ സഹിതം സര്‍ക്കാരിനെ അറിയിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കണമെന്നും മോദി പാര്‍ലമെന്റില്‍ പറഞ്ഞു.

സഭയിലെ പ്രസംഗത്തില്‍ ‘സമരജീവി’ പ്രയോഗം പ്രധാനമന്ത്രി വീണ്ടും ആവര്‍ത്തിച്ചു. കര്‍ഷക സമരത്തിന്റെ ശൈലി സമരജീവികളുടേതെന്ന് മോദി പറഞ്ഞു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രയോഗം കര്‍ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

“വസ്‌തുതകള്‍ മറച്ചുവച്ചാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ ഒരുവിധത്തിലും പ്രതികൂലമായി ബാധിക്കുന്നില്ല. രാജ്യത്തിന്റെ വികസനത്തിനു പൊതുമേഖലയെ പോലെ സ്വകാര്യ മേഖലയും നിര്‍ണായകമാണ്. സ്വകാര്യ മേഖലയ്‌ക്കെതിരെ സംസാരിക്കുന്നവര്‍ക്ക് വോട്ട് കിട്ടുന്ന കാലമെല്ലാം കഴിഞ്ഞു. സ്വകാര്യ മേഖലയെ പരിഹസിക്കുന്ന സംസ്‌കാരം അധികം സ്വീകാര്യമല്ല,” മോദി പറഞ്ഞു. പറയുന്ന വാക്ക് പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ സാധിക്കാത്തവരാണ് പ്രതിപക്ഷമെന്ന് മോദി പരിഹസിച്ചു.

മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷം പ്രതിഷേധിച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍ അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്നു ഇറങ്ങിപ്പോയി. കര്‍ഷകരുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങള്‍ ഉയര്‍ത്തിയ ആശങ്കകള്‍ പ്രധാനമന്ത്രി പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

Eng­lish Sum­ma­ry : Farm­ers to protest block­ing trains

You may also like this video :