Sunday
20 Oct 2019

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും: ക​ര്‍​ഷ​ക ആ​ശ്വാസനടപടികളുമായി സര്‍ക്കാര്‍

By: Web Desk | Monday 10 June 2019 11:07 AM IST


തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ സര്‍ഫാസി നിയമം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. മോറട്ടോറിയം നിലനില്‍ക്കുമ്പോള്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്ന ബാങ്കുകള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാറും സഭയില്‍ വ്യക്തമാക്കി.

2003ല്‍ സഹകരണ മേഖലയില്‍ക്കൂടി സര്‍ഫാസി നിയമം നടപ്പിലാക്കിയത് യുഡിഎഫ് സര്‍ക്കാരാണെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചു. സര്‍ഫാസി നിയമവും തുടര്‍ന്നുണ്ടായ കര്‍ഷക ആത്മഹത്യകളും സംബന്ധിച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അവതരണാനുമതി തേടിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഐ സി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചത്.

കേരളത്തിലെ സഹകരണ, കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ നിന്നും കൃഷിക്കാര്‍ എടുത്തിട്ടുള്ള രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ സംസ്ഥാന കടാശ്വാസ കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ എഴുതി തള്ളുന്നതിന് വേണ്ടുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.

50,000 രൂപ മുതല്‍ ഒരു ലക്ഷംവരെയുള്ള എല്ലാ കര്‍ഷിക കടങ്ങളും സഹകരണ ബാങ്കുകള്‍ വഴി എല്ലാ ജില്ലകളിലും എഴുതിത്തള്ളാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇടുക്കി, വയനാട് ജില്ലകളില്‍ 2018 ആഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ എഴുതിത്തള്ളും. സഹകരണബാങ്കുമായി ബന്ധപ്പെട്ട എല്ലാ കടങ്ങളുടെയും അപേക്ഷകള്‍ സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മിഷന്‍വഴി സ്വീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചുവരികയാണ്. മറ്റ് കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ വായ്പകള്‍ കൂടി കടാശ്വാസ കമ്മിഷന്റെ പരിധിയില്‍ വരുന്നതിനുവേണ്ടി ആസൂത്രണ കമ്മിഷന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ സഹകരണ കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ നിന്നും കൃഷിക്കാര്‍ എടുത്തിരിക്കുന്ന കടങ്ങള്‍ എഴുതി തള്ളുന്നതിന് വേണ്ടുന്ന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇടുക്കി, വയനാട്, കുട്ടനാട് പ്രദേശങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക പാക്കേജ് കാര്യക്ഷമമായി നടപ്പിലാക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ വിവിധ സര്‍ക്കാരുകള്‍ നടപ്പിലാക്കിയ പാക്കേജുകള്‍ പരാജയപ്പെടാനുണ്ടായ കാര്യ കാരണങ്ങള്‍ വിശദമായി പഠിച്ച് പ്രതിപക്ഷത്തെക്കൂടി ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ നടത്തിയാകും പാക്കേജ് നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു.
കൃഷിയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളിലല്ല 15 കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. എങ്കിലും അവരുടെ ഉപജീവനം കൃഷിയായതിനാല്‍ അവരെടുത്തിട്ടുള്ള എല്ലാത്തരം വായ്പകളും കര്‍ഷക വായ്പയെന്ന നിലയിലാണ് സര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ടാണ് സര്‍ക്കാര്‍ കര്‍ഷക വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചപ്പോള്‍ കര്‍ഷകരുടെ എല്ലാത്തരം വായ്പകള്‍ക്കും ബാധകമാക്കിയുള്ള ചരിത്രപരമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് മീറ്റിംഗ് വിളിച്ചുചേര്‍ത്ത് കര്‍ഷകരുടെ എല്ലാത്തരം വായ്പകള്‍ക്കുമേലുള്ള ജപ്തി നടപടികള്‍ 2019 ഡിസംബര്‍ 31വരെ നിര്‍ത്തിവയ്ക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. കൂടാതെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ബാങ്കേഴ്‌സ് മീറ്റിംഗ് വിളിച്ചുചേര്‍ത്ത് കര്‍ഷകര്‍ക്ക് ആശ്വാസ നടപടി എത്തിക്കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടുയും മന്ത്രിമാരുടെയും വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ കൃഷിനാശ നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് ധനസഹായമായി ഇതുവരെ 204.9905 കോടി രൂപയുടെ ധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. ഇടുക്കി ജില്ലയിലെ പ്രളയബാധിതരായ കര്‍ഷകര്‍ക്ക് 11.798 കോടി രൂപയുടെ ധനസഹായം നല്‍കിയതിന് പുറമേ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി 93.39 കോടി രൂപയും ലഭ്യമാക്കിയിട്ടുണ്ട്.

പ്രളയത്തില്‍ 2,36,649.5 ഹെക്ടര്‍ കൃഷിഭൂമി പൂര്‍ണ്ണമായും നശിക്കുകയും കാര്‍ഷിക മേഖലയില്‍ മാത്രം 19,001.84 കോടി രൂപയുടെ നാശനഷ്ടമുണ്ടാവുകുയം ചെയ്തു. ഇടുക്കി ജില്ലയില്‍ മാത്രം 83,782 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. ഇങ്ങനെ ദുരിതത്തിലായ മുഴുവന്‍ കര്‍ഷകരെയും സഹായിക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരികയാണ്.
പ്രളയത്തില്‍ കൃഷിനാശം സംഭവിച്ച 2,38,376 കര്‍ഷകര്‍ക്ക് എസ്ബിആര്‍എഫ് ഫണ്ടില്‍ നിന്നും 78.43 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തിട്ടുണ്ട്. വരള്‍ച്ച മൂലം കൃഷി നാശം സംഭവിച്ച 11,035 കര്‍ഷകര്‍ക്ക് 10.83 കോടി രൂപയുടെ എസ്ഡിആര്‍എഫ് തുക വിതരണം ചെയ്തിട്ടുണ്ട്. ഇതിനുപുറമേ വെള്ളപ്പൊക്ക കെടുതിമൂലം വിളകള്‍ക്കും കൃഷിഭൂമിക്കുമുണ്ടായ നാശനഷ്ടത്തിന്റെ വെളിച്ചത്തില്‍ 201819 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ മാറ്റം വരുത്തിക്കൊണ്ട് വെള്ളപ്പൊക്ക ദുരിതാശ്വാസം ലക്ഷ്യമിട്ടുള്ള 65.81 കോടി രൂപയുടെ പ്രളയാനന്തര പാക്കേജ് പദ്ധതികള്‍ നടപ്പിലാക്കി.

പ്രളയംമൂലം നെല്‍കൃഷി നശിച്ചതിന് വിരിപ്പ് മുണ്ടകന്‍ സീസണില്‍ വിതയ്ക്കുന്നതിനായി 5,650.85 മെട്രിക് ടണ്‍ നെല്‍വിത്ത് കിലോഗ്രാമിന് 40 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നതിന് 2,260.338 ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ കര്‍ഷകരുടെ പുനരുജ്ജീവനത്തിനായി 770 ലക്ഷം രൂപയ്ക്കുള്ള 77 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും 75 ലക്ഷം രൂപയ്ക്കുള്ള 30 ലക്ഷം തൈകളും കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രളയം മണ്ണിനുണ്ടാക്കിയ ശോഷണം പുനസ്ഥാപിക്കുന്നതിന് 75 ശതമാനം സബ്‌സിഡി നിരക്കില്‍ 4,369.27 ഹെക്ടര്‍ സ്ഥലത്ത് 21,846 കര്‍ഷകര്‍ക്കായി 108 ലക്ഷം രൂപയുടെ കുമ്മായ വസ്തുക്കള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Related News