വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള 307 ഏക്കർ തരിശുഭൂമിയിൽ കൃഷി തുടങ്ങുന്നു. 36 സ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയിലാണ് വിവിധ കാർഷികവിഭവങ്ങൾ കൃഷി ചെയ്യുക. കോവിഡ് 19 വ്യാപനത്തെ തുടർന്നുള്ള ലോക് ഡൗൺ ഭക്ഷ്യക്ഷാമത്തിന് ഇടവരുത്തുമെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ കാർഷിക മേഖലയിൽ ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ പകരാനാണ് പൊതുമേഖലാ ഭൂമിയിൽ കൃഷി തുടങ്ങുന്നത്.
60 ഏക്കർ മുതൽ ഒരേക്കർ വരെ തരിശു ഭൂമിയുള്ള സ്ഥാപനങ്ങളുണ്ട്. കൊല്ലം ജില്ലയിലെ കേരള ക്ലേയ്സ് ആന്റ് സെറാമിക്സിനു കീഴിൽ 60 ഏക്കറുണ്ട്. അതേ ജില്ലയിലുള്ള കേരള മിനറൽസ് ആന്റ് മെറ്റൽസിന്റെ കൈവശം 50 ഏക്കറും. ആലപ്പുഴയിലെ കോമളപുരം സ്പിന്നിങ്ങ് ആന്റ് വീവിങ്ങ് മില്ലിനു കീഴിൽ 22 ഉം കണ്ണൂരിലെ കേരളാ സെറാമിക്സിന് 16 ഉം ട്രാവൻകൂർ സിമന്റ്സിന് 15 ഏക്കറും തരിശു ഭൂമിയുണ്ട്. കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഹരിത കേരള മിഷനുമായി ചേർന്നാണ് കൃഷി നടത്തുക.
കരകുളത്തെ കെൽട്രോൺ ഭൂമിയിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കൃഷി. പ്രധാനമായും പച്ചക്കറി, മരച്ചീനി അടക്കമുള്ള കിഴങ്ങുവർഗ്ഗങ്ങൾ, വാഴ, പഴവർഗ്ഗങ്ങൾ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുക. ഏതു വിഭവമാണ് കൃഷി ചെയ്യേണ്ടതെന്ന് അതതിടത്തെ സാഹചര്യം കണക്കിലെടുത്ത് സ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. ആവശ്യമായ വിത്തും വളവും ഉൾപ്പെടെയുള്ളവ കൃഷി വകുപ്പുമായി ബന്ധപ്പെട്ട് ലഭ്യമാക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം കരകുളത്തെ കെൽട്രോണിന്റെ ഭൂമിയിൽ 27 ന് രാവിലെ 11 ന് മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.
English Summary: Farming begins on 307 acres of Public Sector
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.