ഒളവണ്ണയില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കരനെല്‍ കൃഷി കൊയ്ത്തുത്സവം

Web Desk
Posted on November 14, 2017, 8:29 pm

കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കരനെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവമായി. ഒളവണ്ണ നാഗത്തുംപാടം കരിപ്പാല്‍ പറമ്പില്‍ അഞ്ചേക്കറോളം വരുന്ന ഭൂമിയില്‍ നടന്ന കൊയ്ത്തുത്സവം ധനകാര്യ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മുന്നോട്ട് വന്ന ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. നൂതന പദ്ധതികള്‍ മാതൃകാപരമായും കുറ്റമറ്റരീതിയിലും നടപ്പിലാക്കാന്‍ ജനകീയ സംരംഭങ്ങള്‍ ഉയര്‍ന്ന് വരുന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
വി.കെ.സി മമ്മദ് കോയ എംഎല്‍എ അധ്യക്ഷത വഹിച്ചു. നെല്‍കൃഷിക്ക് ഭൂമി സൗജന്യമായി വിട്ടു നല്കിയ ചെറയക്കാട്ട് കുഞ്ഞിക്കോയയുടെ കുടുംബത്തിന് വേണ്ടി മകന്‍ സയ്യിദുല്‍ അക്ബര്‍ മന്ത്രിയില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.മനോജ് കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.തങ്കമണി, വൈസ് പ്രസിഡണ്ട് മനോജ് പാലാത്തൊടി, ക്ഷേമകാര്യ ബ്ലോക്ക് പഞ്ചായത്ത് ചെയര്‍ പെഴ്‌സണ്‍ പുത്തലത്ത് റംല, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.എം. സൗദ, കൃഷി ഓഫീസര്‍ അജയ് അലക്‌സ്, രാഷ്ട്രീയ പ്രതിനിധികളായ കെ.ബൈജു, ടി.എം.അശോകന്‍, ഇ.രമേശന്‍,പവിത്രന്‍ പനിക്കല്‍, സി.മരക്കാര്‍ കുട്ടി, സര്‍മദ്ഖാന്‍, രാമദാസ് മനക്കല്‍, ഹരിത കാര്‍ഷിക സമിതി കണ്‍വീനര്‍ പാലക്കുറുമ്പില്‍ ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാഗത്തുംപാടത്ത് ചെറയക്കാട്ട് കുഞ്ഞിക്കോയയുടെ കുടുംബ സ്വത്തായ കരുപ്പാല്‍ പറമ്പില്‍ തരിശായി കിടന്നിരുന്ന അഞ്ച് ഏക്കര്‍ പറമ്പിലാണ് കൃഷി നടത്തിയത്.