ഫേസ്ബുക്കിലെ ജനപ്രിയ ഗെയിം ഫാംവില്ലെ കൃഷി നിർത്തുന്നു

Web Desk
Posted on September 28, 2020, 11:34 am

ന്യൂയോർക്ക്: ഗെയിമർമാരെ കർഷകരാക്കി മാറ്റിയ ഫേസ്ബുക്കിലെ ജനപ്രിയ ഗെയിം ആയ ഫാംവില്ലെ വിടപറയുന്നു. ഇന്നലെയാണ് ഇതുസംബന്ധിച്ച് ഗെയിം ഉടമസ്ഥരായ സിന്‍ഗ ഈ പ്രഖ്യാപനം നടത്തിയത്. ഡിസംബർ 31 മുതൽ ഉപഭോക്താക്കൾക്ക് ഫാംവില്ലെ ലഭ്യമാകില്ല. ഫേസ്ബുക്കിലെ പതിനൊന്ന് വർഷത്തെ സേവനത്തിനു ശേഷമാണ് വിടവാങ്ങൽ പ്രഖ്യാപനം.
വെബ് ബ്രൗസറുകളില്‍ ഫ്ലാഷ് പ്ലേയറുകളുടെ വിതരണവും അപ്ഡേഷനും നിർത്താലാക്കാനുള്ള അഡോബിന്റെ തീരുമാനത്തിനു പിന്നാലെയാണ് സിൻഗയുടെ തീരുമാനം. ഫാംവില്ലെ കളിക്കാനായി ഫ്ലാഷ് പ്ലഗിൻ ആവശ്യമാണ്. ഡിസംബർ 31 മുതൽ ഫ്ലാഷ് പ്ലേയർ ലഭ്യമാകില്ലെന്ന് ഈ മാസം ആദ്യം മൈക്രോസോഫ്‌ടും അറിയിച്ചിരുന്നു. ഇതോടെ ഫാംവില്ലെ നിർത്തലാക്കാന്‍ സിൻഗ നിർബന്ധിതരാവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പുതിയ ഗെയിമുകൾ തരംഗമായതോടെ പഴയ പ്രതാപം നഷ്ടപ്പെട്ടതും തീരുമാനത്തിന് കാരണമായി.
2009ലാണ് ഫാംവില്ലെ ഫേസ്ബുക്കിന്റെ ഭാഗമായത്. ഇത്രയും കാലത്തെ സേവനത്തിനിടയിൽ തങ്ങൾക്ക് ജനപ്രീതി നേടിതന്നെ ഉപഭോക്താക്കൾക്ക് നന്ദി അറിയിക്കുന്നതായി സിൻഗ പറഞ്ഞു. അതേസമയം നവംബർ 17 വരെ ആപ്ലിക്കേഷന്റെ പേയ്ഡ് സേവനങ്ങൾ ലഭ്യമാകും. വ്യത്യസ്തങ്ങളായ ഗെയിമുകളുമായി വീണ്ടും എത്തുമെന്നും കമ്പനി അറിയിച്ചു.