23 June 2024, Sunday

ഫറൂഖ് യഥാര്‍ത്ഥ പോരാളി ;ജീവിതത്തിലേയ്ക്ക് നടന്നുകയറിയത് നൂൽ പാലത്തിലൂടെ

Janayugom Webdesk
കൊച്ചി
August 24, 2021 2:38 pm

കൈവിട്ടു പോയെന്നുറപ്പിച്ചടുത്ത് നിന്നാണ് ഫറൂഖ് ജീവിതത്തിലേയ്ക്ക് നടന്നുകയറിയത്. ചെറുകിട കച്ചവടക്കാരനായ ഫറൂഖ്, കോവിഡ്മുക്തനായതിന് ശേഷം കടുത്ത വയറുറ്വേദനയ്ക്ക് ചികിത്സ തേടിയാണ് പൊന്നാനിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. വിദഗ്ദ്ധ പരിശോധന ആവശ്യമാണെന്ന് അറിയിച്ചതിനെ തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്കെത്തി. രക്തപരിശോധനകളും, എക്സ്റേയും പരിശോധിച്ച ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചുവെങ്കിലും വെന്റിലേറ്റർ സൗകര്യമില്ലാത്തതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി. അടിയന്തരമായി സിടി സ്ക്കാൻ പരിശോധന നടത്തിയ ഡോക്ടർമാരാണ് കോവിഡ് ബാധിച്ചവരിൽ രക്തയോട്ടം നിലച്ച് കുടൽ പ്രവർത്തനരഹിതമാകുന്ന അതീവഗുരുതരമായ അവസ്ഥയാണ് ഫറൂഖിന്റെതെന്ന് കണ്ടെത്തുന്നത്. രക്തയോട്ടം നിലച്ച് പ്രവർത്തനരഹിതമായ കുടലിന്റെ ഭാഗം മുറിച്ചു മാറ്റുക എന്നതാണ് പോംവഴിയെന്നും അണുബാധ ബാധിച്ചിട്ടുള്ളതിനാൽ തന്നെ വൈകിപ്പിക്കരുതെന്നും ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഭാരിച്ച ചികിത്സാ തുക താങ്ങാനാകാത്തത് കൊണ്ട് ശസ്്ത്രക്രിയ തൃശൂർ മെഡിക്കൽ കോളേജിൽ നടത്താൻ തീരുമാനിച്ചു. മേയ്മാസം നടത്തിയ രണ്ട് ശസ്ത്രക്രിയകളിലൂടെ കുടലിന്റെ നല്ലൊരു ഭാഗം മുറിച്ചു മാറ്റിയതിന് ശേഷം രണ്ട് മാസത്തോളം അവിടെ തന്നെ കിടത്തിച്ചികിത്സ തുടരേണ്ടി വന്നു. ഇതിനിടെ കടുത്ത പനി ബാധിച്ചത് കൂടാതെ കുടലിനകത്തിട്ടിരുന്ന സ്റ്റിച്ച് പൊട്ടകയും ചെയ്തു. സ്ഥിതി ഗുരുതരമായതോടെ വീണ്ടുമൊരു ശസ്ത്രക്രിയ പ്രായോഗികമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അവസാന ശ്രമമെന്ന നിലയ്ക്ക് കൂടുതൽ വിദഗദ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റിക്കോളൂ എന്ന അറിയിച്ചതിനെ തുടർന്നാണ് ആസ്റ്റർ മെഡ്സിറ്റിയിലെത്തുന്നത്. 

ആദ്യത്തെ നാല് ദിവസം ഐസിയുവിലായിരുന്നു. ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ചികിത്സാ മാർഗങ്ങളായിരുന്നു സ്വീകരിച്ചത്. വിദഗ്ദ്ധ ക്രിട്ടിക്കൽ കെയർ വിഭാഗം ഡോക്ടർമാരുടെ മേൽനോട്ടത്തിൽ നല്ല പുരോഗതി ഉണ്ടായതിനെ തുടർന്ന് വാർഡിലേക്ക് മാറ്റി. പക്ഷേ ഒരാഴ്ച്ച കഴിഞ്ഞപ്പോൾ സ്ഥിതി വീണ്ടും വഷളായി. അതീവഗുരുതര അവസ്ഥയിലായിരുന്നു മൂന്നാമത്തെ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചത്. ശസ്ത്രക്രിയ ചെയ്യുന്നതിലെ സങ്കീർണതകളും, വരുംവരായ്കകളുമെല്ലാം ഡോക്ടർമാർ കൃത്യമായി പറഞ്ഞു തന്നിരുന്നു. അവരുടെ കഴിവിൽ പൂർണ വിശ്വാസമുള്ളത് കൊണ്ടാണ് വീണ്ടുമൊരു ശസ്ത്രക്രിയയ്ക്ക് ഞങ്ങൾ തയ്യാറായത്. കഴിഞ്ഞ മാസം 16 ന് ശസ്ത്രക്രിയ നടത്തി ശേഷം എട്ട് ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഈ മാസം രണ്ടിനാണ് ഡിസ്ചാർജ് ചെയ്തത്. ഇപ്പോൾ ഭക്ഷണം കഴിച്ചു തുടങ്ങി, നടക്കാനും സംസാരിക്കാനും ഒന്നും ബുദ്ധിമുട്ടില്ല… നിറഞ്ഞ സന്തോഷത്തോടെ ഫറൂഖ് ന്റെ ഭാര്യ ബുഷ്റ പറഞ്ഞു നിർത്തുമ്പോൾ ഫറൂഖിന്റെ ചുണ്ടിലും ചിരി പടർന്നു. രണ്ടു കുട്ടികള് ടങ്ങിയ കുടുമ്പത്തിന്റെ അത്താണിയായിരുന്നു 38 കാരനായ ഫറൂഖ്.

കടുത്ത അണുബാധയും, കുറഞ്ഞ രക്തസമ്മർദ്ധവും കൂടാതെ വെന്റിലേറ്റർ സഹായത്തോടെ ശ്വസിക്കുന്ന അവസ്ഥയിലുമാണ് ഫറൂഖിനെ കൊണ്ടുവരുന്നത്. ആദ്യത്തെ ദിവസങ്ങളിൽ ഇവയൊക്കെ നിയന്ത്രിച്ച് വെന്റിലേറ്റർ ഒഴിവാക്കാൻ സാധിച്ചുവെങ്കിലും സ്റ്റിച്ച് പൊട്ടിയതിനെ തുടർന്നുണ്ടായ കുടലിലെ ചോർച്ച പരിഹരിക്കാൻ ശസ്ത്രക്രിയ അല്ലാതെ വേറെ മാർഗമൊന്നുമുണ്ടായിരുന്നില്ല. ആഴ്ച്ചകളെടുത്താണ് ശസ്ത്രക്രിയ നടത്താൻ ആവശ്യമായ ആരോഗ്യസ്ഥിതിയിലേക്ക് ഫറൂഖ് എത്തുന്നത്. രക്തയോട്ടം നിലച്ചതിനെ തുടർന്ന് ചുരുങ്ങിപ്പോയ കുടലും, കുടലിലെ ചോർച്ചയും കുടൽ മുറിച്ച് മാറ്റാതെ തന്നെ പരിഹരിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്നും ഗ്യാസ്ട്രോസർജറി വിഭാഗം തലവൻ ഡോ. പ്രകാശ് കെ പറഞ്ഞു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ശ്വാസകോശം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കാറുണ്ടെങ്കിലും കുടലിനെ ബാധിക്കുന്നത് അപൂർവ്വമാണ്. ബാധിച്ചാൽ തന്നെ ജീവൻ തിരികെ ലഭിക്കാനുള്ള സാധ്യതകൾ വിരളമാണ്. രാജസ്ഥാനിലും പാശ്ചാത്യ രാജ്യങ്ങളിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഭുരിഭാഗം രോഗികളും മരണപ്പെടുകയാണുണ്ടായിട്ടുള്ളത്. സങ്കീർണ അവസ്ഥ മറികടന്ന് ഫറൂഖ് ശരിക്കുമൊരു പോരാളിയാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഡോ. പ്രകാശിന് പുറമെ ഗ്യാസ്ട്രോസർജറി വിഭാഗം ഡോക്ടർമാരായ ഡോ. കമലേഷ്, ഡോ. വിപിൻ, ഡോ. സിദ്ധാർത്ഥ്, അനസ്തീഷ്യ ആന്റ് ക്രിട്ടിക്കൽ കെയർ വിഭാഗം തലവൻ ഡോ. സുരേഷ് ജി നായർ, ഡോ. ജോബിൻ എന്നിവരടങ്ങിയ മെഡിക്കൽ ടീമാണ് ഫറൂഖിനെ ജീവിതത്തിലേക്ക് തിരിച്ചു നടത്തിയത്.
eng­lish summary;farukh back to life after a seri­ous health condition
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.