കൊട്ടിഘോഷിക്കപ്പെട്ട മറ്റൊരു പദ്ധതിക്കുകൂടി മോഡി സർക്കാർ ചരമഗീതം പാടുന്നു. കർഷകരുടെ ഉന്നമനത്തിനായി നടപ്പാക്കിയ വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാൻമന്ത്രി ഫസൽ ഭീമാ യോജനയിലാണ് സർക്കാർ ഒടുവിൽ വെള്ളം ചേർത്തിരിക്കുന്നത്. പ്രീമിയത്തിലെ കേന്ദ്ര സർക്കാർവിഹിതം പകുതി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ കർഷകർക്ക് താൽപ്പര്യമുണ്ടെങ്കിൽ മാത്രം പദ്ധതിയിൽ അംഗമായാൽ മതിയെന്നും നിബന്ധനകൾ പുതുക്കിയിട്ടുണ്ട്. 2020 വിളവെടുപ്പ് വർഷത്തിലെ പ്രീമിയം സബ്സിഡി നിലവിലെ 50 ശതമാനത്തിൽ നിന്ന് ജലസേചനമുള്ള കൃഷിയിടങ്ങൾക്ക് 25 ശതമാനവും ജലസേചനമില്ലാത്ത കൃഷിയിടങ്ങൾക്ക് 30 ശതമാനവുമാക്കി ചുരുക്കിയിട്ടുണ്ട്. പ്രീമിയം തുക കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും പകുതി വീതം വഹിക്കുകയാണ് നിലവിൽ ചെയ്തുവന്നിരുന്നത്. കർഷകരിൽ നിന്ന് പ്രീമീയം തുകയുടെ 2 ശതമാനം മാത്രമാണ് വാങ്ങിയിരുന്നത്.
പുതിയ പരിഷ്കരണങ്ങൾ പ്രകാരം കർഷകർ 27 ശതമാനം തുക അടയ്ക്കേണ്ടിവരും. സംസ്ഥാന സർക്കാരുകൾ പിന്മാറിയാൽ കർഷകർ അടയ്ക്കേണ്ട തുക വീണ്ടും ഉയരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫലത്തില്‍ പദ്ധതി തന്നെ ഇല്ലാതാകുന്ന അവസ്ഥ സംജാതമാകുമെന്ന് കർഷകസംഘടനകൾ പറയുന്നു. കിസാൻ ക്രെഡിറ്റ് കാർഡ് പ്രകാരം വായ്പ എടുക്കുമ്പോൾ ഇൻഷുറൻസ് പ്രീമിയം തുക വായ്പയിൽ നിന്നും കുറയ്ക്കുന്നതാണ് നിലവിലുള്ള രീതി. വായ്പ എടുക്കാത്തവർക്ക് സ്വന്തം നിലയിൽ പദ്ധതിയിൽ അംഗമാകാനും കഴിയും. നിലവിലെ രീതിയിൽതന്നെ രാജ്യത്തെ കൃഷിമേഖലയുടെ 30 ശതമാനം മാത്രമേ ഇൻഷുറൻസ് പരിധിയിൽ വരുന്നുള്ളൂ. നിലവിൽ പദ്ധതിയിലുള്ളവരിൽ 58 ശതമാനവും ഇത്തരത്തിൽ വായ്പകളിലൂടെ അംഗങ്ങളായവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. പശ്ചിമബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതുവരെ പദ്ധതി നടപ്പാക്കിയിട്ടുമില്ല. വായ്പ എടുക്കുന്ന കർഷകർ സ്വമേധയാ പദ്ധതിയിൽ ഉൾപ്പെടാൻ തുടങ്ങിയതോടെ പദ്ധതി പ്രായോക്താക്കളായ കർഷകരിൽ നിന്നും ശേഖരിച്ച പ്രീമിയം തുക 350 ശതമാനം വർധിച്ചു.
അപ്പോഴും കർഷകരുടെ എണ്ണത്തിൽ വർധന ഉണ്ടായില്ല. കൂടാതെ കർഷകർക്ക് നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്ന പ്രീമിയം തുകയിലെ ഇളവുകളും നൽകിയില്ല. നേരത്തെ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നത് കർഷകരുടെ താൽപ്പര്യ പ്രകാരമാകണമെന്ന ആവശ്യം കർഷക സംഘടനകൾ ഉന്നയിച്ചിരുന്നു. പദ്ധതി പ്രകാരം നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയിട്ടും ലഭിക്കാത്തതാണ് ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കാൻ കർഷക സംഘടനകളെ പ്രേരിപ്പിച്ചത്. പദ്ധതി ആരംഭിച്ച് രണ്ടു വര്‍ഷം കൊണ്ട് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ 16,000 കോടി രൂപ ലാഭമുണ്ടാക്കിയിരുന്നു. 49,000 കോടി രൂപയോളമാണ് 2016–17, 2017–18 വര്‍ഷങ്ങളിലായി 10.6 ലക്ഷം കര്‍ഷകരുടെ പേരില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രീമിയം ഇനത്തില്‍ പിരിച്ചെടുത്തത്. എന്നാല്‍ 4.27 കോടി കര്‍ഷകര്‍ക്കായി 33,000 കോടി രൂപയാണ് നഷ്ടപരിഹാരത്തിൽ നൽകിയിട്ടുള്ളത്. ഐസിഐസിഐ ലൊംബാർഡ്, ടാറ്റ എഐജി എന്നിവർ ഉയർന്ന ക്ലെയിം നിരക്കിന്റെ പേരിൽ പദ്ധതിയുമായി സഹകരിക്കുന്നതിൽ നിന്നും പിൻവാങ്ങുകയും ചെയ്തിരുന്നു.
English Summary: Fasal bheema yojana became a failure
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.