ചരിത്രത്തിലെ ഫാസിസ്റ്റ്വല്‍ക്കരണം: ഒന്നാം സ്വാതന്ത്ര്യസമരവും തിരുത്തുന്നു

വലിയശാല രാജു
ഇന്ത്യാ ചരിത്രത്തില്‍ അവിസ്മരണീയമായ പോരാട്ടങ്ങളാല്‍ ബ്രിട്ടീഷുകാരെ വിറപ്പിച്ചുകൊണ്ട് 1857 മെയ് 10ന് മീററ്റില്‍ ആരംഭിച്ചതും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദേശാധിപത്യത്തിനെതിരെ ജനങ്ങള്‍ സംഘടിതമായി നടത്തിയതുമായ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട കലാപത്തെ തിരുത്തുമായി കേന്ദ്രസര്‍ക്കാര്‍.
2017 ഒക്ടോബര്‍ 27ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറുടെ പ്രസ്താവന എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത അധ്യായന വര്‍ഷം മുതല്‍ കുട്ടികള്‍ക്കുള്ള ചരിത്രപാഠ പുസ്തകങ്ങളില്‍ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരമായി 1817ല്‍ ഒഡിഷയില്‍ നടന്ന പൈക കലാപം ആയിരിക്കുമെന്നാണ് മന്ത്രിയുടെ പ്രസ്താവന.
വിദേശാധിപത്യത്തിനെതിരെ വലുതും ചെറുതുമായ ഒട്ടനവധി പോരാട്ടങ്ങള്‍ ഇന്ത്യയില്‍ നടക്കുകയുണ്ടായി. അതില്‍ ആദ്യത്തേതെന്ന് പറയാവുന്നതാണ് തിരുവിതാംകൂറിലെ അഞ്ച്തെങ്ങ് കലാപം (1697). ആറ്റിങ്ങല്‍ റാണിയുടെ സമ്മതത്തോടെ ബ്രിട്ടീഷുകാര്‍ അഞ്ച്തെങ്ങില്‍ സ്ഥാപിച്ച വ്യാപാരശാല 1697ല്‍ നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. ഇങ്ങനെയുള്ള പ്രാദേശികമായ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ ഇന്ത്യയിലെങ്ങും നടന്നിട്ടുണ്ട്. ഉദാഹരണം എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാവുന്നതാണ്. ഇതുപോലെ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ഒരു പോരാട്ടമായിരുന്നു ഒഡിഷയിലെ പൈക കലാപവും. ഇതിനെ ഒന്നാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞുകൊണ്ട് ചരിത്രത്തില്‍ തിരുത്തുമായി വരുന്ന കേന്ദ്രമന്ത്രി വ്യക്തമായ ആര്‍എസ്എസ് അജന്‍ഡ മുന്നില്‍വച്ചാണ് നീങ്ങുന്നത്.
ബ്രിട്ടീഷുകാരുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ 18-ാം നൂറ്റാണ്ടുകള്‍ മുതല്‍ ചെറുതും വലുതുമായ നിരവധി സമരങ്ങളും കലാപങ്ങളും ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അരങ്ങേറി. വടക്കന്‍ ബംഗാളിലെ സന്യാസിലഹള മുതല്‍ 1824ല്‍ ഗുജറാത്തില്‍ കോളികള്‍ നടത്തിയ കലാപം, കോലപ്പൂരിലും സത്താറിലും നടന്ന കലാപങ്ങള്‍ ജുഡല്പൂരിലെ ബുണ്ഡേലകളും മധ്യപ്രദേശിലെ ഭില്ലുകളും നടത്തിയ കലാപങ്ങള്‍, കേരളത്തിലെ ആദിവാസികളായ കുറിച്യര്‍ ഉള്‍പ്പെടെയുള്ള വിവിധ ഗോത്രവര്‍ഗങ്ങള്‍ നടത്തിയ സമരമുന്നേറ്റങ്ങള്‍ ഇതെല്ലാം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകളായിരുന്നു. ഇവയില്‍ സായുധ കലാപങ്ങളും പെടും. പഴശിരാജയുടെയും, കുഞ്ഞാലിമരയ്ക്കാറുടെയും അത്തരത്തില്പ്പെട്ടവയായിരുന്നു.
ഇന്ത്യാ ചരിത്രത്തില്‍ ചാരം മൂടിക്കിടന്ന അറിയപ്പെടാത്ത എത്രയോ സമരങ്ങളുടെ വീരചരിതങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. ഈ സമരമുന്നേറ്റങ്ങള്‍ മിക്കതും ഒരു ചെറിയ പ്രദേശത്ത് ഒതുങ്ങി നിന്നവയായിരുന്നു. നേരിയ വിജയക്കുതിപ്പിനപ്പുറം ഇവയ്ക്കൊന്നും മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ബ്രിട്ടീഷുകാരെ ആദ്യമൊന്നു അമ്പരപ്പിച്ചെങ്കിലും പ്രാദേശികമായിത്തന്നെ ഇവയെയൊക്കെ അടിച്ചമര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഒഡിഷയിലെ പൈക പ്രക്ഷോഭം ഇതുപോലെ അടിച്ചമര്ത്തപ്പെട്ടതായിരുന്നു.
ഒഡിഷയിലെ ഗജപതി രാജാക്കന്മാരുടെ സൈനിക പോരാളികളായിരുന്നു പൈകമാര്. യുദ്ധകാലത്ത് രാജാക്കന്മാര്ക്ക് എല്ലാവിധ സഹായവും നല്‍കിയിരുന്നത് ഇവരായിരുന്നു. 1817 മാര്‍ച്ച് മാസത്തില്‍ പൈകമാരുടെ നേതാവായ ബക്ഷി ജഗബസുവിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന് തുടക്കം കുറിച്ചു. പെട്ടെന്നുതന്നെ സമരം ആളിക്കത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളായ പൊലീസ് സ്റ്റേഷനുകളും ട്രഷറികളും തകര്‍ത്ത് മുന്നേറിയ സമരക്കാര്‍ നിരവധി ബ്രിട്ടീഷുകാരെ വധിക്കുകയും ചില പ്രദേശങ്ങള്‍ മോചിപ്പിക്കുകയും ചെയ്തു. പ്രക്ഷോഭം ആദ്യഘട്ടത്തില്‍ ശക്തിയായി മുന്നേറി. പക്ഷേ രണ്ട് മാസത്തിനുള്ളില്‍ സമരത്തെ ഈസ്റ്റ് ഇന്ത്യ കമ്പനി അടിച്ചമര്‍ത്തി.
ഗജപതി രാജാക്കന്മാരുടെ യുദ്ധ പോരാളികള്‍ എന്ന നിലയില്‍ അനുഭവിച്ചിരുന്ന ഒട്ടനവധി ആനുകൂല്യങ്ങള്‍ ബ്രിട്ടീഷുകാര്‍ നിര്‍ത്തലാക്കിയതാണ് പൈകമാരെ പ്രകോപിപ്പിച്ചതും പെട്ടെന്ന് ലഹളയിലേയ്ക്ക് നയിച്ചതും. വളരെ വേഗം ഇത് പടര്‍ന്ന് പിടിക്കുകയും ചെയ്തു.
എന്നാല്‍ ഇതില്‍ നിന്നൊക്കെ തീര്‍ത്തും വിഭിന്നമായിരുന്നു 1857ലെ കലാപത്തിന്റെ കാര്യം. ഒന്നാം സ്വാതന്ത്ര്യ സമരം, ഇന്ത്യന്‍ വിപ്ലവം, ഇന്ത്യന്‍ ജനതയുടെ ഉയര്‍ത്തെണീക്കല്‍ എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇത് അറിയപ്പെട്ടത്. ഈ വിപ്ലവത്തിലൂടെ ഇന്ത്യന്‍ ജനത ഉണരുകയാണെന്നും വൈകാതെ അവര്‍ ബ്രിട്ടീഷ് നുകം വലിച്ചെറിയുമെന്നും കാള്‍ മാര്‍ക്സ് ലണ്ടനിലിരുന്നുകൊണ്ട് അന്ന് പ്രവചിക്കുകയുണ്ടായി. ബ്രിട്ടീഷുകാര്‍ ഈ കലാപത്തെ വെറും ശിപായി ലഹളയായി അധിക്ഷേപിക്കുകയാണ് ചെയ്തത്.
ബ്രിട്ടീഷുകാര്‍ ഇന്ത്യക്കാരോട് കാണിച്ച ക്രൂരമായ പെരുമാറ്റങ്ങള്‍, ഇന്ത്യന്‍ സൈനികരും ബ്രിട്ടീഷ് ഓഫീസര്മാരുമായുണ്ടായിരുന്ന അകല്‍ച്ച, ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ദത്താവകാശ നിരോധന നിയമം, മുഗള്‍ ചക്രവര്‍ത്തിപദം നിര്‍ത്തലാക്കിയത് തുടങ്ങിയവയെല്ലാം ഈ കലാപം തുടക്കം കുറിക്കുന്നതിന് കാരണമായി. മാത്രമല്ല ഈസ്റ്റ് ഇന്ത്യ കമ്പനി നയങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്ക് വന്‍ സാമ്പത്തിക ബാധ്യതകളാണ് വരുത്തിവച്ചത്. എങ്കിലും സമരം പൊട്ടിപ്പുറപ്പെടാന്‍ പെട്ടെന്നുണ്ടായ ചേതോവികാരം മതപരമായിരുന്നു. ഇന്ത്യന്‍ സൈനിക ക്യാമ്പില്‍ ഉപയോഗിക്കാന്‍ കൊടുത്തിരുന്ന തോക്കിലെ വെടിയുണ്ടകളില്‍ പശുവിന്റെയും പന്നിയുടെയും കൊഴുപ്പ് പുരട്ടിയ നെയ്യ് ഉപയോഗിക്കുന്നു എന്നത് വാര്‍ത്തയായിരുന്നു. പശുവിനെ വിശുദ്ധ മൃഗമായി കരുതിയിരുന്ന ഹിന്ദുക്കളും പന്നിയെ വെറുക്കപ്പെട്ട മൃഗമായി കരുതിയ മുസ്ലിങ്ങളും ഇത് തങ്ങളെ മതഭ്രഷ്ടരാക്കാനുള്ള ബ്രിട്ടീഷുകാരുടെ തന്ത്രമാണെന്ന് തോന്നിച്ചു. 1857 മാര്‍ച്ചില്‍ ബരക്പൂര്‍ സൈനിക ക്യാമ്പിലെ ഇന്ത്യന്‍ പട്ടാളക്കാര്‍ ഈ വെടിയുണ്ട ഉപയോഗിക്കാന്‍ വിസമ്മതിച്ചു. മംഗല്‍ പാണ്ഡെ എന്ന സാധാരണ ഇന്ത്യന്‍ സൈനികന് ഇതിനെതിരെ പരസ്യമായി പ്രതിഷേധിച്ചു. ഈ ദേശാഭിമാനിയെ ബ്രിട്ടീഷുകാര്‍ സൈനിക കോടതിയില്‍ ഏകപക്ഷീയമായി വിചാരണ ചെയ്ത് സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് 1857 ഏപ്രില്‍ 8ന് തൂക്കിക്കൊന്നു. തുടര്‍ന്ന് മെയ് 10ന് മീററ്റില്‍ കലാപത്തിന് തുടക്കം കുറിച്ചു. ഇതില്‍ നിരവധി ബ്രിട്ടീഷുകാര്‍ വധിക്കപ്പെട്ടു.
ജയിലറകളില്‍ നിന്നും തടവുകാരെ മോചിപ്പിച്ച ഇന്ത്യന്‍ സൈനികര്‍ ഡല്‍ഹിയിലേയ്ക്ക് മാര്‍ച്ച് ചെയ്തു. 1857 മെയ് 11ന് ഡല്‍ഹിയിലെത്തിയ കലാപകാരികള്‍ ബ്രിട്ടീഷുകാര്‍ പുറത്താക്കിയ മുഗള്‍ ഭരണാധികാരി ബഹദൂര്‍ഷാ രണ്ടാമനെ ചക്രവര്‍ത്തിയായി അവരോധിച്ചു.
മീററ്റ്, ഝാന്‍സി, കാണ്‍പൂര്‍, ലക്നൗ തുടങ്ങി ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ലഹള വ്യാപിച്ചു. ഓരോയിടങ്ങളിലും സമരത്തിന് നേതൃത്വം നല്കാന് ചിലരുണ്ടായിരുന്നു. മധേ്യന്ത്യയിലും, ഉത്തരേന്ത്യയിലും കലാപം മൂര്‍ധന്യത്തിലെത്തി. ലഹളക്കാര്‍ വന്‍ മുന്നേറ്റം നടത്തിയെങ്കിലും ബ്രിട്ടീഷുകാര്‍ കൂടുതല്‍ സൈനികരെ ഇറക്കി തിരിച്ചടിച്ചു. അവര്‍ ഡല്‍ഹി തിരിച്ചുപിടിക്കുകയും ചെയ്തു. നാനാസാഹിബ്, താന്തിയോതോപ്പി, ഝാന്‍സിറാണി, ഖാന് ബഹദൂര്‍ ഖാന്, കന്‍വര്‍സിങ് തുടങ്ങി പലരും പ്രാദേശികമായി നേതൃത്വം കൊടുക്കാന്‍ ഉണ്ടായിരുന്നെങ്കിലും ഒരു ശക്തമായ ഏകീകൃത നേതൃത്വം ഇല്ലാത്തത് കലാപം പരാജയപ്പെടാന്‍ കാരണമായി. സമരത്തെ ജനകീയവല്‍ക്കരിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞില്ല.
കലാപം പരാജയപ്പെട്ടെങ്കിലും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിപ്പിക്കാനും ബ്രിട്ടീഷ് രാജ്ഞിയുടെ നേരിട്ടുള്ള ഭരണത്തില്‍ രാജ്യത്തെ മാറ്റാനും ഈ കാലപം മൂലം സാധിച്ചു. അതോടൊപ്പം ഇന്ത്യന്‍ ജനതയ്ക്ക് സ്വാതന്ത്ര്യത്തിലേക്ക് നീങ്ങാനുള്ള ഉല്‍ക്കടമായ അഭിവാഞ്ച സൃഷ്ടിച്ചെടുക്കാന്‍ ഈ സമരത്തിന് സാധിച്ചു. പില്ക്കാലത്ത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യസമരത്തിനായി ഒരു ദേശീയ നേതൃത്വം രൂപപ്പെടാന്‍ കാരണവും ഈ കലാപമായിരുന്നു. അതുകൊണ്ടാണ് ഈ കലാപത്തെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് ചരിത്രം വിലയിരുത്തിയത്.
ഇന്ത്യാരാജ്യത്തെ ഭരണസിരാകേന്ദ്രം എപ്പോഴും ഇന്ദ്രപ്രസ്ഥം (ഡല്‍ഹി) ആയിരുന്നു. ഡല്‍ഹി പിടിച്ചെടുക്കുന്നവരാണ് എപ്പോഴും രാജ്യം ഭരിച്ചിരുന്നത്. നമ്മുടെ ഐതിഹ്യങ്ങളിലും ഇതിഹാസങ്ങളിലും വരെ ഇന്ദ്രപ്രസ്ഥത്തിന്റെ പ്രസക്തി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഡല്‍ഹി പിടിച്ചെടുക്കുക വഴി ബ്രിട്ടീഷുകാരെ ഇന്ത്യയില്‍ നിന്നും തുരത്താനുള്ള ശ്രമമാണ് ഈ കലാപം വഴിവച്ചത്. ഇതുപോലെയൊരു പ്രക്ഷോഭം ഇതിനുമുമ്പ് ഇന്ത്യാചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഒന്നാം സ്വാതന്ത്ര്യസമരമെന്ന് ഈ കലാപത്തെ അതുകൊണ്ട് കൂടിയാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇപ്പോള്‍ തിരുത്തുമായി സംഘപരിവാറുകള്‍ വരാന്‍ കാരണം മറ്റെല്ലാം അംഗീകരിക്കപ്പെടാമെങ്കിലും ഡല്‍ഹിയില്‍ ഈ ലഹള ബ്രിട്ടീഷുകാര്‍ പുറത്താക്കിയ മുഗള്‍ ഭരണാധികാരിയെ പുനരവരോധിച്ചത് തീരെ ദഹിക്കുന്നതായിരുന്നില്ല. മുസ്ലിം ജനതയേയും മുസ്ലിം ഭരണാധികാരികളെയും ശത്രുസ്ഥാനത്ത് നിര്‍ത്തുന്ന ഫാസിസ്റ്റ് അജന്‍ഡയുടെ ഭാഗമായ ഹിന്ദു വര്‍ഗീയ രാഷ്ട്രീയം കൈയാളുന്ന കേന്ദ്രസര്‍ക്കാര്‍ ഏതെങ്കിലും രൂപത്തില്‍ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഈ കരട് നീക്കം ചെയ്യാന്‍ തക്കം പാത്തിരിക്കുമ്പോഴാണ് പൈക സമരത്തിന്റെ 200-ാം വാര്‍ഷികം ഒഡിഷയില്‍ കൊണ്ടാടപ്പെട്ടത്. പ്രധാനമന്ത്രി മോഡിയാണ് ഇത് ഉല്‍ഘാടനം ചെയ്തത്.
പൈക സമരത്തിന്റെ പ്രാധാന്യം ദേശീയതലത്തില്‍ എത്തിക്കാന്‍ 200 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വിനിയോഗിക്കുന്നത്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പൈക കലാപത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ സംഘപരിവാറിന്റെ ദീര്‍ഘകാലത്തെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അവസരമായത്. ചരിത്രം തിരുത്തുന്നതിന്റെ ഒരു തുടക്കം മാത്രമായിരിക്കുമിത്.