20 April 2024, Saturday

ഫാസിസ്റ്റ് മൂലധനശക്തികളും കർമ്മഫലവും

അജിത് കൊളാടി
വാക്ക്
May 21, 2022 7:00 am

മനസിൽ ഇടയ്ക്ക് ഉയർന്നുവരുന്ന വാക്കുകളാണ് കർമ്മം, കർമ്മഫലം എന്നിവ. നിഘണ്ടുകളിൽ കർമ്മഫലത്തെ അടയാളപ്പെടുത്തിയിരിക്കുന്നത് വിധി എന്നർത്ഥത്തിലാണ്. പൊതുവെ ഭാരതത്തിലുള്ള ഒരു വിശ്വാസം, ഇന്നലെകളുടെ കർമ്മത്തിന്റെ ഫലമായിട്ടാണ് ഇന്നത്തെ സംഭവങ്ങൾ ഉണ്ടാകുന്നത് എന്നാണ്. ഒരാൾ മറ്റൊരു സുഹൃത്തിനോട് തന്റെ ജീവിതത്തിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ദുരിതങ്ങൾ പറയുമ്പോൾ, സശ്രദ്ധം കേട്ട്, ആ സുഹൃത്ത് തലയാട്ടും. എന്നിട്ട് പറയും, എന്തു ചെയ്യാം ഇതെല്ലാം കർമ്മഫലം തന്നെ, വിധി എന്നല്ലാതെ എന്തു പറയാൻ. ഒരു പന്ത് ഉയരത്തിലേക്ക് എറിഞ്ഞാൽ, തീർച്ചയായും അതിന് താഴോട്ടു വന്നേ പറ്റു. പന്ത്, നിസഹായമായ ഒരു വസ്തുവാണ്. പന്ത് താഴേക്കുവരുന്നത് അതിന് ഇഷ്ടമുള്ളതുകൊണ്ടല്ല, മറിച്ച് ഭൂമിയുടെ ആകർഷണശക്തി കൊണ്ടാണ്. അതുകൂടാതെ മറ്റുപല കാരണങ്ങളും ഉണ്ടാകാം, ആ പന്തിനെ താഴോട്ടു കൊണ്ടുവരുന്നതിൽ. പന്തിന് എപ്പോഴും താല്പര്യം കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാനാണ്. അനന്തമായ നീലാകാശത്തിൽ, ഹൈഡ്രജൻ നിറഞ്ഞ ബലൂൺ പോലെ, കൂടുതൽ ഉയരങ്ങളിൽ അലസമായി പറക്കാനാണ് പന്തിനിഷ്ടം. പക്ഷെ ഭൂമിയുടെ ആകർഷണം ആ പന്തിനെ പറക്കാൻ അനുവദിച്ചില്ല. പറഞ്ഞുവരുന്നത്, സംഭവിച്ചുകൊണ്ടിരിക്കുന്ന ഏതു കാര്യത്തിന്റെ പിന്നിലും അങ്ങനെ സംഭവിക്കാൻ നൂറുകണക്കിനു കാരണങ്ങളുണ്ടാകാം. ഇതു പല തത്വചിന്തകരും ശാസ്ത്രജ്ഞരും പറഞ്ഞിട്ടുണ്ട്.

കാലാവസ്ഥാ പ്രവചനത്തിൽ ഗഹനമായ സംഭാവനകൾ നൽകി ഒരു തവണ നൊബേൽ പ്രൈസ് നേടിയ എഡ്‌വേർഡ് ഡി ലോറൻസ് എന്ന ശാസ്ത്രജ്ഞൻ, പുരസ്കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞത്, കാലാവസ്ഥാ പ്രവചനം എന്നത് നൂറുകണക്കിനു ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നതാണ്. അദ്ദേഹം പറഞ്ഞ രസകരമായ ഒരു കാര്യം, ബെയ്ജിങ്ങിലെ ഒരു പുന്തോട്ടത്തിലെ പുഷ്പത്തിൽ നിന്ന്, പറക്കാൻ വെമ്പൽക്കൊള്ളുന്ന പൂമ്പാറ്റ, പറക്കാൻ ചിറകുവിടർത്തുമ്പോൾ, അതിന്റെ പ്രത്യാഘാതമെന്നോണം ഒരു മാസത്തിനു ശേഷം, സാൻഫ്രാൻസിസ്കോയിൽ കനത്ത മഞ്ഞുമഴ ഉണ്ടാകും എന്നാണ്. ഭൂമിയിൽ വിദൂരങ്ങളിലുള്ള ഗോളാർധങ്ങളിലാണ് ഇവ രണ്ടും എന്നോർക്കണം. നമ്മൾ പഴത്തൊലിയിൽ ചവിട്ടിയാൽ, വഴുക്കി മലര്‍ന്നടിച്ചു വീഴും. നമ്മുടെ കാൽപ്പാദം ശക്തിയോടെ പഴത്തൊലിയുടെ പുറത്ത് ചവിട്ടിയതിന്റെ ഫലമാണത്. അത് സ്വാഭാവികമായ ഫലമാണ്. അതേസമയം ഒരാൾ അതിൽ ചവിട്ടിയത് അത് അവിടെ ഉണ്ടായിരുന്നതുകൊണ്ടും അതവിടെ കിടക്കുന്നത് അയാൾക്ക് അറിവില്ലായിരുന്നു എന്നതുകൊണ്ടുമാണ്. അതെങ്ങനെ കർമ്മഫലമാകും? പലരും അത്യാർത്തി മൂലം, സ്വാർത്ഥതമൂലം, ഏതു ഹീനമായ പ്രവൃത്തിയിലൂടെയും മനുഷ്യനെ ദ്രോഹിച്ച് അമിതമായി പണം സമ്പാദിക്കുന്നു. അങ്ങനെയുള്ള ഒരാൾക്ക് അസുഖം വന്നാൽ അത് അവരുടെ കർമ്മഫലമാണെന്ന് ജനം പറയും. എന്നാൽ വൈദ്യശാസ്ത്രം പറയുന്നത്, അനുകൂലാന്തരീക്ഷത്തിൽ, ഗൗരവതരമായ അസുഖങ്ങൾ ഉള്ള ഒരാളുടെ കോശമർമ്മത്തിലെ പാരമ്പര്യ ഗുണങ്ങൾ ഉൾക്കൊള്ളുന്ന ഏകകങ്ങൾ, ശരീരത്തിനകത്ത് ചില സംഭവ ശൃംഖലകൾക്ക് തുടക്കം കുറിക്കുന്നതുകൊണ്ടാണെന്നാണ്. പുരാണങ്ങൾ പറയുന്നത് നമ്മൾ അടുത്ത ജന്മത്തില്‍ ഏതു രൂപം ധരിക്കുക എന്നത്, ദൈനംദിന പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കും എന്നാണ്. പലരും ഇതു വിശ്വസിക്കുന്നു എങ്കിലും പലരുടെയും പ്രവൃത്തികൾ മനുഷ്യവിരുദ്ധമാണ്, മലീമസമാണ്, സ്വാർത്ഥതയുടെ അങ്ങേയറ്റവുമാണ്. ആരാണ് യഥാർത്ഥത്തിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ തെറ്റാണോ, ശരിയാണോ എന്നു നിശ്ചയിക്കുന്നത്. മറ്റു മനുഷ്യരോട് ക്രൂരമായ പ്രവൃത്തികൾ ചെയ്യുന്ന ഒരാൾ, അടുത്ത ജന്മത്തിൽ (അങ്ങനെ ഒരു ജന്മമുണ്ടെങ്കിൽ) ഒരു വികൃതമായ ജന്തുവായി ജനിച്ചു എന്നു കരുതുക. എങ്കിൽ എങ്ങനെയാണ് ആ ജന്തുവിന് അറിയാൻ സാധിക്കുക, തന്റെ ഭൂതകാല പ്രവൃത്തികൾകൊണ്ടാണ് താൻ ഈ രൂപത്തിൽ ജനിച്ചതെന്ന്. എങ്ങനെയാണ് ശിക്ഷിക്കപ്പെട്ട ആളുടെ അഭിപ്രായം അറിയാതെ ദൈവം ഒരാളെ ശിക്ഷിക്കുക. ദൈവം അനുകമ്പയുടെയും ന്യായത്തിന്റെയും പ്രതിരൂപമാണെങ്കിൽ ഒരാളെ ശിക്ഷിക്കുന്നതിനു മുൻപ് അയാൾക്ക് പറയാനുള്ളത് കേൾക്കേണ്ടേ? ദൈവം സർവത്തിനും മുകളിലാണെങ്കിലും ന്യായത്തിന്റെയും അനുകമ്പയുടെയും അവതാരമായിരിക്കേണ്ടേ? അതൊന്നും ഇവിടെ കാണുന്നില്ല. മനുഷ്യകുലം ഉണ്ടായതു മുതൽ അതിജീവനത്തിനു വേണ്ടി ചെറിയ ഗ്രൂപ്പുകളായി സംഘടിച്ച്, പിന്നീട് ഗോത്രങ്ങളായി.


ഇതുകൂടി വായിക്കാം; വിദ്വേഷകരുടെ ചുടലനൃത്തവും അധികാരികളുടെ മഹാമൗനവും


പിന്നെയും അനവധികാലം പിന്നിട്ടു. ക്രമേണയുള്ള മനുഷ്യവംശത്തിന്റെ പരിണാമം സൂക്ഷ്മമായി പരിശോധിച്ചാലറിയാം, കൂടുതൽ ശക്തവും കഴിവുള്ളവരുമായ മനുഷ്യർ കൂടുതൽ ഭക്ഷ്യധാന്യങ്ങളും സമ്പത്തും അധികാരവും കയ്യടക്കാൻ തുടങ്ങി എന്നത്. മറ്റുള്ളവർ ക്രമേണ നിഷ്പ്രഭരാകുന്നു. പിന്നീട് ശക്തിയുള്ളവർ ഭൂമിയെ കയ്യടക്കി, സമ്പത്തും വിഭവങ്ങളും തങ്ങളുടെ താല്പര്യത്തിനു വേണ്ടി ഉപയോഗിക്കാൻ തുടങ്ങി. ഇത് കാണിക്കുന്നത് വളരെ വളരെ ചെറിയ ഒരു വിഭാഗമാണ്, ഭൂമിയിലെ വർണനാതീതമായ സൗകര്യങ്ങളും ബൃഹത്തായ കൊട്ടാരങ്ങളും മനുഷ്യനെ ചൂഷണം ചെയ്യാനുള്ള അധികാരങ്ങളും പ്രകൃതിവിഭവങ്ങളും അനന്തമായ സമ്പത്തും എല്ലാം അടക്കിവയ്ക്കുന്നത് ലോകത്തിലെ വളരെ ചെറിയ ന്യൂനപക്ഷമാണ്. നമ്മുടെ സമുഹത്തിൽ, ബഹുഭൂരിഭാഗം വരുന്നവർ ജീവിതത്തിലെ അടിസ്ഥാന സൗകര്യങ്ങളടക്കം നിഷേധിക്കപ്പെട്ടവരായി മാറിയത് എങ്ങനെ? നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സാമൂഹിക സാമ്പത്തിക അസമത്വത്തിന്റെ പേരിൽ ജീവിതം ദുസഹമായി അവർ ജീവിക്കാനുള്ള കാരണം എന്ത്? എങ്ങനെയാണ് സമൂഹത്തിലെ സമ്പത്തും അധികാരവും വളരെ ചെറിയ ന്യൂനപക്ഷമാകുന്ന സമ്പന്നരുടെ കയ്യിൽ മാത്രം അകപ്പെടുന്നത്? മൃഗീയമായ ചൂഷണത്തിനും അടിച്ചമർത്തലിനും ഇരയായി ബഹുഭൂരിഭാഗം ജനത, ഈ ഭൂമിയിൽ ജീവിക്കേണ്ടിവന്നത് എങ്ങനെയാണ്? ഭൂരിഭാഗം ജനതയും നല്ല കർമ്മം ചെയ്യാത്തതു കൊണ്ടാണോ വലിയ സമ്പന്നന്മാർ സമ്പത്ത് കയ്യടക്കിയത്? മറ്റുള്ളവരെ ചൂഷണം ചെയ്തും ഭരണകൂടങ്ങളെ വിലയ്ക്കു വാങ്ങിയും ജനാധിപത്യത്തെ നിഷേധിച്ചും അഴിമതിയെ പ്രോത്സാഹിപ്പിച്ചുമാണ് എന്ന് രാഷ്ട്രീയ സാമൂഹ്യ രംഗങ്ങൾ വിലയിരുത്തിയാൽ കാണാം. ആ കർമ്മങ്ങളിൽ തിന്മ നിറയുന്നു, എന്നിട്ടോ? ഇതിനൊക്കെ ഉത്തരമുണ്ടോ? സിദ്ധാന്തങ്ങൾ പലതുമുണ്ട്. അവയൊക്കെ പല കാര്യങ്ങളും വ്യക്തമാക്കുന്നു. പക്ഷെ ഒരു കാര്യം സ്പഷ്ടം. ലോകത്ത് അതിസമ്പന്നരും ശക്തിയുള്ളവരും അധികാര കേന്ദ്രങ്ങളും ഭരണാധികാരികളും ആകുന്നു. അതേ സമയം പാവങ്ങൾ, ദരിദ്രർ എന്നിവരുടെ എണ്ണം ക്രമാതീതമായി അനുദിനം വർധിക്കുന്നു. ഇത് എന്ത് കർമ്മഫലമാണ്. ഇവിടെ പള്ളികൾക്കടിയിൽ ദൈവവിഗ്രഹങ്ങളുണ്ട് എന്നു പറഞ്ഞ് അവ പൊളിക്കാൻ ആവശ്യപ്പെടുന്നു ചിലർ. നാടുകളുടെയും നഗരങ്ങളുടെയും പുനര്‍നാമകരണം ഇന്ന് നാട്ടിൽ സർവസാധാരണം. പണ്ട് ബ്രിട്ടീഷുകാരൻ നൽകിയ പേരാണ് മാറ്റിയതെങ്കിൽ ഇന്ന് ഇസ്‌ലാമിക സംസ്കാരവും പുരാതന ചരിത്രവുമായി ബന്ധമുള്ള സ്ഥലങ്ങളെയും സ്മാരകങ്ങളെയും ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കമാണ്. ഇത് ബഹുസ്വരതയ്ക്കെതിരെ ഉയരുന്ന പ്രത്യക്ഷ ആക്രമണത്തിന്റെ ഒരു രൂപമാണ്. ഇത് ദൈവഹിതമാണോ? ഇത് ഫാസിസ്റ്റു നയങ്ങളുടെ ഫലമാണ്. ദൈവത്തിന് ഇതിൽ പങ്കില്ല. ഇത് ചരിത്രത്തെ വളച്ചൊടിക്കലാണ്. അത് എല്ലാ മതങ്ങളെയും ഉൾക്കൊള്ളാൻ മടിക്കാത്ത ഭാരതീയ സംസ്കാരത്തെ അവഹേളിക്കലാണ്. ചരിത്രത്തെക്കുറിച്ചും സാമ്രാജ്യങ്ങളെയുംകുറിച്ചുള്ള മതമൗലികവാദികളുടെ അജ്ഞതയാണ്. ഭാരതീയ സംസ്കാരത്തിന് മുസ്‌ലിം സമൂഹം സംഭാവനയൊന്നും നൽകിയിട്ടില്ലെന്ന സന്ദേശമാണ് നല്കുന്നത്. അബദ്ധജടിലമാണ് അത്തരം നീക്കങ്ങൾ. ഇത്തരം പ്രവൃത്തികൾ മനുഷ്യൻ മനപ്പൂർവം ചെയ്യുന്നു.

ജനങ്ങളെ ഭിന്നിപ്പിച്ച്, അധികാരം നിലനിർത്താൻ രാജ്യത്തെ സാമ്പത്തികഘടനയുടെ തകർച്ചയുടെ ഭയാനകതയിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം നീക്കങ്ങൾ. ഇവയൊക്കെ മുൻജന്മ കർമ്മഫലമല്ലല്ലൊ. ഭാരതീയ ജനത കെട്ടുകഥകളിൽ വിശ്വസിക്കുന്നവരാണ്, പ്രചരിപ്പിക്കപ്പെടുന്ന നുണകളിൽ വിശ്വസിക്കുന്നവരാണ് എന്ന് ഫാസിസ്റ്റ് ഭരണാധികാരികൾക്കറിയാം. ഇവിടെ നുണകൾ പ്രചരിപ്പിച്ച് ജനത്തിന്റെ മതവിശ്വാസം ചൂഷണം ചെയ്യുന്നു. മനുഷ്യ ചരിത്രത്തോളം പഴക്കമുള്ള ഹിംസയുടെ ചക്രങ്ങളെ അവർ തിരിച്ചു കൊണ്ടിരിക്കും. ഇത്തരം പ്രാകൃത പ്രവൃത്തികൾ ഇവിടെ നടക്കുമ്പോൾ ലോകം നമ്മെ നോക്കിക്കൊണ്ടിരിക്കുന്നു. ചിലർ ചിരിയോടെ, വളരെ പേർ ദുഃഖത്തോടെ. പലർക്കും സാത്താന്റെ ഉപദേശങ്ങളാണ് പ്രിയം. ദൈവമാണ് മനുഷ്യരെ സൃഷ്ടിച്ചതെന്ന് നമ്മെ പടം വരച്ച് വിശ്വസിപ്പിക്കാൻ ശ്രമിച്ച മൈക്കലാഞ്ജലോ, സ്വന്തം ജനതയോട് പറഞ്ഞത് ഇതാണ്. “നമ്മുടെയൊക്കെ ആത്മാവുകൾ ഇത്രകണ്ട് ദാരിദ്ര്യവും അബദ്ധവുമാണോ, പാദങ്ങളാണ് പാദരക്ഷകളെക്കാൾ പ്രധാനമെന്ന് മനസിലാക്കാതെ പോകാൻ? നാമണിഞ്ഞിരിക്കുന്ന വേഷഭൂഷാദികളെക്കാൾ മനോഹരമാണ് അതിനുള്ളിലെ ത്വക്ക് എന്ന് തിരിച്ചറിയാതെ പോകാൻ”. പള്ളികൾ പൊളിച്ച് അതിനടിയിൽ വിഗ്രഹങ്ങൾ കണ്ടെത്തിയാൽ ഏതെങ്കിലും ദൈവത്തിന് സന്തോഷമുണ്ടാകും എന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ല. ഇത് ഇവിടെ അധികാരം നിലനിർത്താൻ വേണ്ടി മനുഷ്യനെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്നവരുടെ ചിന്തയുടെ, ഇപ്പോഴത്തെ പ്രവൃത്തിയുടെ ഫലമല്ലെ. അല്ലാതെ മുജ്ജന്മ കർമ്മഫലമാണോ? നിസഹായമായ ജീവിതം ജീവിക്കേണ്ടവനല്ല മനുഷ്യൻ. മനുഷ്യനെ ദുർബലനാക്കുന്ന മൂലധനശക്തികളുടെ നീചകർമ്മങ്ങളെ പ്രതിരോധിച്ചേ മതിയാകൂ. മതമൗലികവാദികളുടെ മതാന്ധാശയങ്ങളിൽ രമിക്കേണ്ടവനല്ല മനുഷ്യൻ. ഒരു ദൈവവും അത് പറയുന്നില്ല. അത് ആരോ നിശ്ചയിച്ച കർമ്മഫലമല്ല. ഇവിടെയുള്ള മതമൗലികവാദികൾ പറയുന്നതാണ് അത്. പ്രാകൃത ചിന്തകൾക്കെതിരെ പ്രതിരോധം തീർക്കാൻ ഉയർന്നുനിന്നേ മതിയാകൂ. അതാണ് കർമ്മം. അല്ലാതെ ഫാസിസ്റ്റുകളുടെ നുണപ്രചരണങ്ങളിൽ വിശ്വസിക്കലല്ല. ജീവിതം സംഗീതമാകണം. ഒരിക്കൽ ഗാന്ധി ശാന്തിനികേതൻ കാണാൻ പോയി. സംഗീതജ്ഞാനഭരിതമായ സർവകലാശാല മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾ സഹചാരി ഗാന്ധിയോട് ചോദിച്ചു. “ശാന്തിനികേതൻ എങ്ങനെ ഉണ്ട്? ഗാന്ധി മറുപടി പറഞ്ഞു.” ഇവിടെ സംഗീതം കുറച്ച് കൂടുതലാണ്. സംഗീതം നിറഞ്ഞ ജീവിതത്തെക്കാൾ എനിക്കിഷ്ടം ജീവിതമെന്ന സംഗീതമാണ്.” അതാണ് യഥാർത്ഥ കർമ്മം. അതാണ് സത്യം. ഇവിടെ ഭാരതത്തെ സംഗീതശൂന്യമാക്കി മാറ്റുന്ന മനുഷ്യവിരുദ്ധ ശക്തികളുടെ ചെയ്തികൾക്കെതിരെ, പ്രവര്‍ത്തിക്കാൻ ജീവിതത്തെ നാം സംഗീതമാക്കണം. അതാകണം കർമ്മം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.