സ്വന്തം ലേഖിക

December 15, 2020, 1:30 am

റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫാസിസ്റ്റ് നീക്കവും യുഎസിന്റെ ഭാവിയും

Janayugom Online

ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ പ്രതിനിധിസഭയിലെ ഭൂരിഭാഗം റിപ്പബ്ലിക്കന്മാരും അനുകൂലിച്ചാൽ അത് ഫാസിസ്റ്റ് മുന്നേറ്റത്തിലേക്കുള്ള ആ രാജ്യത്തിന്റെ ചുവടുവയ്പായി അറിയപ്പെടും. ചരിത്രത്തിലെ കറുത്ത ദിനമായി അന്നേദിവസത്തെ രേഖപ്പെടുത്തുകയും ചെയ്യും. അതോടുകൂടി ജനാധിപത്യവിരുദ്ധവും തുറന്ന ഫാസിസ്റ്റ് ചിന്താഗതിയുമുള്ള പ്രത്യേകതരം രാഷ്ട്രീയ പാർട്ടിയായി റിപ്പബ്ലിക്കൻ പാർട്ടി അറിയപ്പെടും. യാഥാസ്ഥിതിക പാർട്ടിയെന്ന പേരിനെ അന്വർത്ഥമാക്കുന്ന പ്രവൃത്തിയായിരിക്കും അത്. ഏറെ നാളായി അവർ ഇതേ പാതയിലായിരുന്നുവെന്നുവേണം കരുതാൻ. ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപുമുതലെ റിപ്പബ്ലിക്കൻ പാർട്ടി ജനാധിപത്യവിരുദ്ധവും ഫാസിസ്റ്റ് അനുകൂലവുമായ പാതയിലായിരുന്നു. കഴി‍ഞ്ഞവർഷം ട്രംപ് ഇംപീച്ച്മെന്റ് നടപടികൾ നേരിട്ടപ്പോൾ രാഷ്ട്രീയ എതിരാളിയായ ജോ ബൈഡനെ വിദേശനേതാവിന് കൈക്കൂലി കൊടുത്തുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ചുമത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത് ഈ പാതയിലെ ചെറിയ ഒരു ഏട് മാത്രം. ഇത്തരം ഫാസിസ്റ്റ് നിലപാട് തന്നെയാണ് നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് 19 അറ്റോണി ജനറൽമാർ ഒപ്പിട്ട പരാതികൾ സുപ്രീം കോടതിയിലെത്തിച്ചത്. ചാഞ്ചാട്ട സംസ്ഥാനങ്ങളായ പെൻസിൽവാനിയ, മിഷിഗൺ, ജോർജിയ, വിസ്കോൻസിൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വീണ്ടും പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിച്ചതും.

ജനാധിപത്യപരമായ ജനങ്ങളുടെ അവകാശങ്ങളെ ചോദ്യം ചെയ്ത് കോടതി കയറിയിറങ്ങുകയാണിപ്പോഴും ട്രംപും കൂട്ടരും. ഏറ്റവും ഒടുവിൽ ടെക്സാസിലെ ഏതാനും ഇലക്ട്രൽ വോട്ടുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച അവസാന ഹർജിയും തള്ളിയിരുന്നു. സുപ്രീം കോടതിയിലെ ഒൻപതു ജഡ്ജിമാരിൽ ട്രംപിന്റെ കാലത്ത് നിയമിച്ച മൂന്ന് പേർ ഉൾപ്പെടെ ആറ് കൺസർവേറ്റീവ് ജഡ്‍ജിമാരും ട്രംപിന് അനുകൂലമായി നിന്നില്ലെന്നത് രാജ്യത്തെ നീതിപീഠസംവിധാനത്തിൽ ഇനിയും പ്രതീക്ഷയർപ്പിക്കാം എന്ന സന്ദേശമാണ് നൽകുന്നത്. ലോകത്തെ മറ്റെല്ലാ ജനാധിപത്യ വിരുദ്ധ, ഫാസിസ്റ്റ് പാർട്ടികളെയുംപോലെ ആക്രമണത്തിലൂടെയും കൊലപാതകങ്ങളിലൂടെയും നേട്ടങ്ങളുണ്ടാക്കി ജനാധിപത്യസംവിധാനത്തെ താറുമാറാക്കാനുള്ള രീതികളാണ് റിപ്പബ്ലിക്കൻ പാർട്ടിയും സ്വീകരിച്ചുപോരുന്നത്. പൊലീസ് ഉദ്യോഗസ്ഥർ, സൈനികർ, പ്രൗഡ് ബോയ്സ് പോലുള്ള വർഗീയ വിദ്വേഷ ഗ്രൂപ്പുകൾ എന്നിവർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീടുകളിൽപ്പോലും കയറിയിറങ്ങി നിസാരമായി അവരുടെ ജോലി ചെയ്തുതീർക്കുന്നു. റിപ്പബ്ലിക്കൻ സാമാജികർ ഉൾപ്പെടെയുള്ളവർ ഇതിന് അനുകൂലമായി നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. ചരിത്രം ഇന്നുവരെ കണ്ടതിൽവച്ച് ഏറ്റവും ഭീകരവും മോശവുമായ അവസ്ഥകളിലൂടെ അമേരിക്ക കടന്നുപോകുമ്പോഴാണ് ജനാധിപത്യ സംവിധാനങ്ങൾക്കുമേൽ കത്തിവയ്ക്കുന്ന നിലപാടുകൾ ട്രംപും റിപ്പബ്ലിക്കൻ പാർട്ടിയും സ്വീകരിക്കുന്നത്.

കോവിഡ് രോഗബാധ അമേരിക്കയെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. പ്രതിദിനം മൂവായിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരിക്കുന്നത്. സാമ്പത്തിക മേഖല കുത്തനെ ഇടിഞ്ഞു. കോടിക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു. അതിലേറെപ്പേർ ഒരു നേരത്തെ ആഹാരത്തിനായി വിവിധ സ്ഥലങ്ങളിൽ മണിക്കൂറുകളോളം വരിനിൽക്കുകയാണ്. എന്നിട്ടും കോവിഡ് രോഗത്തെ പിടിച്ചുകെട്ടാനും മരുന്നു കണ്ടെത്താനും എല്ലാത്തിനും പണം കൈവശമുണ്ടെന്ന ഗീർവാണം മുഴക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി. എല്ലാത്തിനും പണം കൈയ്യിലുണ്ട്. എന്നാൽ നിങ്ങളെ നിങ്ങൾ സൂക്ഷിക്കുക ഇതാണ് മാസങ്ങളായി ഭരണപക്ഷത്തിരിക്കുന്ന പാർട്ടിയും പാർട്ടി നേതാക്കളും പറയുന്നത്. അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടാം ലോകമഹായുദ്ധത്തിൽ മരിച്ചവരുടെ എണ്ണത്തിന് തുല്യമായിരിക്കുകയാണ്. ജനങ്ങൾ കൺമുന്നിൽ മരിച്ചുവീഴുന്നത് നോക്കി നിൽക്കുക മാത്രമാണ് റിപ്പബ്ലിക്കൻ പാർട്ടിയും ട്രംപും ചെയ്യുന്നത്. രാജ്യത്ത് മഹാമാരി പടർന്നുപിടിച്ചിട്ടും രോഗത്തെക്കുറിച്ച് നിരന്തരമായി കള്ളം പറഞ്ഞിട്ടും സാമ്പത്തിക‑തൊഴിൽ രംഗങ്ങളെല്ലാം തലകീഴായ് മറിഞ്ഞിട്ടും രാജ്യം ഭരിക്കാൻ ട്രംപ് തന്നെ മതിയെന്ന പാർട്ടിയുടെ നയം വ്യക്തമാക്കുന്നത് റിപ്പബ്ലിക്കൻ പാർട്ടിയുടെ ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് നിലപാടുകളാണ്.

അവസാന ഹർജിയും സുപ്രിംകോടതി തള്ളിയെങ്കിലും റിപ്പബ്ലിക്കൻ പാർട്ടി ഇതുമായി മുന്നോട്ട് പോകുമെന്നാണ് ഡമോക്രാറ്റിക് സെനറ്റർ ക്രിസ് മുർഫി കഴിഞ്ഞ ദിവസം നൽകിയ സൂചന. ബൈഡന്റെ വിജയം ഇലക്ട്രൽ കോളജ് ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ പോലും ട്രംപിനും കൂട്ടർക്കും കുറ്റബോധം തോന്നില്ല. ജനുവരിയിൽ ഇലക്ട്രൽ കോളജ് വോട്ടുകൾ കോൺഗ്രസിനു മുന്നിൽ വയ്ക്കുമ്പോൾ അട്ടിമറി നടത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകാനായിരിക്കും റിപ്പബ്ലിക്കൻ പാർട്ടി ശ്രമിക്കുക. ഇതോടെ ഭരണഘടനാ അനിശ്ചിതത്വവും പ്രതിസന്ധിയും രാജ്യത്തെ പിടികൂടും.

ബൈഡൻ അധികാരത്തിലെത്തുമ്പോഴും നിശ്ചലമായ ഭരണഘടനാ സംവിധാനവും ഭരണഘടനാ അവകാശങ്ങളിൽ വിശ്വാസവും നഷ്ടപ്പെട്ട ജനതയുമാകും അമേരിക്കയിൽ ഉണ്ടാകുക. ആക്രമണങ്ങളും മരണവും ഇല്ലാതെ ഈ പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാൻ കഴിയുമെന്നറിയില്ലെന്നാണ് ഫോറിൻ പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ റിസർച്ച് ഫെലോ ക്ലിന്റ് വാട്ട് പ്രതികരിച്ചത്. ട്രംപിന്റെ തെരഞ്ഞെടുപ്പ് അട്ടിമറി നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റിപ്പബ്ലിക്കൻ പാർട്ടിയിലെ നിയമനിർമ്മാതാക്കൾ അഹോരാത്രം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ തന്ത്രങ്ങൾ മെനയുന്നതിനും ട്രംപിന്റെ തന്ത്രങ്ങൾ ഭരണഘടനയുടെ പിന്തുണ കെട്ടിയുറപ്പിക്കുന്നതിനും. സ്വന്തം താല്പര്യങ്ങൾ മുൻനിർത്തി ഭരണത്തിൽ തുടരാൻ മുൻകാലങ്ങളിൽ ആരും സ്വീകരിക്കാത്ത നീക്കങ്ങളാണ് ട്രംപ് നടത്തുന്നത്. ഇതൊരു യുദ്ധമാണെന്നും അതിൽ ജയിക്കേണ്ടത് ആവശ്യമാണെന്നും ട്രംപിന്റെ പാളയത്തിൽ നിന്നുതന്നെ ആഹ്വാനം ചെയ്തിട്ടുണ്ട്. അതെ, അമേരിക്കയിലെ ജനാധിപത്യ, ഭരണഘടനാ സംരക്ഷണം ഒരു യുദ്ധപ്രഖ്യാപനം തന്നെയാണ്. ഇതിന്റെ ആദ്യപടി ഈ വർഷം നടന്ന പ്രസിഡ‍ന്റ് തെരഞ്ഞെടുപ്പായിരുന്നു. അതിൽ റിപ്പബ്ലിക്കൻ പാർട്ടിയെയും അമരക്കാരനായ ട്രംപിനെയും പരാജയപ്പെടുത്തുന്നതിൽ ജനം വിജയിച്ചു. ഇനി ജോർജിയയിലെ സെനറ്റർ തെരഞ്ഞെടുപ്പാണ്. നിലവിൽ ബൈഡൻ ജയിച്ചുവെങ്കിലും നിർണായക തീരുമാനങ്ങളെടുക്കുന്ന സെനറ്റിന്റെ ഭൂരിപക്ഷം റിപ്പബ്ലിക്കൻ പാർട്ടിക്കാണ്. 50- 48 ആണ് സെനറ്റിലെ സീറ്റ് നില. ജനുവരി അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജോർജിയയിലെ രണ്ട് സീറ്റുകൾ ആർക്കു കിട്ടുമെന്നതിനെ ആശ്രയിച്ചാകും അമേരിക്കയുടെ ഭാവി.

തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണച്ച ജനാധിപത്യവിരുദ്ധ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഓരോരുത്തരെയും പരാജയപ്പെടുത്തേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. ഫാസിസ്റ്റ് നീക്കങ്ങൾ രാജ്യത്ത് പടർന്നുപിടിക്കുന്നതിന് മുൻപ് ബൈഡൻ സഖ്യത്തെ കൂടുതൽ വിശാലമാക്കുകയും ജനാധിപത്യസംരക്ഷണം ഉറപ്പുവരുത്തുകയുമാണ് വേണ്ടത്. എന്തായാലും ജനങ്ങൾ ഫാസിസത്തിന്റെ ഭീഷണി നേരിടുന്നത് ഇതാദ്യമല്ല, ഈ പ്രത്യേക ഭീഷണിയെ പരാജയപ്പെടുത്തുന്നതും ആദ്യമായല്ലെന്നതാണ് പ്രതീക്ഷ നൽകുന്ന വസ്തുത.

Eng­lish sum­ma­ry: fas­cist move of the Repub­li­can Par­ty And the future of the US

You may also like this video;