Saturday
23 Mar 2019

പാറശ്ശാലയില്‍ നിന്ന് കാസര്‍കോട് വരെ എത്താന്‍ അരമണിക്കൂറോ?

By: Web Desk | Monday 14 August 2017 7:20 PM IST


പത്തു മിനിട്ട് കൊണ്ട് എത്തേണ്ട ഒരു സ്ഥലത്ത് രണ്ട് മണിക്കൂര്‍ ചെലവാക്കേണ്ട അവസ്ഥയാണിന്ന് പലയിടങ്ങളിലും. ഗതാഗതക്കുരുക്കുകള്‍ അതിരൂക്ഷമാകുന്ന ഇടങ്ങളില്‍ ഇത്തരം അവസ്ഥയെ അതിജീവിക്കാന്‍ പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്ന തിരക്കിലാണ് സാങ്കേതിക ലോകം. മെട്രോ ട്രെയിന്‍ ഉള്‍പ്പെടെ നിരവധി സാങ്കേതിക വിദ്യയെ കൊണ്ടുവന്നതിന്റെ പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങളും മറ്റൊന്നല്ല. കാറുകള്‍ക്ക് വഴി നല്‍കി, ഒപ്പം യാത്രയും ചെയ്യാനാകുന്ന സ്ര്‌ടേഡിങ് ബസ് എന്ന സംവിധാനം ഇറക്കി, ചൈനയും പുതിയ പരീക്ഷണങ്ങള്‍ നടത്തി. മേല്‍ പറഞ്ഞ സാങ്കേതിക വിദ്യകള്‍ ഏതെങ്കിലും ഒരു ഇന്ധനത്തിന്റെ പിന്‍ബലത്തോടുകൂടി പ്രവര്‍ത്തിക്കപ്പെടുമ്പോള്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി കാന്തിക പരീക്ഷണം ഉപയോഗിച്ചുള്ള മറ്റൊരു പരീക്ഷണത്തിനാണ് ലോകം ഇന്ന് കാത്തിരിക്കുന്നത്.
സ്‌പേസ്, എക്‌സ് തുടങ്ങിയ കമ്പനികളുടെ ഉടമയായ എലോണ്‍ മസ്‌കിന്റെ തലയില്‍ ഉദിച്ച ആശയമാണ് ഹൈപ്പര്‍ ലൂപ്പ്. രണ്ടോ മൂന്നോ ഇന്ത്യക്കാരടക്കം കുറേ സ്വപ്നജീവികളുടെ കേവലം അഞ്ചുവര്‍ഷത്തെ അധ്വാനത്തിന്റെയും ചിന്തകളുടെ രാകിമിനുക്കലുകളുടെയും ചരിത്രമേ ഹൈപ്പര്‍ലൂപ്പിനുള്ളൂ. പക്ഷേ, കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു.


റോഡ്, ട്രെയിന്‍, കപ്പല്‍, വിമാനം എന്നിവയ്‌ക്കൊടുവില്‍ ഗതാഗതത്തിന്റെ അഞ്ചാംതലമുറ എന്നാണു എലോണ്‍ മസ്‌ക് ഹൈപ്പര്‍ ലൂപ്പിനെ വിശേഷിപ്പിക്കുന്നത്. റെയില്‍ പാതയുടെ സ്ഥാനത്ത് സാങ്കേതികമായി വികസിപ്പിച്ചെടുത്ത പ്രത്യേകം ട്യൂബാണ് ഹൈപ്പര്‍ലൂപ് ഉപയോഗിക്കുന്നത്.
സ്റ്റീല്‍ ട്യൂബിലുടെയാണ് യാത്ര. യാത്രക്കാരെയും ചരക്കുകളും കുറഞ്ഞ മര്‍ദ്ദത്തിലുള്ള വായുവിലൂടെ കാന്തിക ബലത്തിന്റെ സഹായത്തോടെ തള്ളുന്നു. ഓരോ 30 സെക്കന്‍ഡിലും ഓരോ കാബിനുകള്‍ വീതം നീക്കാനാകും. മണിക്കൂറില്‍ 1,300 കിലോമീറ്റര്‍ വേഗതയില്‍ ഇത്തരത്തില്‍ സഞ്ചരിക്കാനാകുമത്രേ!
ഹൈപ്പര്‍ലൂപ് ടെക്‌നോളജി യാത്രാസുരക്ഷിതം നല്‍കുമെന്നാണ് വിശ്വസിക്കുന്നത്. സുരക്ഷിതത്വം, വേഗം, ചെലവ് കുറവ്, കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള ശക്തി, സ്ഥിരത, ഭൂകമ്പത്തെ ചെറുക്കാനുള്ള കഴിവ്, സോളാറിന്റെ ഉപയോഗം തുടങ്ങി ഗുണങ്ങള്‍ ഹൈപ്പര്‍ലൂപിനെ ജനപ്രിയമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഏതായാലും സംഗതി കാര്യമാവുകയാണ്. ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ദര്‍ ഇപ്പോള്‍ ഹൈപ്പര്‍ ലൂപ്പിന്റെ പിന്നാലെയാണ്. ഹൈപ്പര്‍ ലൂപ്പ് യാഥാര്‍ഥ്യമായാല്‍ പുതിയ തലമുറയിലെ ആളുകള്‍ വിമാനത്തിലും ട്രയിനിലും ലോകം താണ്ടിയ ആളുകള്‍ ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടിയേക്കും.

Related News