11 November 2025, Tuesday

Related news

November 10, 2025
November 8, 2025
November 7, 2025
November 7, 2025
November 3, 2025
November 3, 2025
November 2, 2025
October 31, 2025
October 28, 2025
October 28, 2025

വിധിയെത്തി; ഇന്ത്യന്‍ ഫുട്ബോള്‍ ഉയര്‍ത്തെഴുന്നേല്പിന്റെ പാതയില്‍

കളിയെഴുത്ത്
പന്ന്യൻ രവീന്ദ്രൻ
September 21, 2025 10:30 pm

എഐഎഫ്എഫിന്റെ എട്ടു വർഷക്കാലമായി കോടതിയിൽ കിടക്കുന്ന കേസ് സുപ്രീം കോടതിയിൽ നിന്ന് തീരുമാനമായത് കഴിഞ്ഞ ദിവസമാണ്. ഇത് ഫുട്‌ബോൾ രംഗത്തിന് ഏറ്റവും വലിയ ആശ്വാസമായി. എഐഎഫ്‌എഫ് അടുത്ത കമ്മിറ്റിചേർന്ന് ഭരണഘടന നടപ്പിലാക്കാനുള്ള തീരുമാനം എടുത്താൽ മതി. കോടതിയിൽ കേസ് താമസിച്ചാൽ ഗുണമാണ് എന്ന നിലപാടിലായിരുന്നു അസോസിയേഷൻ ഭാരവാഹികൾ. പക്ഷെ ഫിഫ നൽകിയ അന്ത്യശാസനമാണ് അവരെ കുടുക്കിയത്. നിലവിലുള്ള പ്രസിഡന്റിനും കമ്മിറ്റിക്കും ഏതാണ്ട് 10 മാസക്കാലം സ്ഥാനത്തിരിക്കാം. തുടർന്ന് പുതിയ തെരഞ്ഞെടുപ്പ് നടത്തി ഭരണസമിതിയെ തെരഞ്ഞെടുക്കാം. ഈ സുപ്രധാന വിധിയോടെ ഐഎസ്എൽ മത്സരങ്ങൾ നടക്കുമെന്ന് ഉറപ്പായി. മാത്രമല്ല ഫുട്‌ബോൾ വളർച്ചയ്ക്കുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഫിഫ തന്നെ ഇടപെടും. കോടതി വിധി വന്നത് നിർണായകമായ തീരുമാനങ്ങൾ എടുക്കേണ്ട കാലത്താണ്. യഥാർത്ഥത്തിൽ ഇന്ത്യൻ ഫുട്ബോൾ വലിയ പതനത്തിലേക്ക് വീണ ഘട്ടത്തിലാണ് ഫിഫ കർക്കശമായ നടപടികൾ ചൂണ്ടിക്കാട്ടിയത്. ഇത് അസോസിയേഷനും മനസിലായി. അതുകൊണ്ട് തന്നെയാണ് അവർ ഐഎസ്എൽ നടത്താനുള്ള ശ്രമവും ഇന്ത്യൻ ഫുട്ബോൾ ടീമുകൾക്ക് സ്ഥിരം കോച്ചുകളെ നിയമിക്കാനുള്ള തീരുമാനവുമെടുത്തത്. അതിന്റെ ഗുണം പെട്ടെന്ന് തന്നെ ഉണ്ടായി. ഇപ്പോൾ ഇന്ത്യയുടെ അണ്ടർ 23നും നാഷണൽ ടീമിനും കോച്ചുകളെ നിയമിച്ചു. രണ്ടുപേരും പഴയ ഇന്ത്യൻ താരങ്ങൾ തന്നെയാണ്. എഎഫ്‌സി കപ്പിൽ മൂന്നാം സ്ഥാനവും അണ്ടർ 23ൽ രണ്ടാം സ്ഥാനവും നേടാനായി. ആശ്വാസം തന്നെ ആണിത്.
ഒരു രാജ്യത്തിന്റെ കായിക പുരോഗതി വളരെ സുപ്രധാനമാണ്. ഈ കാര്യത്തിൽ തികഞ്ഞ അവഗണനയാണ് സ്പോർട്സ് രംഗം കൈകാര്യം ചെയ്യുന്ന ഭരണാധികാരികൾ സ്വീകരിക്കുന്നത്. വനിതാ ഗുസ്തിയിൽ ലോകത്തോളം വളർന്ന താരങ്ങളാണ് നീതിക്ക് വേണ്ടി ഇന്ദ്രപ്രസ്ഥാത്ത് സമരം നടത്തിയത്. ഒടുവിൽ രാജ്യത്തിന് വേണ്ടി മത്സരിച്ചു നേടിയെടുത്ത മെഡലുകൾ ഗംഗയിലേക്ക് വലിച്ചെറിഞ്ഞു. പ്രതിസ്ഥാനത്ത് ഭരണകക്ഷി എംപിയായത് കൊണ്ട് നടപടിയുണ്ടായില്ല. വളരെക്കാലം മുമ്പ് ഏഷ്യൻ ഗെയിംസിൽ ഫുട്‌ബോളിൽ ഇന്ത്യയുടെ ജയത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നെഹ്രു ഗ്രൗണ്ടിൽ എത്തിയതും ഇന്ത്യക്ക് വിജയകിരീടം കിട്ടിയതും മറക്കാൻ പറ്റില്ല. അതേക്കുറിച്ച് കളിക്കാർ പറഞ്ഞത് ഡ്രസിങ് റൂമിൽ വന്നു ആവേശം പകർന്ന പ്രധാനമന്ത്രി ഒരു പുതിയ ഊർജം തന്നെ നൽകിയെന്നാണ്. ഇപ്പോൾ ഇന്ത്യ മഹാരാജ്യം ഫുട്‌ബോളിൽ 133 റാങ്കിങ്ങില്‍ നിൽക്കുമ്പോഴും മിണ്ടാതെ നിന്ന കായിക വകുപ്പ് നമ്മുടെ ശാപമായി മാറുകയാണ്. ഇന്ത്യയുടെ ദുരവസ്ഥ മനസിലാക്കിയ ലോകഫുട്ബോൾ ഭാരവാഹികൾ തക്കസമയത്ത് ഇടപെട്ടു. കോടതി വിധി കൂടി വന്നത്‌ ആശ്വാസമായി. ഇപ്പോൾ നമ്മുടെ കളിക്കാരെ ശ്രദ്ധിക്കുവാനും നടപടികൾ നീക്കാനും എഐഎഫ്എഫ്‌ തയ്യാറാവുന്നത് ശുഭസൂചകമാണ്. ഇതെഴുതുമ്പോൾ ഒമാനുമായുള്ള യോഗ്യതാ മത്സരത്തിന്റെ വഴിയിലാണ്. ഇപ്പോൾ ഇന്ത്യൻ ക്യാമ്പിലേക്ക് അഞ്ച് താരങ്ങളെ വിളിച്ചതായി വാർത്തയുണ്ട്. ഡാനീഷ് ഫാറുഖ്, ബികാസ് യുംന, വിബിൻ മോഹൻ, മുഹമ്മദ് ഐമാൻ എന്നീ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെയാണ് പുതുതായി ചേർത്തത്. ഇന്നത്തെ നിലയിൽ ഏഷ്യയിലെ 15 രാജ്യങ്ങളിൽ നമ്മളില്ല. പലസ്തീനും പുറകിലാണ് ഇന്ത്യ. ഇപ്പോൾ നടന്ന മത്സരങ്ങളിൽ പ്രതീക്ഷയുടെ നവകിരണങ്ങൾ പൊങ്ങിവരുന്നത് ആശ്വാസം തന്നെയാണ്.
ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളുടെ ഭാഗമായുള്ള ക്വാളിഫയിങ് മത്സരങ്ങൾ നടക്കുകയാണ്. അതിൽ അർജന്റീനയും ബ്രസീലും കളിയിൽ തോറ്റെങ്കിലും ക്വാളിഫൈ ചെയ്തവരാണ്. മെസിയുടെ അസാന്നിധ്യം അർജന്റീനയുടെ മത്സരത്തിൽ ഉടനീളം പ്രകടമായി. അടുത്ത ലോകകപ്പ് ലക്ഷ്യമായി സ്വീകരിച്ചാണ് അർജന്റീനയുടെ ചലനങ്ങളെല്ലാം. എന്നാൽ മെസി തന്നെ മീഡിയയോട് പ്രതികരിച്ചത് ഇങ്ങനെയാണ്, അടുത്ത ലോകകപ്പ് നേടിയെടുക്കലാണ് എന്റെ ലക്ഷ്യം. എന്നാൽ അത് വലിയ വെല്ലുവിളി ആയിരിക്കും. മെസിയുടെ സാന്നിധ്യം ഒരു ടീമിനെ എങ്ങനെ ബാധിക്കുമെന്ന് കഴിഞ്ഞ ദിവസം ഇന്റർ മിയാമിയുടെ തോൽവിയോടെ ലോകം ശ്രദ്ധിച്ചു . ഇപ്പോൾ മെസിയിലൂടെ മിയാമി മൂന്നു ഗോളുകളുടെ വൻ വിജയവും നേടിയെടുത്തു. അതിൽ രണ്ട് ഗോളുകളും ഒരു ഗോൾ അസിസ്റ്റും മെസിയുടെതാണ്. ഒരു കളിക്കാരന്റെ സാന്നിധ്യവും അസാന്നിധ്യവും ടീമിന്റെ പ്രകടനത്തെയും വിജയത്തെയും എങ്ങനെ ബാധിക്കുമെന്നതിന്റെ നേർക്കാഴ്ചയാണിത്.
ലാറ്റിനമേരിക്കൻ മേഖലയിൽ കപ്പ് കൊതിക്കുന്ന രാജ്യങ്ങളിൽ മറ്റൊന്ന് ബ്രസീലാണ്. ബ്രസീലിന്റെ കോച്ച് ആഞ്ചലോട്ടിയുടെ അഭിപ്രായത്തിൽ ഇത്തവണത്തെ മത്സരങ്ങൾ കടുകട്ടിയാകുമെന്നാണ്. ഫേവറേറ്റ് ടീമുകളിൽ ഒന്നു ബ്രസീൽ തന്നെയാണ്. പക്ഷെ, ഫ്രാൻസ്, ജര്‍മ്മനി, ഇംഗ്ലണ്ട്, ഇറ്റലി, അർജന്റീന എന്നീ വമ്പന്മാർ കളത്തിൽ നിറയുമ്പോൾ ലോകകപ്പ് നേടുകയെന്നത് വലിയ പരീക്ഷണമാവും. 

തുടക്കം ഗംഭീരമാക്കി വമ്പന്മാര്‍
പ്രൊഫഷണൽ ഫുട്‌ബോൾ രംഗം ആവേശത്തിരയിളക്കത്തിലാണ്. യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടക്കം മുതൽ തന്നെ വലിയ ടീമുകൾ യഥാർത്ഥ ഫോം പ്രകടിപ്പിക്കുന്നുണ്ട്. ബാഴ്സയാണ് പഴുതില്ലാത്ത ഡിഫൻസിനെയും എതിർ കേന്ദ്രങ്ങളിൽ നുഴഞ്ഞുകയറി എതിരാളികളെ വരുതിയിലാക്കുന്ന സ്ട്രൈക്കർമാരെയും കൊണ്ട് ചാമ്പ്യൻസ് ലീഗിൽ നിറഞ്ഞാടിയത്. ന്യൂ കാസിൽ യുണൈറ്റഡിനെതിരെ രണ്ട് പ്രധാന സ്ട്രൈക്കർമാരില്ലാതെതന്നെ വകവരുത്തിയത് വലിയ സംഭവമാണ്. സൂപ്പർസ്റ്റാർ ലാമിനെ യമാലും ഗാവിയും പരിക്കേറ്റു പുറത്തിരുന്നപ്പോഴും ബാഴ്സ അനായാസ ജയവും മൂന്നു പോയിന്റും സ്വന്തമാക്കി. അടുത്ത കാലത്ത് ബാഴ്സയിലെത്തിയ മാർക്കസ് റാഷ്‌ഫോര്‍ഡാണ് ഗോൾ നേടിയത്.
മാഞ്ചസ്റ്റർ സിറ്റിയും ആദ്യ ജയത്തിലൂടെ സാന്നിധ്യമറിയിച്ചു. ആദ്യ മത്സരത്തിൽ നാപ്പോളിയെയാണ് മറികടന്നത്. പിഎസ്ജിയും ലിവർപൂളും ഇന്റർമിലാനും ബയേൺ മ്യൂണിക്കും വിജയരഥവുമായി മുന്നേറാനുള്ള ആദ്യപടികടന്നു. ഇതിൽ നിലവിലുള്ള ചാമ്പ്യൻസ് ആയ പിഎസ്ജി നാലു ഗോളിന്റെ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഇറ്റാലിയൻ ക്ലബ്ബ് അറ്റലാന്റയ്ക്കെതിരെയാണ് അവർ വിജയനൃത്തമാടിയത്. ലിവർപൂൾ ജയിച്ചു കുറച്ചു വിയർത്തു പോയിയെന്ന് മാത്രം. നാല് മിനിറ്റിൽ തന്നെ ആന്റി റോബർസനാണ് ഗോൾ നേടി ലിവറിനെമുന്നിലെത്തിച്ചത്. തുടർന്ന് ആറാം മിനിറ്റിൽ മുഹമ്മദ് സലയുടെ സുന്ദരഗോളും. രണ്ട് ഗോൾ ലീഡുമായി കളി സ്വന്തമാക്കുമെന്ന് കരുതിയ ലിവറിനെ അത്‌ലറ്റിക്കോ മാഡ്രിഡ് ഇഞ്ചുറി ടൈമിലാണ് രണ്ട് ഗോളിൽ പിടിച്ചു കെട്ടിയത്. വിര്‍ജില്‍ വന്‍ ഡൈക്ക് രക്ഷകനായി മാനം കാത്തു. പഴയ കടം വീട്ടൽ കൂടിയായിരുന്നു ലിവറിന്. ഫുട്‌ബോളിന്റെ സൗന്ദര്യവും ആവേശവും നിലനിൽക്കുന്ന മത്സരങ്ങളാണ് യൂറോപ്യൻ ലീഗിൽ നടക്കുന്നത്. ലോകകപ്പിന് മുമ്പുള്ള ഇടവേളയിൽ ലോകം മുഴുവൻ കളിയാവേശത്തിലാണ്.

Kerala State - Students Savings Scheme

TOP NEWS

November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025
November 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.