
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം ‘വൃഷഭ’യുടെ റിലീസ് തീയതി പുറത്ത്. ചിത്രം നവംബർ 6ന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. “നിലം കിടുങ്ങും, ആകാശം കത്തിയമരും. വിധി അതിന്റെ യോദ്ധാവിനെ തെരഞ്ഞെടുത്തിരിക്കുന്നു. നവംബർ ആറിന് വൃഷഭ എത്തുന്നു,” പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു.
പ്രശസ്ത സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ‘വൃഷഭ’ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനർനിർവചിക്കാൻ പാകത്തിനാണ് അണിയറ പ്രവർത്തകർ ചിത്രം ഒരുക്കുന്നത്.
വമ്പൻ കാൻവാസ്, മികച്ച താരനിര എന്നിവ കൊണ്ട് ശ്രദ്ധേയമായ ഈ ചിത്രം, ആക്ഷൻ, വൈകാരികത, ഭാരതീയ പുരാണ കഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നു. മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മോഹൻലാലിന്റെ ജന്മദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ ശ്രദ്ധ നേടിയിരുന്നു. യോദ്ധാവിന്റെ രൂപത്തിൽ രാജകീയമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാലിനെ അവതരിപ്പിച്ചത്. അതിനൂതനമായ വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ എന്നിവയുമായി ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. അടുത്തിടെയാണ് മോഹൻലാൽ ഈ ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയത്. 2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന ‘വൃഷഭ’, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി റിലീസിനെത്തും. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.