രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടു: ആളിപ്പടർന്ന അഗ്നിയിൽ പിതാവും മക്കളും വെന്തുമരിച്ചു

Web Desk
Posted on December 29, 2019, 12:16 pm

കാലിഫോര്‍ണിയ: ഡിസംബര്‍ 27 വെള്ളിയാഴ്ച രാവിലെ സതേണ്‍ കാലിഫോര്‍ണിയായിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ഇരുപത്തിയഞ്ചോളം യൂണിറ്റുകളില്‍ ആളിപടര്‍ന്ന തീ നാല്‍പത്തിയൊന്ന് വയസ്സുള്ള പിതാവിന്റേയും, നാലും, പന്ത്രണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടേയും ജീവനപഹരിച്ചു. എട്ട് വയസ്സുള്ള ആണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കഴിയുന്നു. അപകടത്തില്‍പെട്ട അപ്പാര്‍ട്ട്‌മെന്റിലെ യൂണിറ്റില്‍ ഭാര്യയും ഭര്‍ത്താവും അഞ്ച് കുഞ്ഞുങ്ങളുമാണ് താമസിച്ചിരുന്നത്. കുടുംബാംഗങ്ങളുടെ വിശദവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

സമീപത്തുള്ള യൂണിറ്റുകളില്‍ നിന്നും തീ പടരുന്നതു കണ്ടു, പതിനൊന്നുവയസ്സുള്ള പെണ്‍കുട്ടിയേയും മൂന്ന് മാസം പ്രായമുള്ള കുട്ടിയേയും എടുത്ത് ഭാര്യ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. ഭര്‍ത്താവ് വീടിനകത്തകപ്പെട്ട മറ്റ് മൂന്ന് കുട്ടികളെ രക്ഷിക്കുന്നതിന് അകത്തേക്ക് ഓടി കയറി. ഇതിനിടയില്‍ അപ്പാര്‍ട്ട്‌മെന്റിനാകെ തീപിടിച്ചിരുന്നു. അകത്തേക്ക് ഓടിക്കയറിയ ഭര്‍ത്താവിന് കുട്ടികളെ രക്ഷപ്പെടുത്താനായില്ല. മൂന്ന് പേരും അഗ്‌നിയില്‍ വെന്തു മരിക്കുകയായിരുന്നു.

ഹീമറ്റ പോലീസ് ലെഫ്റ്റനന്റ് നേറ്റമില്ലര്‍ വെള്ളിയാഴ്ച നടത്തിയ പത്ര സമ്മേളനത്തിലാണ് ദാരുണ മരണത്തെ കുറിച്ച് വിശദീകരിച്ചത്. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 45 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ഹീമറ്റ ഫയര്‍ ചീഫ് സ്‌ക്കോട്ട് ബ്രൗണ്‍ പറഞ്ഞു. ലോസ് ആഞ്ചലസില്‍ നിന്നും 70 മൈല്‍ ദൂരെ സ്ഥിതിചെയ്യുന്ന ഹീമറ്റിലാണ് അപകടം സംഭവിച്ചത്.

you may also like this video