മൂന്ന് വയസുള്ള മകനെ ചിരവ കൊണ്ട് അടിച്ചുകൊന്ന പിതാവിന് ജീവപര്യന്തം

Web Desk
Posted on May 25, 2018, 8:01 pm

വിദ്യാനഗര്‍: ദാമ്പത്യ പ്രശ്‌നത്തിന്‍റെ പേരില്‍ മൂന്നു വയസായ മകനെ ചിരവ കൊണ്ട് തലക്കടിച്ചു വീഴ്ത്തി തോര്‍ത്തുമുണ്ട് കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴ വിധിച്ചു. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ ആ പണം ഭാര്യക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. രാജപുരം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പനത്തടി മൈലാട്ടി കോളനിയിലെ പത്മിനിയുടെ മകന്‍ രാഹുലാ(മൂന്ന്)ണ് കൊല്ലപ്പെട്ടത്. പിതാവ് രാജു എന്ന ഉണ്ടച്ചി രാജു (38)വാണ് പ്രതി. 2015 ജൂലായ് 21ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഉണ്ടച്ചി രാജുവും ഭാര്യ പത്മിനിയും തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ നിലവിലുണ്ടായിരുന്നു. സംഭവ ദിവസം വീട്ടിലെത്തിയ രാജു ഭാര്യയുമായി വഴക്കിടുകയും ഇതിനിടയില്‍ പത്മിനി അയല്‍വാസിയായ മോഹനന്‍റെ വീട്ടിലേയ്ക്ക് പോയ സമയത്ത് മകനെ ചിരവ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി കഴുത്തില്‍ മുണ്ടിട്ട് മുറുക്കി കൊലപ്പെടുത്തിയാണ് കേസ്.