44 കാരനായ മകനെ അച്ഛൻ ഉറക്കഗുളിക നൽകി കൊലപ്പെടുത്തി

Web Desk
Posted on November 02, 2019, 4:40 pm

ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന 44 വയസ്സുകാരനായ മകനെ പിതാവ് ഉറക്കഗുളിക നല്‍കി കൊലപ്പെടുത്തി. അമിത അളവില്‍ ഉറക്കഗുളിക നല്‍കിയാണ് 82 കാരനായ വിശ്വനാഥ് മകനെ കൊന്നത്. തമിഴ്നാട് ആല്‍വാര്‍പേട്ടിലാണ് സംഭവം. മകനെ കൊന്നതിന് ശേഷം മകന്റെ മൃതദേഹത്തിന് സമീപം നാല് ദിവസം ഇയ്യാൾ ആഹാരവും വെള്ളവും ഉപേക്ഷിച്ച് മരണം കാത്തുകിടന്നു.

ത്രിവേണി അപ്പാര്‍ട്ട്മെന്റിലായിരുന്നു ഇവരുടെ താമസം. അയൽവാസികള്‍ ആരുമായും തന്നെ അധികം അടുപ്പമില്ലാതിരുന്ന ഇവരെ പുറത്ത് കാണാതിരുന്നതിനെ തുടർന്ന് ആരും തിരക്കിയിരുന്നില്ല. എന്നാൽ ഫ്ലാറ്റില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധം വമിച്ചതോടെ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മകന്റെ അഴുകിയ മൃതദേഹവും കെട്ടിപ്പിടിച്ച് കിടക്കുന്ന പിതാവിനെയാണ് കണ്ടത്.  ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സ്റ്റെനോഗ്രാഫറായിരിക്കെ വിരമിച്ച ഇദ്ദേഹത്തിന്റെ ഭാര്യ 15 വര്‍ഷം മുമ്പ് മരിച്ചു. തുടര്‍ന്ന് ഒറ്റയ്ക്കാണ് ഇത്രയും നാള്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനെ വളര്‍ത്തിയത്. വിശ്വനാഥന് ലഭിക്കുന്ന പെന്‍ഷന്‍ തുകകൊണ്ടാണ് ഇരുവരും കഴിഞ്ഞിരുന്നതും. തന്റെ മരണശേഷം മകനെ നോക്കാന്‍ ആരുമുണ്ടാകില്ലെന്ന ഭയമാണ് വിശ്വനാഥന്‍ ഈ ക്രൂരത ചെയ്യാൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

വിശ്വനാഥന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ചയാണ് വിശ്വനാഥന്‍ മകന് ഉറക്കഗുളിക നല്‍കിയത്. വിശ്വനാഥനും ഇതില്‍ ഒരു പങ്ക് കഴിച്ചിരുന്നു. മകന്‍ മരിച്ചതോടെ വിശ്വനാഥന്‍ അബോധാവസ്ഥയിലായി. പക്ഷേ മരണം സംഭവിച്ചിരുന്നില്ല.