Monday
18 Feb 2019

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി കൊടുത്ത വൈദികനെ കൊന്നതാണെന്ന് ബന്ധുക്കള്‍

By: Web Desk | Monday 22 October 2018 7:34 PM IST

ആലപ്പുഴ: ഫാദര്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസിന് രഹസ്യമൊഴി നല്‍കിയ വൈദികന്‍ പൂച്ചാക്കല്‍ പള്ളിപ്പുറം സ്വദേശി കുര്യാക്കോസിനെ ജലന്തറില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ജോസ് കാട്ടുതറ ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന് പരാതി നല്‍കി. ഇന്നലെ ഉച്ചക്ക് 12ന് ബന്ധുക്കളുമായി ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ഇത് കൈമാറിയത്. തന്റെ സഹോദരനെ കൊലപ്പെടുത്തിയതാണെന്ന് പൂര്‍ണമായും വിശ്വസിക്കുന്നതായി ജോസ് കാട്ടുതറ പറഞ്ഞു. മൃതദേഹം നാട്ടില്‍വെച്ചുതന്നെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പോസ്റ്റ് മാര്‍ട്ടം നടത്തണം.
തങ്ങളുടെ ഈ ആവശ്യത്തില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനുമാണ് ജോസ് കാട്ടുതറയുടെ തീരുമാനം. ജലന്തര്‍ പൊലീസിനെ ഇക്കാര്യത്തില്‍ വിശ്വസിക്കാനാകില്ല. അവിടുത്തെ കമ്മീഷണര്‍ ബിഷപ്പിന്റെ വലംകൈയ്യാണെന്നും ജോസ് പറഞ്ഞു. രാവിലെ പത്തരയോടെ ജലന്തറിലുള്ള ഒരു വൈദികനാണ് മരണം അറിയിച്ചത്. ബന്ധുക്കള്‍ എത്തുന്നതിന് മുന്‍പേ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ശ്രമിക്കുകയാണ്. അതില്‍ വലിയ ചതിയുണ്ടെന്നും ജോസ് ആരോപിക്കുന്നു. ബിഷപ്പിനെതിരെ മൊഴി കൊടുത്തത് മുതല്‍ ഫാദര്‍ കുര്യാക്കോസിനു പല വിധത്തിലുള്ള ഭീഷണികളും പ്രശ്‌നങ്ങളും ഉണ്ടായി. ആദ്യകാലത്ത് കന്യാസ്ത്രീകളെ ജലന്തറില്‍ കൊണ്ടുപോയിരുന്നത് അദ്ദേഹമാണ്. അതിനാല്‍ കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിരുന്നത് അദ്ദേഹത്തോടാണ്. ഇതിന്റെയെല്ലാം പക ചിലര്‍ക്ക് അദ്ദേഹത്തോടുണ്ടെന്നും പരാതിയില്‍ വിവരിക്കുന്നു. കഴിഞ്ഞ മേയില്‍ ഫാ. കുര്യാക്കോസിനെ ഇവിടെ നിന്നും സ്ഥലം മാറ്റിയിരുന്നു. കന്യാസ്ത്രീയുടെ പരാതി വിവാദമായതിന് ശേഷമായിരുന്നു ഈ സ്ഥലം മാറ്റം. ഫ്രാങ്കോയ്ക്ക് എതിരെ കടുത്ത നിലപാട് എടുത്തതിന്റെ പേരില്‍ മുന്‍പ് പലതവണയും ഇദ്ദേഹം പ്രതിഷേധം നേരിട്ടിരുന്നു. ഫ്രാങ്കോയുടെ ദുര്‍നടപ്പുകളെ കുറിച്ച് വൈക്കം ഡി വൈ എസ് പി 164 പ്രകാരം കുര്യാക്കോസ് കാട്ടുതറ രഹസ്യമൊഴി കൊടുത്തിരുന്നു.
ഇതിന് ശേഷം തനിക്ക് ഗുണ്ടകളുടെ ഭീഷണി ഉണ്ടായിരുന്നെന്നും വീട് തല്ലിതകര്‍ത്തെന്നും ഫാദര്‍ പറഞ്ഞതായി ജോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫ്രാങ്കോയ്ക്ക് എതിരായി മൊഴികൊടുത്ത അന്നുമുതല്‍ അയാളെ അപായപ്പെടുത്തുമെന്ന് പലവട്ടം വീട്ടിലേയ്ക്ക് അറിയിച്ചിരുന്നതായി ജോസ് പറഞ്ഞു. അതേസമയം സംഭവവും കേസും ജലന്തറിലായതിനാല്‍ പരാതി ഫാക്‌സ്, ഇമേയില്‍ മുഖാന്തരം ജലന്തര്‍ കമ്മീഷണര്‍ക്കും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്കും അയച്ചതായി ജില്ലാ പൊലീസ് മേധാവി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ ഇവിടെ കേസില്ലാത്തതിനാലാണ് അയച്ചത്. സംഭവം നടന്നതും കേസും ജലന്തറിലാണ്. അതിനാല്‍ ഇവിടെ നടപടിയെടുക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
Related News