Web Desk

തൊടുപുഴ

January 25, 2020, 9:12 pm

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും

Janayugom Online

യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തൊടുപുഴ നെല്ലാപ്പാറ കുടിപ്പാറയിൽ ചന്ദ്രന്റെ മകൻ സജി (കുട്ടപ്പായി–-30)യെ കൊലപ്പെടുത്തിയ കേസിലാണ് നെല്ലാപ്പാറ കാനാട്ട് കൃഷ്ണൻ(60), മകൻ പ്രസാദ്(30) എന്നിവരെ തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ അനിൽകുമാർ ശിക്ഷിച്ചത്. പിഴ അടയ്ക്കാതിരുന്നാൽ മൂന്നുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ തുക അടയ്ക്കുന്നപക്ഷം സജിയുടെ കുട്ടിക്ക് കൈമാറണം.

2013 മാർച്ച് 18ന് വൈകിട്ട് 7.30ന് നെല്ലാപ്പാറ ജങ്ഷനിലായിരുന്നു സംഭവം. സജിയുടെ സുഹൃത്ത് ജയ്മോനും പ്രതികളും തമ്മിൽ വസ്തുതർക്കം നിലനിന്നിരുന്നു. ഇതുസംബന്ധിച്ച് നെല്ലാപ്പാറ ജങ്ഷനിൽ നടന്ന തർക്കത്തിനിടെയാണ് ജയ്മോനൊപ്പം ഉണ്ടായിരുന്ന സജിയെ പ്രതികൾ കുത്തി കൊലപ്പെടുത്തിയത്. കൊലപാതകം നേരിൽ കാണുകയും തടസം പിടിക്കുകയും ചെയ്ത സാക്ഷികളും ദൃക്സാക്ഷികളും മഹസർ സാക്ഷികളും വിസ്താരവേളയിലാണ് കൂറുമാറി പ്രതിഭാഗം ചേർന്നത്. സാക്ഷികളുടെ ഈ നിലപാടിനെ വിധിന്യായത്തിൽ കോടതി രൂക്ഷമായി വിമർശിച്ചു. സാക്ഷികളുടെ മൊഴികൾക്കു പുറമെ ശക്തമായ ശാസ്ത്രീയ, സാഹചര്യ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാക്കിയിരുന്നു. ഈ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണ് പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷിച്ചത്.

തൊടുപുഴ പൊലീസ് ഇൻസ്പെക്ടറായിരുന്ന സജി മർക്കോസാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപിച്ചത്. പ്രോസിക്യൂഷൻ 18 സാക്ഷികളെയും 38 പ്രമാണങ്ങളും പത്ത് തൊണ്ടി സാധനങ്ങളും തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ വി മാത്യു ഹാജരായി.