പിതാവാണ് ‍റോൾ മോഡൽ!

വിജയ് സിഎച്ച്

ലേഖനം

Posted on June 21, 2020, 9:09 am

ഇന്ന് ലോക പിതൃദിനം! Hap­py Dad Day സന്ദേശം സ്വർണ്ണ ലിപികളിൽ അച്ചടിച്ചു കൊടുത്തില്ലെങ്കിലും, നമുക്ക് അദ്ദേഹത്തെ വൃദ്ധസദനത്തിൽ ഏൽപ്പിക്കാതിരിക്കാം. 

വിജയ് സിഎച്ച്

പിതാവെന്നത് അപരസാമ്യമില്ലാത്തൊരു പദമാണ്, സങ്കൽപമാണ്, യാഥാർത്ഥ്യമാണ്. ‘പിതാ’ എന്ന സംസ്കൃത വചനത്തിൽനിന്ന് മലയാളത്തിൽ എത്തിയതാണിത്. ഈ വാക്കിന്റെ ഉൽപത്തി അന്വേഷിച്ചുപോയാൽ ലോകത്തെ സകല ഭാഷകളിലും, അവയുടെ പ്രാചീന രൂപങ്ങളിലെങ്കിലും, ഇതിന്റെ വേരുകൾ ആഴത്തിൽ ഓടിയിട്ടുണ്ടെന്നുകാണാം! പിതാവിനെ ഓർക്കുമ്പോൾ ഏതൊരു കുട്ടിയുടെയും മനസ്സിൽ ആദ്യമായെത്തുന്നത് ഉപദേശങ്ങളുമായെത്തുന്ന ഒരു മുഖമാണ്. തന്റെ മകളോ മകനോ സ്വയംപര്യാപ്തത നേടി ജീവിതവിജയം നേടണമെന്ന്, ഒരുപക്ഷെ മാതാവിനേക്കാളേറെ, പിതാവിനു നിർബ്ബന്ധമുള്ളതുകൊണ്ടാണ് അദ്ദേഹത്തിന് കർക്കശക്കാരനാകേണ്ടിവന്നതെന്ന തിരിച്ചറിവ് കുട്ടിക്കാലത്തില്ലല്ലൊ! അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത്, ഒരു കഥാപുസ്തകം വായിക്കുന്നതിനിടയിൽ കണ്ട, ‘മനനം’ എന്ന പദത്തിന്റെ അർത്ഥം ഞാൻ അച്ഛനോടു ചോദിച്ചു. എനിക്കൊരു മലയാളം നിഘണ്ടു അച്ഛൻ വാങ്ങിതന്നിട്ടുണ്ടെന്നും, എന്തുകൊണ്ട് അതിൽ നോക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിൻറെ മറുപടി.

പിതാവിന്റെ നിസ്സഹരണത്തിൽ അതൃപ്തി തോന്നിയ ഞാൻ വായന അവിടെവെച്ചു നിർത്തി. പക്ഷെ, അന്നു രാത്രി അച്ഛൻ പുറത്തു പോയ സമയംനോക്കി നിഘണ്ടു തിരഞ്ഞ് ഞാൻ ‘മനനം’ കണ്ടുപിടിച്ചു. ഈ പദത്തിന്റെ അർത്ഥം മാത്രമല്ല, ‘മനസ്വിനി’ മുതൽ ‘മനീഷി’ വരെയുള്ള നിരവധി പദങ്ങളുടെ സാരം ആദ്യമായറിഞ്ഞ് അതിരറ്റ് ആനന്ദിച്ചു. പിറ്റേന്ന് നിഘണ്ടുവിൽ ‘മനനം’ കണ്ടുപിടിച്ചോയെന്ന് അച്ഛൻ തിരക്കിയപ്പോൾ, ഞാൻ ഒന്നു മൂളുകമാത്രം ചെയ്തു. എന്നാൽ, തുടർന്നുവന്ന ദിനങ്ങളിൽ പതിവായി നിഘണ്ടുവിൽ വ്യാപൃതനായിരിക്കുന്ന മകനെക്കണ്ട് അദ്ദേഹം സന്തുഷ്ടനായിക്കാണണം. തന്റെ ഉദ്ദേശ്യം സാഫല്യമായതിന്റെ സന്തോഷം ആ മുഖത്ത് ഞാൻ ഇടക്കു ദർശിച്ചിരുന്നു! പരാശ്രയം കൂടാതെ കഴിയണമെന്നതിൻറെ ബാലപാഠം ശബ്ദകോശം നോക്കുന്നതിലൂടെ ഞാനറിയാതെ എന്നെ പഠിപ്പിച്ച ധിഷണാശാലിയായ അച്ഛനോട് എനിക്കതിനകം ആരാധന തോന്നിത്തുടങ്ങിയിരുന്നു.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.4&permmsgid=msg-f:1669847057288548615&th=172c7d0d26ea5107&view=fimg&realattid=f_kbkvitmr4&disp=thd&attbid=ANGjdJ_xfsRKgi3iYwqlXJwucBcb9UfwnU2T9YeT6Ry0kBi1uiMI-OOSYtNRH2Pt3mdoTIVOFLXuoKTEKHZoqKVWzUhlCr7lO--5O_87OWpoaXDmZgkKtCiX580HSP4&ats=2524608000000&sz=w1365-h639

വിദ്യാഭ്യാസ‑തൊഴിൽ രംഗങ്ങളിൽ കടുത്ത മത്സരം നടക്കുന്ന ഈ ലോകത്ത് തന്റെ മക്കളെ അതിജീവനത്തിനു സന്നദ്ധരാക്കിയെടുക്കുന്നതിന്റെ തത്രപ്പാടിൽ, സ്വയമൊരു രസഹീനന്റെ വേഷം കെട്ടാൻ വിധിക്കപ്പെട്ടവനാണ് പിതാവ്. അയാളുടെ ഉള്ളുനിറയെ പ്രായോഗിക ജീവിതത്തിൽ തന്റെ കുട്ടികൾ പരാജയപ്പെടരുതെന്ന ചിന്തകളാണ്. ഭാരിച്ച ചുമതലകളിൽ പിതാവ് സ്വമേധയാ നിയുക്തനാകയാൽ, മാതാവിന് സ്വാഭാവികമായും തന്റെ മക്കളോട് അളവറ്റ വാത്സല്യം തുറന്നു പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു. ഭക്ഷണത്തിന് അമ്മയും ശിക്ഷണത്തിന് അച്ഛനുമാണെന്നാണല്ലൊ കീഴ് വഴക്കം! എന്നാൽ, മാതാപിതാക്കളിൽ ഒരാളുടെമാത്രം സംരക്ഷണത്തിൽ കഴിയുന്ന കുട്ടികളാണെങ്കിൽ അവർക്കുവേണ്ടി ഇപ്പറഞ്ഞതെല്ലാം പുനര്‍വ്യാഖ്യാനം ചെയ്യേണ്ടിയുമിരിക്കുന്നു. ഭക്ഷണത്തിനും ശിക്ഷണത്തിനും ഒരാൾ മാത്രമുള്ള ലോലമായ അവസ്ഥയാണിത്. ഇന്ന് ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ച. ഇന്ത്യയുൾപ്പെടെയുള്ള ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളിലും പിതൃദിനാചരണം നടക്കുന്ന ദിവസം.

അനാദികാലം തൊട്ടേ കവികളും കലാകാരന്മാരും ആർദ്രമായ മാതൃത്വത്തെ പ്രകീർ‍ത്തിച്ചുകൊണ്ടിരുന്നപ്പോൾ, പിതൃത്വവും അത്രമേൽതന്നെ ആദരിക്കപ്പെടണമെന്ന അഭ്യർത്ഥനയുടെ പരിണിതഫലം. 1909‑ൽ സ്പോകാൻ നഗരത്തിലെ (വാഷിങ്ടൺ, അമേരിക്ക) ഒരു പ്രശസ്ത ആരാധനാലയത്തിൽനിന്നെത്തിയ മാതൃദിന പ്രഭാഷണം കേൾക്കാനിടയായ സോനാര സ്മാർട്ട് ഡോഡ് എന്ന യുവതിയാണ് പിതാവിനെ ആദരിക്കാനും തക്കതായൊരു ദിനം വേണമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. മാതാവിന്റ മരണശേഷം കൊച്ചനിയൻമാരെ ഒറ്റക്കു വളർത്തികൊണ്ടുവന്ന പിതാവ് വില്യം സ്മാർട്ടിനെ ഏറെ ആദരവോടുകൂടിയാണ് സോനാര വീക്ഷിച്ചിരുന്നത്. ആറാമത്തെ കുട്ടിയെ പ്രസവിക്കുന്നതിനിടയിലായിരുന്നു സോനാരയുടെ മാതാവ് അന്ത്യശ്വാസം വലിച്ചത്. ഈ ചോരക്കുഞ്ഞടക്കമുള്ള അഞ്ച് ഇളംപ്രായക്കാരെ ലാളിച്ചു സംരക്ഷിച്ച പിതാവിനോട് മൂത്തവളായ സോനാരക്ക് മതിപ്പ് തോന്നിയത് സ്വാഭാവികം.

പിതാക്കളെ വണങ്ങാനും, പിതൃബന്ധത്തെ ഉയർ‍ത്തിക്കാട്ടാനും തന്റെ പിതാവിന്റെ ജന്മദിനമായ ജൂൺ അഞ്ചാം തീയതിയായിരുന്നു സോനാര സൂചിപ്പിച്ചതെങ്കിലും, സ്പോകാൻ ഭരാണാധികാരികൾ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ചയാണ് പിതൃദിനമായി അംഗീകരിച്ചത്. തുടർന്ന് 1910, ജൂൺ 19‑ന് ലോകത്തെ പ്രഥമ പിതൃദിനം സ്പോകാനിൽ ആഘോഷിക്കപ്പെട്ടു. 1913‑ൽ പിതൃദിനം ഒരു ദേശീയ ഒഴിവു ദിവസമായി അംഗീകരിക്കപ്പെടാൻ അമേരിക്കൻ കോൺഗ്രസ്സിൽ ഒരു പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റുമാരായിരുന്ന തോമസ് വുഡ്രൊ വിൽസണും, കാൽവിൻ കൂളിഡ്ജും ഇതിനായി പ്രചാരണ പ്രവർത്തനങ്ങൾ‍ നടത്തി. എന്നാൽ, 1966‑ൽ പ്രസിഡന്റ് ലിൻഡൻ ബി ജോൺസൺ പുറപ്പെടുവിപ്പിച്ച ഉത്തരവിനാലാണ് പിതൃദിനത്തിന് ആദ്യമായി ദേശീയ തലത്തിലുള്ള അംഗീകാരം ലഭിച്ചത്. ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച്ച ആഘോഷിക്കുന്ന പിതൃദിനം സ്ഥിരമായുള്ളൊരു ദേശീയ ഒഴിവു ദിവസമായി പ്രഖ്യാപിക്കുന്ന നിയമം പ്രസിഡന്റ് റിച്ചാർഡ് നിക്സൺ 1972‑ൽ ഒപ്പിടുകയും ചെയ്തു.

https://mail.google.com/mail/u/0?ui=2&ik=54a6c89463&attid=0.3&permmsgid=msg-f:1669847057288548615&th=172c7d0d26ea5107&view=fimg&realattid=f_kbkvitm82&disp=thd&attbid=ANGjdJ_iQIu_rwC2IpXIuksS5b4-0WLx4SKSIdefIpS6RPVxnKVxe1-J7RcDZJ6XVI10BlKsOFyUFWvdmngEegSCtDrd2uXOWqK_XGyvhqZEoMapKKO_E5mfNOzo-HM&ats=2524608000000&sz=w1365-h639

ഇതിനകംതന്നെ പിതൃദിന സന്ദേശം അമേരിക്കയുടെ അതിർത്തികൾ താണ്ടി മറ്റു ഭൂഖണ്ഡങ്ങളിലും എത്തിയിരുന്നു. വൻകരയും, രാജ്യവും, പൈതൃകവും മാറുമ്പോൾ, ആഘോഷ തീയതിയിലും രീതിയിലും വ്യത്യാസങ്ങളുണ്ടാകാമെങ്കിലും, ഏകസ്വഭാവമാണ് എവിടെയും ലോക പിതൃദിനത്തിൻറെ ഉദ്ദേശ്യത്തിന്! ഇന്ത്യയിൽ, പ്രത്യേകിച്ചു കേരളത്തിൽ, പിതൃദിനാചരണത്തിന്റെ സ്പന്ദനമായി ഇന്നു കരുതപ്പെടുന്നത് ഈച്ചര വാര്യരെന്ന പിതാവിന്റെയും രാജനെന്ന മകന്റെയും കരളലിയിപ്പിക്കുന്ന കഥയാണ്. കാലമെത്ര കഴിഞ്ഞാലും, അച്ഛൻ-മകൻ ബന്ധത്തിന്റെ വികാര തീവ്രത ഒട്ടും ചോർന്നുപോകാതെ എന്നും നിലനിൽക്കുന്ന ഇതുപോലൊരു ഇതിഹാസ‑ചരിത്രം ഈ ഭൂമുഖത്ത് മറ്റൊരു പ്രദേശത്തുമുള്ളതായി അറിവില്ല. പുത്രദുഃഖമാണ് ദുഖങ്ങളിൽ ഏറ്റവും അഗാധമായതെന്ന് മുതിർന്നവർ‍ പറയാറുണ്ട്. കാണാതായ തന്റെ ഏകമകനെത്തേടി ഒരായുസ്സു മുഴുവൻ അലഞ്ഞുനടന്ന് മണ്ണോടുമണ്ണടിഞ്ഞ ഒരു പിതാവിന്റെ തേങ്ങൽ ഈ മണ്ണിൽ ഇന്നുമുണ്ട്.

മകൻ ഒരിക്കൽ തിരിച്ചുവരുമെന്നു മരണംവരെയും വിശ്വസിച്ച ഈച്ചര വാര്യർ രചിച്ച ‘ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ‍‍’ വായിച്ചു കണ്ണു നിറയാത്തവരുണ്ടോ? “രാധേ, ഒരു പാത്രം ചോറും ഒരു വാഴയിലയും ഊൺമേശയിൽ എന്നും കരുതണം. ഏതു സമയവും അവൻ പടി കയറി വരാം. അവൻ വിശന്നായിരിക്കാം വരുന്നത്. തീർച്ചയായും അവൻ വരും, ” അദ്ദേഹം ഭാര്യയോട് പറയുമായിരുന്നു! ദീപ്തമായ പിതൃപുത്ര ബന്ധത്തിന്റെ ആഴമറിയാൻ ഇതിൽപരമൊരു ദൃഷ്ടാന്തമുണ്ടോ? ഇതാ, നൂറ്റിപ്പത്തു വർഷത്തെ ലോക പിതൃദിനാചരണത്തിൻറെ അന്തഃസ്സത്തയത്രയും കേരളമണ്ണിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുന്നു! മക്കളുടെ സ്വപ്നങ്ങൾക്കു തൻറേതിനേക്കാൾ നിറമുണ്ടെന്നു കരുതിയ പിതാവിന്ന് വൃദ്ധനാണ്. Hap­py Dad Day സന്ദേശം സ്വർണ്ണ ലിപികളിൽ അച്ചടിച്ചു കൊടുത്തില്ലെങ്കിലും, ബ്രാൻഡഡ് ഷർട്ടും, ഇലക്ട്രോണിണിക് ഷേവറുമൊന്നും സമ്മാനിച്ചില്ലെങ്കിലും, നമുക്ക് അദ്ദേഹത്തെ വൃദ്ധസദനത്തിൽ ഏൽപ്പിക്കാതിരിക്കാം. പിതാവിനുള്ള ഉപഹാരാങ്ങൾ എന്നതിന്റെ വൈകാരിക സ്വഭാവം മുതലെടുത്ത് ഗിഫ്റ്റ് ഷോപ്പുക്കൾ ഇവിടെ തഴച്ചുവളരേണ്ട. ഓണത്തിന് പൂ കിറ്റുകളും, വിഷുവിന് പടക്കവും, ക്രിസ്തുമസിനും പെരുനാളിനും ഗ്രീറ്റിംങ് കാർഡും വിറ്റു ശീലിച്ചവർക്ക് പിതൃദിനം ലാഭം കൊയ്യാനുള്ള മറ്റൊരവസരം മാത്രം.

വർ‍ണശബളമായ ആചാരങ്ങളേക്കാൾ നാം മാനിക്കേണ്ടത് അവയുടെ ധാർമ്മിക മാനങ്ങളെയാണ്. മകനിൽനിന്നോ മകളിൽനിന്നോ ഒരു പിതാവ് പ്രതീക്ഷിക്കുന്നത് ഒരുപക്ഷെ ഒരു സ്വാന്തന വാക്ക് മാത്രമായിരിക്കാം! പിതാവ് എടുത്ത ഫോട്ടോകളിലെല്ലാം മാതാവും മക്കളുമായിരുന്നു. കാരണം, അദ്ദേഹം ഫോക്കസ്സ് ചെയ്ത ഫ്രെയ്മുകളിൽ അവരേ ഉണ്ടായിരുന്നുള്ളു. പടങ്ങളിലൊന്നിലും തന്നെക്കാണാതിരുന്നതിൽ പിതാവിന് പരിഭവവുമില്ലായിരുന്നു. നമ്മളെ കൈപിടിച്ചു നടത്തിയ വഴികളിലൂടെ നമുക്കിന്ന് പച്ചപ്പിന്റെ പുതിയൊരു ഫ്രെയിം ഫോക്കസ് ചെയ്ത് പിതാവിനെ അതിലേക്ക് കൈപിടിച്ചു നടത്താം. സംശയമില്ല, സായംസന്ധ്യയിലും പ്രഭാതശോഭ കാണാം! കൗമാരം കഴിയുന്നതോടെ മക്കൾ പിതാവിൽനിന്ന് അകന്നകന്ന് പോകുന്നത് വേദനാജനകമാണ്. തങ്ങളുടെ ലോകത്ത് സമപ്രായക്കാരല്ലാത്തവർ വേണ്ടെന്ന ചിന്ത പിതാവിന്റെ ജീവിതം ശുഷ്ക്കമാക്കുന്നു. നാം കുഞ്ഞുങ്ങളായിരുന്നപ്പോൾ പ്രായം നോക്കാതെ നമ്മോട് കൂട്ടുകൂടിയ ചങ്ങാതിയായിരുല്ലേ പിതാവ്? അദ്ദേഹത്തിൽനിന്ന് മറച്ചുവക്കാനായി മക്കളിൽ എന്തെങ്കിലുമുണ്ടോ? എല്ലാം അച്ഛനറിയാം! അടുപ്പം കാണിക്കാനും അടുത്ത് മക്കളെ കാണാനും ആഗ്രഹമില്ലാത്തവരായി ആരുണ്ടിവിടെ? പിതാവിനും മക്കൾക്കും, കൂടെ മാതാവിനും, പിതൃദിനാശംസകൾ!

you may also like this video;