ഫാത്തിമാ ലത്തീഫിന്റെ മരണം:സഹപാഠികൾ കുടുങ്ങുമോ, വെളിപ്പെടുത്തലുമായി പിതാവ്

Web Desk
Posted on December 04, 2019, 12:00 pm

ന്യൂഡൽഹി: ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി പിതാവ്. പഠനസംബന്ധമായി ഉണ്ടായ അസൂയയുടെയും ഇഷ്ടക്കേടിന്‍റെയും ഭാഗമായി സഹപാഠികളില്‍ ചിലര്‍ ഫാത്തിമയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായി ലത്തീഫ് പറഞ്ഞു. തന്നെ മാനസികമായി പീഡിപ്പിച്ച ഓരോരുത്തരുടെയും പേരുകള്‍ ഫാത്തിമ എഴുതിവച്ചിട്ടുണ്ട്. അതെല്ലാം ഇന്ന് പ്രധാനമന്ത്രിക്ക് കൈമാറുമെന്ന് ലത്തീഫ് അറിയിച്ചു.

പ്രധാനമന്ത്രിയെ കാണാനായി കുടുംബം ഡൽഹിയിൽ എത്തി.എന്നാൽ കൂടിക്കാഴ്ച്ചക്കുള്ള സമയത്തെ കുറിച്ച് വ്യക്തത വന്നിട്ടില്ല. കൊല്ലം എം പി എം.കെ. പ്രേമചന്ദ്രനും കുടുംബത്തിനൊപ്പം പ്രധാനമന്ത്രിയെ കാണും. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫോണിലെ ആത്മഹത്യാക്കുറിപ്പില്‍ ഫാത്തിമ പറഞ്ഞിരുന്നത്.

you may also like this video


ഫാത്തിമ മരിക്കുന്നതിന് മുമ്പ് എഴുതിയതാണ് രണ്ട് കുറിപ്പുകളും സ്ക്രീന്‍ഷോട്ടുമെന്ന് കോടതിയില്‍ ഫോറന്‍സിക് വിഭാഗം റിപ്പോര്‍ട്ട് നല്‍കി.അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫാത്തിമയുടെ ഫോണില്‍ സ്ക്രീന്‍ സേവറായി ഉണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പ്. ഈ സ്ക്രീന്‍ഷോട്ടും, മൊബൈല്‍ ഫോണിലെ രണ്ട് കുറിപ്പുകളും ഫാത്തിമയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ നവംബര്‍ ഒന്‍പതിന് മുമ്പ് എഴുതിയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. സുദര്‍ശന്‍ പത്മനാഭന്‍റെ പേരുള്ള ആത്മഹത്യാക്കുറിപ്പ് പുലര്‍ച്ചെ 12.27ന് എഴുതിയതാകാം എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ മൊബൈല്‍ ഫോണിലുള്ള മറ്റ് കുറിപ്പുകളിലെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് അന്വേഷണ സംഘം കൈപ്പറ്റി. ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സുദര്‍ശന്‍ പത്മനാഭനെ വീണ്ടും ചോദ്യം ചെയ്യും. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നതില്‍ മദ്രാസ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയുടെ സമയത്തെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.നവംബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്.