Thursday
23 May 2019

മഴക്കെടുതി നാശനഷ്ട ലിസ്റ്റില്‍ പിഴവുകള്‍ ; ഫണ്ട് വിതരണത്തിന് തടസ്സങ്ങള്‍ ഏറെ

By: Web Desk | Wednesday 31 October 2018 7:37 PM IST


സുനില്‍ കെ. കുമാരന്‍
നെടുങ്കണ്ടം : ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കിയിരിക്കുന്ന ജിയോ ടാഗ്പ്രകാരമുളള മഴക്കെടുതി നാശനഷ്ട ലിസ്റ്റില്‍ പിഴവുകള്‍ കടന്ന് കൂടിയതോടെ പ്രളയകെടുതി ഫണ്ട് വിതരണത്തിന് തടസ്സങ്ങള്‍ ഏറെ. പ്രളയകെടുതി സമയത്ത് വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ  കണക്കെടുത്തിരുന്നു. എന്നാല്‍ കൂടുതല്‍ വ്യക്തത വരുന്നതിനും ലിസ്റ്റില്‍ നിന്നും അര്‍ഹരെ വിട്ടുപോകാതിരിക്കുവാന്‍ വേണ്ടി അതാത് ഗ്രാമപഞ്ചായത്തുകളുടെ നേത്യത്വത്തില്‍  ജിയോ ടാഗ് വഴി വീടുകള്‍ക്ക് ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍പ്രകാരം ഗ്രാമപഞ്ചായത്തുകള്‍ തയ്യാറാക്കിയ ലിസ്റ്റ് ജില്ല കളക്ടര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഈ ലിസ്റ്റില്‍ ഉണ്ടായിരിക്കുന്ന ക്രമക്കേടുകളാണ് ഇപ്പോള്‍ മഴക്കെടുതി ഫണ്ട് വിതരണത്തിന് തടസ്സമായി വന്നിരിക്കുന്നത്. കാര്യമായി നാശനഷ്ടങ്ങള്‍ ഉണ്ടാകാത്ത വീടുകളെ ഉപയോഗശൂന്യമെന്ന് രേഖപ്പെടുത്തുകയും, താമസിക്കുവാന്‍ കഴിയാത്ത വിധം തകര്‍ന്ന വീടുകള്‍കളെ അറ്റകുറ്റപ്പണികള്‍ മാത്രമുള്ളതായി രേഖപ്പെടുതിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇത്തരം അപകാത നിറഞ്ഞ ലിസ്റ്റ് പ്രസിദ്ധികരിച്ചതോടെ പല ഭാഗങ്ങളില്‍ നിന്നും പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ആക്ഷേപം ഉയര്‍ന്ന കേസുകള്‍ വില്ലേജ്ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, എല്‍എസ്ജിഡി എന്‍ജിനീയര്‍ എന്നിവര്‍ അടങ്ങുന്ന സംഘം വീണ്ടും പുനര്‍പരിശോധന  നടത്തി ആക്ഷേപം പരിഹരിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വാടക വീടുകള്‍, മുമ്പ് ഉപയോഗിച്ചിരുന്നതും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ വീടുകള്‍ എന്നിവയ്ക്ക് ഈ ഫണ്ട് ലഭിക്കുകയില്ല. വരുമാനത്തിന്റെ ഏറ്റകുറച്ചില്‍ നോക്കാതെ കുടുംബസമേതം താമസിക്കുന്ന വീടുകള്‍ക്ക്് ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ക്കാണ് മഴക്കെടുതി ഫണ്ട് സര്‍ക്കാര്‍ നല്‍കി വരുന്നത്. എന്നാല്‍ സ്വാധീനം ഉപയോഗിച്ച് പലരും അനര്‍ഹമായ സൗകര്യങ്ങള്‍ നേടിയെടുക്കുവാനുള്ള ശ്രമം പല പഞ്ചായത്തുകളിലും നടന്നിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിന്റെ  വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണിന്റെ ഭര്‍ത്താവിന്റെ പേരും ഉപയോഗി്ക്കാത്ത വീടുകള്‍ തകര്‍ന്നുവെന്ന് കാണിച്ച് കോണ്‍ഗ്രസ് നേത്യത്വത്തിന്റെ ഒത്താശയോടെ ലിസ്റ്റില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടന്ന്് കൂടിയിരുന്നു. ഇതിനെതിരെ എല്‍ഡിഎഫിന്റെ നേത്യത്വത്തില്‍ ശക്തമായി പ്രതിക്ഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇത്തരത്തിലുള്ള പരാതികള്‍ സംഘത്തിന്റെ വിശദമായ പരിശോധനയിലുടെ പരിഹരിച്ച് വരികയാണ്.  മഴക്കെടുതി സമയത്ത് റവന്യു ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ലിസ്റ്റിലും ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ജീയോ ടാഗ്പ്രകാരമുള്ള ലിസ്റ്റിലേയും ഒരേപോലെ  രേഖപ്പെടുത്തിയ നാശനഷ്ടങ്ങള്‍ ഉണ്ടായ ആളുകള്‍ക്ക് ഉടന്‍തന്നെ ഫണ്ട് നല്‍കുവാനുള്ള നടപടികള്‍ നടന്ന് വരികയാണ്. ഇതിന്റെ ഭാഗമായി ഇത്തരത്തില്‍ രണ്ട് ലിസ്റ്റിലും ഒരുപോലെ ഉള്‍പ്പെട്ടവരെ കണ്ടെത്തുവാനുള്ള രേഖകള്‍ പരിശോധന നടന്ന് വരികയാണ്.
Related News