ഭക്ഷ്യധാന്യങ്ങളുടെ സംഭരണവും വിതരണവും കോര്‍പ്പറേറ്റുകള്‍ക്ക്

Web Desk
Posted on April 19, 2018, 10:27 pm

ബേബി ആലുവ
കൊച്ചി: രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ സംഭരണവും വിതരണവും നിര്‍വഹിച്ചു പോന്ന ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ നോക്കുകുത്തിയാക്കി, ആ ജോലികള്‍ കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ക്ക് വേഗതയേറി. മുഴുവന്‍ ഇടപാടുകളില്‍ നിന്നും ഒഴിവാക്കി, ഭക്ഷ്യ വിതരണം എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ച് പഠനം നടത്തുന്ന ഏജന്‍സി മാത്രമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ എഫ്‌സിഐയെ ഒതുക്കാനാണ് തീരുമാനം.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയാകെ തകിടം മറിക്കുന്ന തരത്തിലുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുതിരുന്നത്, ഭക്ഷ്യ വിതരണ സംഭരണ രംഗങ്ങളില്‍ നിന്ന് എഫ്‌സിഐയെ ഒഴിവാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്റ് അംഗം ശാന്തകുമാര്‍ അധ്യക്ഷനായ ഉന്നതതല സമിതിയുടെ ശുപാര്‍ശ പ്രകാരമാണ്. ഈ നടപടി ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ സ്വയം പര്യാപ്തതയിലെത്തിയിട്ടില്ലാത്ത കേരളമടക്കമുള്ള കമ്മി സംസ്ഥാനങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.പഞ്ചാബ്, ഹരിയാന, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഈ ജോലി അതത് സര്‍ക്കാരുകളെ കേന്ദ്രം ഏല്‍പ്പിച്ചു കഴിഞ്ഞു.ഇക്കാലമത്രയും എഫ്‌സിഐ നിര്‍വഹിച്ചിരുന്ന ഗോതമ്പിന്റെ സംഭരണവും വിതരണവും അഡാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചതിന്റെ പിന്നാലെയാണിത്.കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം സപ്പോര്‍ട്ട് പ്രൈസ് (കുറഞ്ഞ താങ്ങുവില ) നല്‍കി ഈ സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍ നിന്നും മില്ലുകളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ അരിയും ഗോതമ്പും കാലങ്ങളായി എഫ് സി ഐ വാങ്ങി സംഭരിച്ചിരുന്നത്. ഇനി ആ ജോലി ആ സംസ്ഥാനങ്ങള്‍ മാത്രം ചെയ്താല്‍ മതി എന്നാണ് തീരുമാനം. ആറ് മിച്ച സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാനുള്ള പൂര്‍ണ്ണ ചുമതല അതാതിടത്തെ സര്‍ക്കാരുകള്‍ക്ക് നല്‍കുമ്പോള്‍, അവിടങ്ങളിലെ ഉപയോഗം കഴിഞ്ഞു ശേഷിക്കുന്നവ മാത്രമേ അവര്‍ കമ്മി സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ തയ്യാറാവുകയുള്ളു എന്ന അപകടമുണ്ട്. അവിടങ്ങളില്‍ ചെലവാകാത്ത സാധനങ്ങളാകും അധികവും കമ്മി സംസ്ഥാനങ്ങള്‍ക്കായി നീക്കിവയ്ക്കുക. ഇതിനു പുറമെ, ഈ സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കേണ്ട ചുമതലയില്‍ നിന്ന് ക്രമേണ കേന്ദ്ര സര്‍ക്കാരിന് പിന്‍വാങ്ങുകയുമാകാം.ഇതോടെ, കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പൊതുവിതരണ സമ്പ്രദായം പാടേ അട്ടിമറിക്കപ്പെടും. ഇപ്പോള്‍ത്തന്നെ, റേഷന്‍ കടകള്‍ വഴി പഞ്ചസാര വിതരണമില്ല മണ്ണെണ്ണ പേരിനു മാത്രമായി.
എഫ്‌സിഐയുടെ കൈവശമുള്ള ഗോഡൗണുകളും റോഡുകളും മറ്റും, കേന്ദ്രസംസ്ഥാന വെയര്‍ഹൗസുകള്‍ക്കും, ഭക്ഷ്യധാന്യ സംഭരണത്തിനു ചുമതലപ്പെടുത്തിയ ആറ് സംസ്ഥാന സര്‍ക്കാരുകള്‍ക്കുമായി വിട്ടുകൊടുക്കാനുള്ള നിര്‍ദ്ദേശവും ശാന്തകുമാര്‍ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഈ നിര്‍ദ്ദേശം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന് എഫ്‌സിഐയിലെ തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. ഈ ഗോഡൗണുകള്‍ എഫ്‌സിഐയില്‍ നിന്നു കൈമറിഞ്ഞു പോയാല്‍ അവ വന്‍കിട കച്ചവടക്കാര്‍ക്ക് വാടകക്കെടുക്കാന്‍ വഴിതെളിയും. വലിയ തോതില്‍ അവര്‍ വാങ്ങിക്കൂട്ടുന്ന ഭക്ഷ്യധാന്യങ്ങള്‍ ഈ ഗോഡൗണുകളില്‍ ശേഖരിക്കാം. ഇങ്ങനെ സംഭരിക്കുന്നവയക്ക് അവയുടെ മൊത്തം വിലയുടെ 80 ശതമാനം ബാങ്കുകളില്‍ നിന്ന് വായ്പയായി കോര്‍പ്പറേറ്റുകള്‍ക്ക് തട്ടിയെടുക്കാം. പൊതുവിപണിയില്‍ വില ഉയരുന്ന മുറയ്ക്ക് സാധനങ്ങള്‍ വിറ്റഴിച്ച് കൊള്ളലാഭം നേടാനുമാകും.
നെല്ല്, അരി, ഗോതമ്പ് എന്നിവയുടെ സംഭരണത്തില്‍ നിന്ന് എഫ്‌സിഐ ഒഴിയുക, സംഭരണ രംഗത്ത് സ്വകാര്യ ഏജന്‍സികളെ പ്രോത്സാഹിപ്പിക്കുക, എഫ്‌സിഐയെ ഒഴിവാക്കി സംഭരണ രംഗത്ത് പരിചയസമ്പത്തുള്ള പഞ്ചാബ്,ഹരിയാന, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ ആ ജോലി ഏല്‍പ്പിക്കുക, സ്വകാര്യ വ്യക്തികള്‍ക്ക് പ്രോത്സാഹനം നല്‍കാനായി വെയര്‍ഹൗസ് ശാഖകള്‍ ഉപയോഗിച്ച് ബാങ്ക് വായ്പകളുള്‍പ്പെടെയുള്ള സാമ്പത്തിക സഹായം നല്‍കി കരാറില്‍ ഏര്‍പ്പെടുക, ക്രമേണ റേഷന്‍ സമ്പ്രദായത്തിനു പകരമായി പണം കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുക, എഫ്‌സിഐ യുടെ നിലവിലുള്ള ഗോഡൗണുകള്‍ക്കു പകരം സ്വകാര്യ മേഖലയുടെ സഹായത്തോടെ സൈലോകള്‍ പണിയുക, ഭക്ഷ്യധാന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് തൊഴിലാളികളെ ഒഴിവാക്കുക, ഇതിലേക്ക് സ്വകാര്യ സ്റ്റോക്കിംഗ് ഏജന്‍സികളുടെ സഹായം സ്വീകരിക്കുക, ഡിപ്പാര്‍ട്ടുമെന്റ് ലൈസ്ഡ് തൊഴിലാളികളെ വി ആര്‍ എസ് നല്‍കി ക്രമേണ ഒഴിവാക്കുക, കരാര്‍ തൊഴില്‍ സമ്പ്രദായം പുനഃസ്ഥാപിക്കുക, എഫ് സി ഐയെ മേല്‍നോട്ടത്തിനു വേണ്ടിയുള്ള ഒരു ഏജന്‍സി മാത്രമായി പുനഃസംഘടിപ്പിക്കുകയും ഭക്ഷ്യ വിതരണം എങ്ങനെ ചെലവു കുറച്ച് നടപ്പാക്കാം എന്നതിനെക്കുറിച്ച് പഠനം നടത്തുന്ന ഒരു സ്ഥാപനം മാത്രമായി നിലനിര്‍ത്തകയും ചെയ്യുക തുടങ്ങി, പ്രത്യക്ഷത്തില്‍ തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് താങ്ങാവുന്നതും എഫ്‌സിഐയെ ഇല്ലാതാക്കുന്നതും തൊഴിലാളികളെ ദ്രോഹിക്കുന്നതുമായ 14 ശുപാര്‍ശകളാണ് ശാന്തകുമാര്‍ സമിതി സര്‍ക്കാരിനു സമര്‍പ്പിച്ചത്.നരേന്ദ്ര മോഡി സര്‍ക്കാര്‍ അതപ്പാടെ അംഗീകരിക്കുകയും ചെയ്തു.തുടര്‍ന്ന്, എഫ് സി ഐ യുടെ പുനഃസംഘടനയ്‌ക്കെന്ന നാട്യത്തില്‍ പൊതുജനങ്ങളില്‍ നിന്നു നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു കൊണ്ട് പത്രമാധ്യമങ്ങളില്‍ പരസ്യവും പ്രസിദ്ധീകരിച്ചു.
അരി മില്ലുടമകള്‍ നിയമപ്രകാരം ലെവി നല്‍കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന നിര്‍ദ്ദേശവും ഉന്നതതല സമിതിയില്‍ നിന്നുണ്ടായി. പിന്നാലെ, ആന്ധ്രപ്രദേശിലെ അരി മില്ലുകാരില്‍ നിന്ന് 75 ശതമാനം ലെവി പിരിച്ചിരുന്നത് 25 ശതമാനമാക്കി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എഫ്‌സിഐയെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സമരം ശക്തിപ്പെടുത്താനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.