Monday
27 May 2019

ബിജെപി ഭരണത്തില്‍ ഭയന്നുജീവിക്കുന്നവര്‍

By: Web Desk | Thursday 14 March 2019 5:53 PM IST


പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ

രാഷ്ട്രീയ സ്വയം സേവക സംഘത്തെ പിന്‍നിര്‍ത്തിയുള്ള ബിജെപിയുടെ ദുര്‍ഭരണം അതിന്റെ ആദ്യനാളുകളില്‍ തന്നെ രാജ്യത്തെയും ജനങ്ങളെയും കടുത്ത നിരാശയില്‍ ആഴ്ത്തുകയുണ്ടായി. ഭരണഘടന അസാധുവാക്കുവാനും മനുവാദമാണ് അഭിലഷണീയം എന്നു വരുത്തിത്തീര്‍ക്കുവാനും ഇടയ്ക്കിടയ്ക്ക് കുശുകുശുക്കുന്ന നേതാക്കന്മാരുടെ കൂസലില്ലായ്മ പൊതുസമൂഹത്തിലെ കാര്യബോധമുള്ളവരെയെല്ലാം ലജ്ജിപ്പിക്കുന്നു. രാഷ്ട്രപിതാവിനെ തള്ളിപ്പറയുകയും രാഷ്ട്രപിതാവിന്റെ ഘാതകനെ ആദര്‍ശപുരുഷനായി കൊണ്ടാടുകയും ചെയ്യുന്നതില്‍ തീവ്രഹിന്ദുത്വം സംതൃപ്തിയടയുന്നു. ജനാധിപത്യത്തിനും ദേശീയതയ്ക്കും പുതിയ നിര്‍വചനങ്ങള്‍ സൃഷ്ടിക്കുകയും വിളംബരപ്പെടുത്തുകയും ചെയ്യുന്നു. ചരിത്രബോധവും സംസ്‌കാരവുമുള്ള പ്രബുദ്ധ വിഭാഗത്തെ ഉല്‍ക്കണ്ഠപ്പെടുത്തുന്ന കാര്യങ്ങളാണിവ.
ബിജെപി ഭരണത്തില്‍ ഭയന്നു ജീവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങള്‍ക്ക് ഈ ഭരണം ഒരു പേടിസ്വപ്‌നമായി തുടരുന്നു. അതൊന്ന് അവസാനിപ്പിച്ചെങ്കില്‍ എന്നവര്‍ ആഗ്രഹിക്കുന്നു. സ്വന്തം ജീവിതാനുഭവങ്ങളിലൂടെ അവര്‍ അത്തരമൊരവസ്ഥയില്‍ എത്തിച്ചേര്‍ന്നതാണ്. ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും പാര്‍പ്പിടവും ആരോഗ്യപരിരക്ഷയും ജീവിത സുരക്ഷിതത്വവും ജനതയുടെ മൗലികാവകാശങ്ങളാണ്. ജനാധിപത്യ ഭരണകൂടത്തിന്റെ ഒന്നാമത്തെ കര്‍ത്തവ്യം അതെല്ലാം സമൂഹത്തിന് തരപ്പെടുത്തിക്കൊടുക്കുകയാണ്. ആ ഉത്തരവദിത്വം തത്വത്തില്‍പോലും അംഗീകരിക്കുവാന്‍ ഇന്നത്തെ ഭരണകൂടം തയാറല്ല. തലയ്ക്കുചുറ്റുമുള്ള നിയന്ത്രണം വിട്ട നാവുകളില്‍ നിന്നും പുറമേയ്ക്ക് ചീറ്റുന്ന വാഗ്‌ധോരണിക്കു പുറത്താണ് അത്തരം മൗലിക പ്രശ്‌നങ്ങള്‍.
ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലെ പൗരോഹിത്യവും ഭരണാവകാശവും കൈയാളിയിരുന്ന കുറച്ചു പേര്‍ക്ക് അവ വീണ്ടെടുത്തുകൊടുക്കുക അധികാര കേന്ദ്രങ്ങളുടെ ആത്യന്തിക ലക്ഷ്യമാകുമ്പോള്‍ ഗാന്ധിവധം പൂണ്യകര്‍മമാകുന്നു. കോണ്‍ഗ്രസ് നേതാവും ആര്‍എസ്എസിനെ നിരോധിച്ച ഭരണകര്‍ത്താവുമായിരുന്ന സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനെ അടിച്ചുമാറ്റി സ്വന്തമാക്കിയ നടപടി കോണ്‍ഗ്രസിനു പ്രതികരിക്കാനും വേണ്ടി ഗൗരവമുള്ള ഒന്നായിരുന്നില്ല. പതിനായിരം ആദിവാസികളെ കുടിയൊഴിപ്പിക്കുകയും അവരുടെ ഭൂമി ബലമായി പിടിച്ചെടുക്കുകയും ചെയ്തപ്പോള്‍ അരുത് എന്നു വിരല്‍ചൂണ്ടുവാനുണ്ടായത് ചില ഇടതുപക്ഷ പാര്‍ട്ടികളും കുറെ പരിസ്ഥിതി പ്രവര്‍ത്തകരുമായിരുന്നു.
ബിജെപി ഭരണം സൃഷ്ടിച്ച പൊറുതികേട് ബഹുഭൂരിപക്ഷത്തെ അലട്ടിക്കൊണ്ടിരിക്കുന്ന കാര്യമാണ്. അധഃസ്ഥിതരും മത ന്യൂനപക്ഷങ്ങളും ഭരണപക്ഷത്തിന്റെ കണ്ണില്‍ കരടായിരുന്നു എന്ന് സാമാന്യമായി പറയാമെങ്കില്‍ അതില്‍ തന്നെ ചില പ്രത്യേക വിഭാഗത്തെ ഹിന്ദു തീവ്രവാദികള്‍ ടാര്‍ഗറ്റ് ചെയ്തിരുന്നു എന്നു നൂറുകണക്കിനുള്ള സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അഹൈന്ദവമാകെ ശത്രുക്കളാണെങ്കിലും അതില്‍ത്തന്നെ മുസ്‌ലിം മുഖ്യശത്രുവാകുന്നു. അവര്‍ണരോടുള്ള അസഹിഷ്ണുത എപ്പോഴും ദളിതരില്‍ കേന്ദ്രീകരിക്കുന്നു. അച്ഛാദിനങ്ങളെക്കുറിച്ചുള്ള ഭരണാധികാരിയുടെ ആനുകാലിക പ്രഘോഷണങ്ങളില്‍ ഇരുകൂട്ടരേയും തന്നിലേക്ക് ക്ഷണിക്കുന്ന കാപട്യം ചിരകാല പരിചയംകൊണ്ട് ഇരകള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാനാവില്ലെന്നുള്ള മഹദ്‌വചനം ആര്‍ക്കാണറിയാത്തത്.
പശുഭക്തി കപടരാഷ്ട്രീയത്തിന്റെ പ്രതീകമാക്കുന്നത് പശുവിനോട് പ്രത്യേകമായ കൂറോ വിരോധമോ ഉണ്ടായിട്ടല്ല. അഹിംസാവാദത്തില്‍ നിന്നുണ്ടാവുന്ന ജീവകാരുണ്യവും പശുഭക്തിയും തമ്മില്‍ ഒരു ബന്ധവുമില്ല. ജീവകാരുണ്യം അടിസ്ഥാനപരമായ മാനസിക ചോദനയാണെങ്കില്‍ ആടിനോടും മുയലിനോടും മത്സ്യങ്ങളോടും പറവകളോടും ഒക്കെ അതേ വികാരം തോന്നേണ്ടതല്ലേ? ആ അളവില്‍ ആ വികാരം മനുഷ്യനോടും തോന്നാവുന്നതാണല്ലോ. അവിടെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലീമുമൊക്കെ ഒരേപോലെ മനുഷ്യരല്ലേ? ആര്‍ക്കെങ്കിലും അങ്ങനെ ചിന്തിക്കാന്‍ കഴിയാതെ പോവുന്നുവെങ്കില്‍ അതിനര്‍ഥം അവരുടെ സംസ്‌കാരം ഇന്നും പ്രാകൃതമാണെന്നല്ലേ?
ഗോഹത്യക്കെതിരെ ആയുധമെടുക്കുന്ന കരപ്രമാണികളെയും കവലച്ചട്ടമ്പികളെയും നിയമത്തിന്റെ പിടിയില്‍ നിന്നു രക്ഷിക്കുവാന്‍ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്നാലെ കൂടിയവര്‍ വാളും കുന്തവുമായി പുറപ്പെടുന്നത് സങ്കുചിത മതവികാരം തലയ്ക്കു പിടിച്ചിട്ടാണെന്നു വ്യക്തം. ഗോഹത്യ നിരോധിക്കുന്ന നിയമനിര്‍മാണം ചില സംസ്ഥാനങ്ങളെ ചാരിതാര്‍ഥ്യം കൊള്ളിക്കുന്നു. എല്ലാ നിയമനിര്‍മാണങ്ങള്‍ക്കുമുള്ള കരട് തയാറാക്കുന്നത് നാഗപ്പൂരിലെ ചില ജനവിരുദ്ധ കേന്ദ്രങ്ങളിലാണെന്ന ജനസംസാരം തള്ളിക്കളയാവുന്നതല്ല.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തുണ്ടായ ഏറ്റവും ആപല്‍ക്കരമായ സ്ഥിതിവിശേഷം നിയമവാഴ്ചയുടെ തകര്‍ച്ചയാണ്. ഏതെങ്കിലുമൊരു പൗരന്റെ അടുക്കളയില്‍ ഒരുകൂട്ടം ഗുണ്ടകള്‍ ബലമായി പ്രവേശിച്ച് അടുപ്പില്‍ വെന്തുകൊണ്ടിരിക്കുന്നത് എന്താണെന്നു പരിശോധിക്കുന്നതും ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന മാംസാഹാരം എടുത്തുകൊണ്ടുപോവുന്നതും ഗൃഹനാഥനെ കുടുബാംഗങ്ങളുടെ മുന്നില്‍ വച്ചുതന്നെ തല്ലിക്കൊല്ലുന്നതും ആവര്‍ത്തിക്കുമ്പോള്‍ അവിടെ ഇല്ലാതായത് നിയമവാഴ്ചയാണെന്നു പറയുവാന്‍ ഒരു പൗരന് പ്രത്യേകമായ നിയമപാണ്ഡ്യത്യത്തിന്റെയൊന്നും ആവശ്യമില്ല. ഇതൊക്കെ സംഭവിക്കുമ്പോഴും അച്ഛാദിനങ്ങളെക്കുറിച്ച് വീമ്പിളക്കുന്ന ഭരണാധികാരിയെക്കുറിച്ച് സഹതപിക്കാതെ വയ്യ.
നാലു ജനത്തെ ഒരുമിച്ച് കാണുമ്പോള്‍ താന്‍ വഹിക്കുന്ന വലിയ പദവിയെക്കുറിച്ചോര്‍ക്കാതെ വായില്‍ തോന്നുന്നതെല്ലാം വിളിച്ചുകൂവിക്കൊണ്ടിരിക്കുന്ന ഭരണാധികാരിക്ക് അതുണ്ടാക്കുന്ന പ്രത്യാഘാതം നല്ലതല്ലെന്നു തോന്നിത്തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. ബംഗാളില്‍ നിന്ന് രാജസ്ഥാനില്‍ വന്ന് എന്തെങ്കിലും തൊഴിലെടുത്ത് കുടുംബം പോറ്റാന്‍ തുടങ്ങിയ മുഹമ്മദ് അഫ്രാസുല്‍ഖാന്‍ എന്ന അമ്പതുകാരനെ മഴുകൊണ്ട് വെട്ടിക്കൊന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞു ദഹിപ്പിച്ച സംഭവം അത്ര പഴയതല്ല. ഭൂരിപക്ഷം ഹിന്ദുക്കളും അംഗീകരിക്കാത്ത കാര്യമാണതെന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെളിയുകയുണ്ടായി. രാജസ്ഥാനിലെ രാജസാമന്ത് ജില്ലയിലാണ് മതത്തിന്റെ പേരിലുള്ള ആ കൊലപാതകം നടന്നത്. അതിനെതിരെ ഉയര്‍ന്നുവന്ന ജനരോഷം പ്രശ്‌നം തേച്ചുമാച്ചുകളയാനുള്ള അധികാര കേന്ദ്രങ്ങളുടെ ശ്രമങ്ങളെ പരാജയപ്പടുത്തി. കൊലയാളിയായ ശംഭുലാല്‍ റയ്ഗാറിനെ അറസ്റ്റുചെയ്യാതിരിക്കാന്‍ സാധ്യമല്ലാത്ത സ്ഥിതിവിശേഷം അവിടെ വളര്‍ന്നുവന്നു. ആ വികാരം ജനം വോട്ടിലൂടെ പ്രകടിപ്പിക്കാന്‍ തയാറായപ്പോള്‍ സംഭവിച്ചത് രാജസ്ഥാനിലെ ബിജെപി ഭരണം അവസാനിച്ചതാണ്.
ബിജെപിയുടെ സ്വാധീന മേഖലകളിലെല്ലാം പശുവിന്റെ പേരും പറഞ്ഞ് മതന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നത് ഒരു കീഴ്‌വഴക്കമായിത്തീര്‍ന്നിരിക്കയാണ്. പച്ച മനുഷ്യനെ കരുകരാ കൊന്നൊടുക്കുന്നതില്‍ ആത്മസുഖം അനുഭവിക്കുന്ന ആര്‍എസ്എസിന് ശതാബ്ദിയിലേക്ക് ഇനി ആറു വര്‍ഷത്തെ അകലമേയുള്ളു. മോഡി ഗുജറാത്ത് വാഴുംകാലത്ത് രണ്ടായിരം മുസ്‌ലീങ്ങളുടെ കഥ കഴിക്കുന്നതിന് ചില്ലറ മണിക്കൂറുകളേ വേണ്ടിവന്നുള്ളു. ആത്മനിയന്ത്രണം നഷ്ടപ്പെട്ട ജനക്കൂട്ടത്തിന്റെ പെട്ടെന്നുണ്ടായ ക്ഷോഭത്തിന്റെ ഫലമാണതെന്നു പറഞ്ഞ് അതില്‍നിന്നു തലയൂരുവാന്‍ ആര്‍ക്കും കഴിയുകയില്ല. മുകളില്‍ എന്തിനും പോന്ന ഒരു രക്ഷകന്‍ തങ്ങള്‍ക്കുണ്ടെന്ന അഹന്തയാണ് അക്രമങ്ങളുടെ ഉറവിടം. കഴിഞ്ഞ അഞ്ചു വര്‍ഷമായി മതന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും നേര്‍ക്ക് നടക്കുന്ന അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഭ്രാന്തമായ മതവികാരത്തിന്റെ അധികാര ഗര്‍വമാണ്. ആ അധികാരഗര്‍വം അവസാനിച്ചെങ്കില്‍ എന്ന് ജനത ആഗ്രഹിക്കുന്നു.
ഒന്നര വര്‍ഷം മുമ്പ് നാഗപ്പൂര്‍ ജില്ലയില്‍ പ്രചരിച്ചിരുന്ന ഒരു ലഘുലേഖയെക്കുറിച്ച് അന്ന് ‘ഹിന്ദു’ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹിന്ദുക്കള്‍ പാലിക്കേണ്ട കുറേ സാരോപദേശങ്ങള്‍ അതിലുണ്ടായിരുന്നു. ഉപദേശം ശ്രദ്ധിച്ചാല്‍ തോന്നുക ഹിന്ദുത്വവാദികളുടെ ആജ്ഞാനുവര്‍ത്തികളാണ് ഹൈന്ദവ സമൂഹമെന്നത്രേ. ഭൂരിപക്ഷ സമുദായങ്ങള്‍ ഇസ്‌ലാമിക ഉത്സവങ്ങളും പൊതുപരിപാടികളും ബഹിഷ്‌കരിക്കണം, ഹിന്ദുക്കളുടെ വീടുകളിലോ തൊഴിലിടങ്ങളിലോ മുസ്‌ലിങ്ങളെ പണിക്കു വയ്ക്കരുത്, ഒരു കാര്യത്തിനും മുസ്‌ലിങ്ങളെ നിങ്ങളുടെ വസതിയിലേക്ക് ക്ഷണിക്കരുത്, മുസ്‌ലിങ്ങളുടെ ഉടമസ്ഥതയിലുള്ള പീടികകളിലോ പെട്രോള്‍ പമ്പുകളിലോ പോവരുത്, തെരഞ്ഞെടുപ്പുകളിലൊന്നും ഏത് പാര്‍ട്ടിയിലും പെടുന്ന മുസ്‌ലിങ്ങള്‍ക്ക് വോട്ടു ചെയ്യരുത് എന്നിങ്ങനെ ഉപദേശങ്ങളുടെ പട്ടിക നീളുന്നു. ആര്‍എസ്എസ് വെല്ലുവിളിക്കുന്നത് രാജ്യത്തിന്റെ മതേതര ജനാധിപത്യ സംവിധാനങ്ങളെയാണ് ഉപദേശങ്ങളില്‍ ആവേശം പൂണ്ട ജനക്കൂട്ടം ഹിന്ദുക്കളായ രോഗികളെയും ചികിത്സിച്ചുപോന്ന ഇസ്‌ലാം മതക്കാരനായ ഡോക്ടറെ കൈയോടെ തല്ലിക്കൊല്ലുകയായിരുന്നു.
ബിജെപി ഭരണത്തില്‍ ഭയന്നു ജീവിക്കുന്നവരുടെ എണ്ണം കാലഗതിയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. എണ്ണത്തില്‍ കുറവാണെങ്കിലും കൊല്ലും കൊലയും നടത്തി മഹാഭൂരിപക്ഷത്തെ ഭയപ്പെടുത്തി ആധിപത്യമുറപ്പാക്കുവാനുള്ള കുതന്ത്രങ്ങളാണ് തീവ്ര ഹിന്ദുത്വത്തിന്റെ ബുദ്ധിശാലയില്‍ മിനഞ്ഞുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു കാലമാവുമ്പോള്‍ ഒറ്റനോട്ടത്തില്‍ പാവപ്പെട്ട ആടാണെന്നു തോന്നാം. ആടിന്റെ പിന്നില്‍ മറഞ്ഞിരിക്കുന്ന ചെന്നായയുടെ കാര്യം പ്രത്യേകം ഓര്‍മിക്കുകയാണ് ഈ കാലഘട്ടത്തിന്റെ സുപ്രധാനമായ ധര്‍മം.