കെ രംഗനാഥ്

തിരുവനന്തപുരം:

January 29, 2021, 10:29 pm

യുഡിഎഫില്‍ പരാജയഭയം,കാലുവാരൽ

Janayugom Online

പരാജയവും പാലംവലിയും മണത്തറിഞ്ഞ യുഡിഎഫിന്റെ ഉന്നത നേതാക്കള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടില്‍ നിന്ന് വ്യാപകമായ ഒളിച്ചോട്ടം തുടങ്ങി. ഗ്രൂപ്പുകളികളും കാലുവാരലും ജന്മസിദ്ധമായ കോണ്‍ഗ്രസിലെ നേതാക്കളാണ് ഏറ്റവുമധികം മാളത്തിലൊളിച്ചുതുടങ്ങിയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസങ്ങളിലാരംഭിച്ച സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍, കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ സി ജോസഫ്, ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി എ എം അസീസ്, സിഎംപി നേതാവ് സി പി ജോണ്‍, മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ് തുടങ്ങി യുഡിഎഫ് നേതാക്കളുടെ ഒരു നീണ്ടനിരതന്നെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളായശേഷം ഇത്തവണ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

മുല്ലപ്പള്ളി കല്പറ്റയില്‍ നിന്നു മത്സരിക്കുമെന്ന വെളിപ്പെടുത്തല്‍ വന്നശേഷം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരനെ കുപ്പായമണിയിച്ച് ഹൈക്കമാന്‍ഡിനു മുന്നിലെത്തിക്കുന്നതുവരെ കാര്യങ്ങള്‍ ചെന്നെത്തിയിരുന്നു. പക്ഷേ, പൊടുന്നനേയായിരുന്നു മുല്ലപ്പള്ളിയുടെ മലക്കംമറിച്ചില്‍. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫിന് 4515 വോട്ടിന്റെ മുന്‍തൂക്കമുണ്ടെന്ന കണക്കായിരുന്നു മുല്ലപ്പള്ളിയുടെ കല്പറ്റ മോഹത്തിനു പിന്നില്‍. ഈ മോഹം പുറത്തായതോടെ മണ്ഡലത്തിലെ കോണ്‍ഗ്രസില്‍ കലാപ വേലിയേറ്റമായി.

മുസ്‌ലിംലീഗും അവകാശവാദം ഉന്നയിച്ചു. എഐസിസി അംഗവും മുന്‍ എംഎല്‍എയുമായ റോസക്കുട്ടി ടീച്ചര്‍, മുന്‍ കല്പറ്റ എംഎല്‍എയായിരുന്ന എന്‍ ഡി അപ്പച്ചനും സീറ്റുമോഹികളായി രംഗത്തിറങ്ങിയതും മുല്ലപ്പള്ളിയെ ഞെട്ടിച്ചു. ഇതിനിടെ ഒരു കുപ്പിണി യൂത്തുകോണ്‍ഗ്രസ് നേതാക്കളും കോഴിക്കോട്ടുകാരനായ മുല്ലപ്പള്ളിയെ വയനാട്ടിലെ കല്പറ്റയില്‍ അടിച്ചേല്പിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ തനിക്കു മണ്ഡലത്തില്‍ സൂചികുത്താന്‍ പോലും ഇടം ലഭിക്കില്ലെന്ന് മുല്ലപ്പള്ളി മണത്തറിഞ്ഞു. ശ്രേയംസ് കുമാറിന്റെ ജനതാദള്‍ ഇത്തവണ ഇടതുമുന്നണിയിലെ ഘടകകക്ഷിയുമാണ്. ഈ ഘടകങ്ങളെല്ലാമായതോടെ മുല്ലപ്പള്ളിയുടെ പരാജയഭീതിയും കാലുവാരല്‍ ഭയവും കലശലാവുകയായിരുന്നു. ‘തെക്കുന്നു വന്നതും പോയി, ഒറ്റാലില്‍ കിടന്നതും പോയി’ എന്ന മട്ടില്‍ മത്സരിച്ചു തോറ്റാല്‍ കയ്യിലുള്ള കെപിസിസി പ്രസിഡന്റ് പദം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലെന്ന സംഭ്രാന്തിയും മുല്ലപ്പള്ളിയുടെ പിന്മാറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മുന്‍പൊരിക്കല്‍ കഴക്കൂട്ടത്തു നിന്നും പിന്നീട് കായംകുളത്തു നിന്നും വിജയിച്ച യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ കഴിഞ്ഞ തവണ സിപിഐയിലെ മുല്ലക്കര രത്നാകരനോട് തോറ്റു തുന്നംപാടി.

കഴക്കൂട്ടത്തേക്കു ചെന്നാല്‍ നാലുതവണ ഇവിടെ നിന്നു മത്സരിച്ച എം എ വാഹിദ് കാലുവാരുകയോ വിമതനായെത്തുകയോ ചെയ്ത് തന്നെ നിലംപരിശാക്കുമെന്ന ഭയംമൂലമാണ് ഹസന്‍ മത്സരമോഹം ഉപേക്ഷിച്ചതെന്നറിയുന്നു. കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ സി ജോസഫാകട്ടെ 39 വര്‍ഷമായി ഇരിക്കൂറിലെ എംഎല്‍എയാണ്, മന്ത്രിയുമായി. ജോസഫ് കഴിഞ്ഞ തവണ വളരെ ആയാസപ്പെട്ടാണ് സിപിഐ സ്ഥാനാര്‍ത്ഥി കെ ടി ജോസിനെതിരെ കടന്നുകൂടിയത്. ഇത്തവണ ജോസഫിനെതിരെ ഗ്രപ്പുഭേദമില്ലാതെ കലാപമാണ്. കുന്നംകുളത്തു രണ്ടുതവണ തോറ്റ സിഎംപി നേതാവ് സി പി ജോണാകട്ടെ തോല്‍വിയുടെ ഹാട്രിക് നേടാന്‍ ഇത്തവണയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. സീറ്റു വിഭജനം പൂര്‍ത്തിയാകുമ്പോള്‍ യുദ്ധരംഗത്തു നിന്നും ഉത്തരനെപ്പോലെ ഒളിച്ചോടുന്ന യുഡിഎഫ് നേതാക്കളുടെ എണ്ണം ഇനിയും ഏറും.

ENGLISH SUMMARY: Fear of fail­ure in the UDF

YOU MAY ALSO LIKE THIS VIDEO