കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ജൂലൈ ഒന്നിന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും

Web Desk
Posted on June 29, 2019, 2:03 pm

കൊച്ചി: വിവിധാവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ജൂലൈ ഒന്നിന് പകല്‍ 11ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വികലാംഗ പെന്‍ഷന്‍ വര്‍ധനവ് പൂര്‍ണമായും നടപ്പിലാക്കുക, വികലാംഗ സംരക്ഷണ നിയമം 2016 പൂര്‍ണമായും നടപ്പിലാക്കുക, കാഴ്ചയില്ലാത്തവര്‍ക്കുള്ള ഇന്‍സൈറ്റ് പ്രൊജക്ട് പുനരാംരഭിക്കുക, കാഴ്ചപരിമിതരായ ലോട്ടറി വില്‍പ്പനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ബ്രെയിന്‍ പുസ്തകങ്ങള്‍ അച്ചടിക്കുന്നതിനുള്ള ആവര്‍ത്തന ഗ്രാന്റ് വര്‍ധിപ്പിക്കുക, ഭിന്നശേഷിക്കാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന വിവിധ കമ്മിറ്റികളില്‍ കെഎഫ്ബിയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ഭവനരഹിതരായ ഭിന്നശേഷിക്കാരെ സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതിയിലുള്‍പ്പെടുത്തി വീട് വയ്ക്കുക, അന്ധവിദ്യാലയത്തില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. കാഴ്ചയില്ലാത്ത 500 പേര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും. പ്രസിഡന്റ് രാജു ജോര്‍ജ്, കെ ജി വര്‍ഗീസ്, കെ സി രാധാകൃഷ്ണന്‍, അഡ്വ. ജയരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു