ഫീസ് ഇളവ് മെറിറ്റ് അടിസ്ഥാനത്തിലാകണം: സുപ്രീംകോടതി

ന്യൂഡൽഹി: സ്വാശ്രയ കോളജ് പ്രവേശനത്തിൽ പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള ഫീസ് ഇളവ് മെറിറ്റ് അടിസ്ഥാനത്തിലാകണമെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. എംഇഎസ്, പി കെ ദാസ് മെമ്മോറിയൽ കോളജ്, ഡിഎം വയനാട് എന്നിവ സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് സുപ്രിംകോടതി ഉത്തരവ്.
ഫീസ് ഇളവ് സാമ്പത്തിക അടിസ്ഥാനത്തിലാകണമെന്നായിരുന്നു എംഇഎസ് വാദിച്ചത്. ഈ വാദം ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളി. സംസ്ഥാന സർക്കാർ സൂചിപ്പിച്ചിട്ടുള്ളതുപോലെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം ഫീസ് ഇളവുകൾ നൽകേണ്ടതെന്നും, മെറിറ്റിന് യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സ്വാശ്രയ കോളജുകളിൽ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം ഫീസ് ഇളവ് നൽകേണ്ടതെന്ന് സർക്കാർ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് എംഇഎസ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സർക്കാർ വിജ്ഞാപനം അംഗീകരിച്ച ഹൈക്കോടതി എംഇഎസിന്റെ വാദം തള്ളി. ഇതോടെയാണ് മാനേജ്മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചത്.