ചലച്ചിത്ര മേഖലയിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഫെഫ്ക്ക സഹായം നൽകും

Web Desk

കൊച്ചി

Posted on March 25, 2020, 9:47 pm

ചലച്ചിത്ര മേഖലയിൽ ദുരിതമനുഭവിക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ഏപ്രിൽ, മേയ് മാസങ്ങളിൽ അടിയന്തര സഹായം എത്തിക്കാൻ ഫെഫ്ക്ക ജനറൽ കൗൺസിൽ തീരുമാനിച്ചു. ഏപ്രിൽ 14 നു മുൻപ് സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് പരമാവധി ഫണ്ട് സമാഹരിക്കാനും കൗൺസിൽ തീരുമാനിച്ചു. ആവശ്യമെങ്കിൽ സ്കൂൾ തുറക്കുന്ന സന്ദർഭത്തിലും സഹായം ഉറപ്പുവരുത്തും.

അതുപോലെ മരുന്നുകൾ ലഭ്യമാക്കുന്നതിനും വൈദ്യസഹായം എത്തിക്കുന്നതിനും പ്രത്യേക പരിഗണന നൽകും. വസ്ത്രാലങ്കാര യൂണിയൻ, മാസ്ക്കുകൾ നിർമ്മിച്ച് നൽകുവാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഏതു ഘട്ടത്തിലും 400ഓളം വാഹനങ്ങളും ഡ്രൈവർമാരേയും കേരളത്തിന്റെ നാനാ ഭാഗങ്ങളിൽ നൽകാമെന്ന് ഡ്രൈവേർസ്സ് യൂണിയൻ പ്രകടിപ്പിച്ച സന്നദ്ധത, ഫെഫ്ക നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

ഫെഫ്ക്കയുടെ ഫണ്ട് സമാഹരണത്തിൽ ആദ്യം തന്നെ സഹായവുമായെത്തിയ മോഹൻലാലിനും, മജ്ജു വാര്യർക്കും, തെലുങ്ക് താരം അല്ലു അർജുനും യോഗം നന്ദി രേഖപ്പെടുത്തി. ഫെഫ്ക്കയുടെ ആദ്യത്തെ വിർച്ച്വൽ ജനറൽ കൗൺസിൽ പ്രസിഡൻറ് സിബി മലയിലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.