September 30, 2022 Friday

നവരാത്രിയിലെ പെണ്‍ഭാവവും ബുള്ളറ്റ് നാരായണിയും

ദേവിക
വാതില്‍പ്പഴുതിലൂടെ
October 19, 2020 4:15 am

തു നവരാത്രികാലം. ഈ ദിനങ്ങളിലെ ഒന്‍പതു നാളുകളില്‍ ഒന്‍പതു ഭാവങ്ങളാണ് സ്ത്രീകള്‍ക്കെന്നാണ് പ്രമാണം. എന്നാല്‍ ആ പ്രമാണവും ആധുനികകാലത്ത് തിരുത്തിയെഴുതിയിരിക്കുന്നു. പക്ഷേ ആ നവഭാവങ്ങളും ഒന്നിനൊന്നു മെച്ചം. രാവിലെ മുതല്‍ വീട്ടുജോലികള്‍ ചെയ്തുതീര്‍ക്കാന്‍ എട്ടു കെെകളും പോര എന്ന അവസ്ഥയില്‍ നാരിക്ക് അഷ്ടഭുജദേവീഭാവം. ഭക്ഷണമൊരുക്കുമ്പോള്‍ അന്നപൂര്‍ണ്ണേശ്വരി.

കുട്ടികള്‍ക്കു നാലക്ഷരം പറഞ്ഞുകൊടുക്കുമ്പോള്‍ സരസ്വതീദേവി. കുടുംബത്തിനുവേണ്ടി കഷ്ടപ്പെടുമ്പോള്‍ ശ്രീപാര്‍വതി. വരുമാനത്തില്‍ അല്പാല്പം മിച്ചംപിടിക്കുന്നവള്‍ മഹാലക്ഷ്മി. ഭര്‍ത്താവ് ടിവിയുടെ റിമോട്ട് കണ്‍ട്രോളിനുവേണ്ടി ഒന്നു ചോദിച്ചാലോ സീരിയല്‍ കണ്ടിരിക്കുന്ന സ്ത്രീയുടെ ഭാവം സംഹാരരുദ്രയായ ദുര്‍ഗാദേവിയുടേതാകും. തന്റെ ജന്മദിനം ഭര്‍ത്താവ് മറന്നാല്‍ മഹാകാളിയാവുന്ന സ്ത്രീ തന്റെ മാതാപിതാ‌ക്കളെ ഭര്‍ത്താവ് കുറ്റം പറഞ്ഞാല്‍ മഹിഷാസുര മര്‍ദ്ദിനിയാകും. ഭര്‍ത്താവ് ഇടിയും തൊഴിയുമേറ്റ് ഈഞ്ചപ്പരുവത്തിലാകും. കണവന്‍ പരസ്ത്രീകളെ ഒന്നു പുകഴ്ത്തിപ്പോയാലോ പത്നിശ്രീ ഉഗ്രചണ്ഡികാദേവിയാകും.

ഇത്രയേറെ ഭാവങ്ങള്‍ പെണ്ണിനുണ്ടായിട്ടും ആണ്‍കുലമെന്തേ നന്നാകാത്തതെന്നാണ് ദേവികയുടെ നാത്തൂന്‍ നവരാത്രി ചിന്തയായി ഇന്നലെ ചോദിച്ചത്. ഇങ്ങനെ പോയാല്‍ വിജയദശമി ദിനത്തിലും നാരീമണിക്ക് വിജയമുണ്ടാകുന്ന ലക്ഷണമില്ലെന്ന് നാത്തൂന്റെ ഒരു വാല്‍ക്കഷണം കൂടി! ഈ നവഭാവങ്ങളും എടുത്തു പെരുമാറിയിരുന്നുവെങ്കില്‍ ഈ ഉലകം ഇങ്ങനെയൊക്കെയായിരിക്കുമോ! സ്ത്രീകുലത്തിന് പുരുഷനൊപ്പമെത്താനോ അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനോ ഇടമില്ലാത്തതുകൊണ്ടല്ല ഇപ്പോഴും ആണുങ്ങള്‍ പെണ്ണുങ്ങളുടെ മേല്‍ കുതിരകയറുന്നത്. ഏകദേശം മുക്കാ­ല്‍ നൂറ്റാണ്ട് മുമ്പാണ്. അത് ബുള്ളറ്റ് നാരായണിയുടെ കഥ. അന്ന് ചേര്‍ത്തലയില്‍ നല്ല റോഡുകള്‍ പോലുമില്ല. അരൂര്‍-ചേര്‍ത്തല മണ്‍പാതയില്‍ പതിവില്ലാത്ത ഒരു ഇരമ്പം. നാട്ടാരുടെ കണ്‍മുന്നിലൂടെ ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ചീറിപ്പാഞ്ഞുപോകുന്നു. സെെ­ക്കിള്‍പോലും അത്യാ­ഡംബരമായിരുന്ന കാലത്ത് ബുള്ളറ്റ് പറത്തുന്നത് വലതുവശം സാരിയുടുത്ത് അരയില്‍ സാരിത്തലപ്പ് മടക്കിക്കുത്തിയ ഒരു പെണ്‍കൊടി. പിന്നീട് നാരായണി ബുള്ളറ്റ് ഓടിക്കുന്നതുകാണാന്‍ പാതയ്ക്കിരുപുറവും ആ പ്രദേശത്തെ ആബാലവൃദ്ധം. നാടെങ്ങും സംസാരവിഷയം ബുള്ളറ്റ് മോട്ടോര്‍ സെെക്കിളിലെ സാരഥിയായ അന്ധകാരനഴികളത്തിപറമ്പില്‍ രാമന്റെ മകള്‍ കെ ആര്‍ നാരായണി. നാട്ടുകാര്‍ അവര്‍ക്ക് ഒരു ഓമനപേരുമിട്ടു. ബുള്ളറ്റ് നാരായണി. സംഗീതജ്ഞ, സന്നദ്ധ സേവിക, സംഘാടക എന്നീ നിലകളിലും അറിയപ്പെട്ടിരുന്ന നാരായണി സ്ത്രീശാക്തീകരണത്തിനായി യുവ വനിതാസമാജവും രൂപീകരിച്ചു. എസ്എന്‍ഡിപി നേതാവും അഭിഭാഷകനുമായിരുന്ന എന്‍ ആര്‍ കൃഷ്ണന്‍ വക്കീലാണ് നാരായണിയെ കല്യാണം കഴിച്ചത്. ഇന്ത്യ സ്വതന്ത്രയാവുന്നതിന് ഒരു വര്‍ഷം മുമ്പ് ബുള്ളറ്റ് നാരായണി അന്തരിച്ചു.

ആ മിടുമിടുക്കിയുടെ ബുള്ളറ്റ് അടുത്തകാലംവരെ സൂക്ഷിച്ചിരുന്നു. വര്‍ഷം ഇത്രയായി നാരായണിയെപോലെ ബുള്ളറ്റ് ഓടിക്കുന്ന എത്ര പെണ്‍പിള്ളേര്‍ ഇപ്പോഴുണ്ട്? ചോദിക്കുന്നത് നമ്മളറിയാത്ത നാരായണിയുടെ നമ്മളറിയുന്ന അനിയത്തി കെ ആര്‍ ഗൗരിയമ്മ! സ്ത്രീശാക്തീകരണം മുദ്രാവാക്യത്തില്‍ ഒതുങ്ങിനില്ക്കുന്ന ഇക്കാലത്ത് അതുകൊണ്ടാണല്ലോ പെണ്‍ ചലച്ചിത്രതാരങ്ങളായ മഞ്ജുവാര്യരുടെയും പാര്‍വതി തെരുവോത്തിന്റെയും രേവതിയുടെയും മറ്റും വിലാപം ഉയരുന്നത്. സ്ത്രീത്വത്തെ അപമാനിച്ച പുരുഷത്വത്തോട് പകരം ചോദിക്കാനിറങ്ങിയ ഭാഗ്യലക്ഷ്മിക്കും കൂട്ടാളികള്‍ക്കുമെതിരെ പുരുഷാധിപത്യ നിയമത്തിന്റെ കരങ്ങള്‍ നീളുന്നത്. ഓട്ടോറിക്ഷയും വെള്ളാപ്പള്ളിയും ഒരുപോലെയാണെന്ന് മലോകര്‍ക്കിടയില്‍ ഒരു ചൊല്ലുണ്ട്. വെള്ളാപ്പള്ളി നടേശന്‍ ഒരു മഴക്കോ‍ട്ടും ധരിച്ച് പവര്‍കട്ടുള്ള രാത്രിയില്‍ റോഡിലൂടെ നടന്നാല്‍ ലെെറ്റില്ലാതെ ഓടുന്ന ഓട്ടോറിക്ഷപോലെ തോന്നി ജനം ഒഴിഞ്ഞുമാറുമെന്ന് പറയാറുണ്ട്. പക്ഷേ വെള്ളാപ്പള്ളി ഗുരുവിനെ ഓട്ടോയോട് ഉപമിക്കുന്നതിനു കാരണം അതല്ല. ഓട്ടോ എപ്പോള്‍ എങ്ങോട്ട് തിരിയുമെന്ന് ഒരു രൂപവുമില്ല. കാലൊന്ന് അകറ്റിനിന്നാല്‍ അതിനിടയിലൂടെ ഓട്ടോ ഊളിയിട്ടുപായും! വെള്ളാപ്പള്ളിയും ഇതുപോലെതന്നെ. ഏതു നിമിഷവും എങ്ങോട്ടു വേണമെങ്കിലും തിരിയാം. കൂട്ടിലടച്ച വെരുകിന്റെ മനോഗതി. ആകെയൊരു കിരുകിരുപ്പ്. എസ്എന്‍ഡിപിയും എസ്എന്‍ ട്രസ്റ്റും കെെപ്പിടിയിലായപ്പോള്‍ ഭരണം പിടിക്കാന്‍ ഒരു പാര്‍ട്ടിയുണ്ടാക്കാന്‍ മോഹം. വെള്ളാപ്പള്ളിയും തുഷാര്‍ മോനും ചേര്‍ന്ന് ബിഡിജെഎസ് എന്ന പാര്‍ട്ടിയുണ്ടാക്കി. സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കാതിരിക്കാന്‍ ചങ്ങാത്തം ബിജെപിയോടായി. ഇതിനിടെ ദേ വരുന്നു വെള്ളാപ്പള്ളി പ്രതിസ്ഥാനത്തായ മെെക്രോഫിനാന്‍സ് തട്ടിപ്പ്. അതോടെ വെള്ളാപ്പള്ളി ഓട്ടോ ബിജെപിയുടെ കാലുകള്‍ക്കിടയിലൂടെ പിണറായി സര്‍ക്കാരിന്റെ പിന്നില്‍. പിന്നെ നവോത്ഥാന നായകവേഷം. ഇതൊരു തരികിട വേഷമെന്ന് കണ്ടുനിന്നവര്‍ പറഞ്ഞു. പക്ഷേ മെെക്രോഫിനാന്‍സ് കേസുകള്‍ അവയുടെ വഴിക്ക് നീങ്ങിയതോടെ വെള്ളാപ്പള്ളി ഓട്ടോ യൂടേണടിച്ചു. ‘മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങാ വീണതുപോലെ’ ശ്രീനാരായണഗുരു പ്രതിമ തലസ്ഥാനത്തു സ്ഥാപിച്ചപ്പോള്‍ തനിക്ക് ചുവപ്പു പരവതാനി വിരിച്ചു ക്ഷണിച്ചില്ലെന്നു പരാതി. ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വെെസ് ചാന്‍സലറായി മുസ്‌ലിമിനെ നിയമിച്ചത് ശ്രീനാരായണീയരുടെ കണ്ണില്‍ കുത്തായി.

‘ഒരു ജാതി, ഒരു മതം, ഒരു ദെെവം’ എന്ന് ശ്രീനാരായണഗുരു അരുളി ചെയ്ത ഈഴവജാതി മാത്രമെന്ന അര്‍ത്ഥത്തിലായിരുന്നുവെന്ന് വെള്ളാപ്പള്ളിയുടെ ഗുരുദേവ വ്യാഖ്യാനം. നവോത്ഥാന മതിലുണ്ടാക്കാനിറങ്ങിയത് വിഡ്ഢിത്തമായിപ്പോയെന്ന കുമ്പസാരം. എല്ലാം ഗുരുദേവ സ്മാരകങ്ങളുടെ പേരിലുള്ള മുതലക്കണ്ണീര്‍. തലസ്ഥാനത്തെ നിര്‍ദ്ദിഷ്ട ഗുരുപ്രതിമയുടെ വിളിപ്പാടകലെ ഒരു സ്മൃതിമണ്ഡപമുണ്ട്. ഗുരുദേവന്റെ വത്സലശിഷ്യനും എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യ ഉപാധ്യക്ഷനുമായ ഡോ. പല്‍പ്പു അന്ത്യവിശ്രമം കൊള്ളുന്നത്. ബെയിന്‍ കോമ്പൗണ്ടിലെ ഈഴച്ചെമ്പകത്തണലിലാണ്. കാടുമൂടിക്കിടക്കുന്ന ഓര്‍മ്മകുടീരം. അന്ത്യവിശ്രമസ്ഥാനം എവിടെയെന്നുപോലും അറിയാനാവാത്ത അവസ്ഥ. ഗുരുദേവന്റെ പ്രിയശിഷ്യന്‍ ആരോരുമറിയാതെ അന്ത്യവിശ്രമം കൊള്ളുന്നു. വെള്ളാപ്പള്ളി എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ എന്നുപോലും ആര്‍ക്കും അറിയില്ല. ഡോ. പല്പുവിന് ഒരു ഉചിത സ്മാരകമുണ്ടാക്കാനും വെള്ളാപ്പള്ളിക്കു നേരമില്ല. സ്മാരകങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതിന്റെ പേരില്‍ ചന്ദ്രഹാസമിളക്കുന്ന വെള്ളാപ്പള്ളിയെവിടെ ഡോ. പല്പു എവിടെ! ഡോ. പല്പുവിന്റെ തേങ്ങുന്ന സ്മൃതിമണ്ഡപവും അരികിലെ ഈഴച്ചെമ്പകവും ഗുരുശിഷ്യന്‍ ചമയുന്ന വെള്ളാപ്പള്ളിയുടെ കാപട്യത്തിനു തെളിവാകുന്നു. സാംബശിവന്റെ കഥാപ്രസംഗത്തില്‍ ഒരുപാട് കേട്ടിട്ടുണ്ട്. ‘ആനപ്പുറത്തു ഞാന്‍ കേറിയിരുന്നതു കണ്ടവരുണ്ടോ കണ്ടവരുണ്ടോ, ആനപ്പുറത്തൂന്ന് താഴെ ഞാന്‍ വീണത് കണ്ടവരുണ്ടോ’. യോഗാസനം കണ്ടുപിടിച്ചയാളെന്നു ചമഞ്ഞുനടക്കുന്ന ബാബാരാംദേവിന് മഥുരയിലെ രാംനരേതി ആശ്രമത്തില്‍ ഒരക്കിടിപറ്റി. ആനപ്പുറത്തും യോഗാസനം നടത്തി ജനത്തെ ആകര്‍ഷിക്കാനായിരുന്നു നമ്പര്‍. പത്മാസനവും ശവാസനവുമെല്ലാം കഴിഞ്ഞ് ആനമേല്‍ തലകുത്തിനിന്ന് ശീര്‍ഷാസനമായി. ശീര്‍ഷാസനം തുടങ്ങിയയുടന്‍ തന്നെ ശീര്‍ഷവും ആസനവുമെല്ലാം ഇടിച്ചു ആനപ്പുറത്തുനിന്നും നിലത്തേക്കു വീണ രാംദേവ് പതഞ്ജലി മഹര്‍ഷിയെ പ്രാര്‍ത്ഥിച്ചു കരഞ്ഞു. മോഡിയെപ്പോലെ ‘ബച്ചാവോ, ബച്ചാവോ’ എന്ന് ആര്‍ത്തനാദം. ഗുരുവിനെ ശിഷ്യര്‍ കമ്പിളിയില്‍ ചുരുട്ടിക്കെട്ടി സ്ഥലം കാലിയാക്കി. ദെെവതുല്യനാണ് ഗുരുവെന്ന് കരുതി അഭ്യാസം കണ്ടുനിന്നവര്‍ പരസ്പരം ചോദിച്ചു; ദെെവവും ആനപ്പുറത്തുനിന്നു വീണു നട്ടെല്ലൊടിയുമോ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.