ബിഹാറിലെ കുട്ടികളില്‍ ജപ്പാന്‍ജ്വരം പടരുന്നു: ഒമ്പത് ദിവസത്തിനിടെ മരിച്ചത് അമ്പതിലേറെ കുട്ടികള്‍

Web Desk
Posted on June 11, 2019, 10:05 pm

പട്‌ന: കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ ബിഹാറില്‍ ജപ്പാന്‍ജ്വരം ബാധിച്ച് അമ്പതിലേറെ കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മുസഫര്‍ നഗറിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലായി തിങ്കളാഴ്ച്ച മാത്രം 20 കുട്ടികള്‍ മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇന്നലെയും അഞ്ച് കുട്ടികള്‍ മരിച്ചു. കഴിഞ്ഞ 36 മണിക്കൂറിനിടെ രോഗലക്ഷണങ്ങളോടെ നൂറിലധികം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈശാലി ജില്ലയിലെ ഹര്‍വന്‍ഷ്പൂര്‍, കിര്‍ക്കൗഹ എന്നീ ഗ്രാമങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇപ്പോഴും നൂറ് കണക്കിന് കുട്ടികള്‍ രോഗവുമായി മല്ലിടിന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമ്പതിലധികം കുട്ടികള്‍ മരിച്ചു. നൂറുകണക്കിന് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുമ്പോഴും തികഞ്ഞ നിസംഗതയാണ് ബിഹാര്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കുട്ടികളുടെ മരണകാരണം ജപ്പാന്‍ ജ്വരമല്ല മറിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന ഹൈപ്പോഗ്ലൈസീമിയ ആണെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ്, കേജരിവാള്‍ ആശുപത്രി എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങളും ഉണ്ടായത്. ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലെ രണ്ട് പീഡിയാട്രിക് വിഭാഗം വാര്‍ഡുകളും അത്യാഹിതവിഭാഗവും രോഗികളെകൊണ്ട് നിറഞ്ഞ് കവിഞ്ഞു. ഇന്നലെ മറ്റ് രോഗികളെ ഒഴിവാക്കി പുതിയ വാര്‍ഡും പ്രവര്‍ത്തനം ആരംഭിച്ചു. രോഗികളില്‍ ഭൂരിഭാഗം ദളിത്- പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കുട്ടികളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.