കൊവിഡ്-19 ഭീഷണിയുടെ കാലത്ത് മനുഷ്യ ഇടപെടല്‍ ഇല്ലാതെ നിര്‍മ്മിത ബുദ്ധിയുപയോഗിച്ച് ശരീരോഷ്മാവടക്കമുള്ള നിരീക്ഷണം, അടിയന്തര വസ്തുക്കള്‍ എത്തിക്കല്‍, അണുനാശിനി തളിക്കല്‍ എന്നിവ കൈകാര്യം ചെയ്യുന്ന ഡ്രോണ്‍(യുഎവി) ഗരുഡ് വികസിപ്പിച്ച് കളമശ്ശേരി മേക്കര്‍വില്ലേജിലെ കമ്പനി.എഐ ഏരിയല്‍ ഡൈനാമിക്സ് എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് തദ്ദേശീയമായി അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ (യുഎവി) വിഭാഗത്തില്‍ പെട്ട ഡ്രോണ്‍ വികസിപ്പിച്ചെടുത്തത്.
സാധാരണ ഡ്രോണുകള്‍ മുഖ്യമായും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്നതായതിനാല്‍ വില വളരെ കൂടുതലാണ്. തദ്ദേശീയമായി നിര്‍മ്മിച്ച ഗരുഡ് ഇറക്കുമതി ചെയ്ത ഡ്രോണുകളേക്കാള് മികച്ചതുമാണ്.അടച്ചിടലിനെത്തുടര്‍ന്ന് റോഡുകള്‍ ഇടവഴികള്‍, വാസസ്ഥലങ്ങള്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് നിരീക്ഷണം നടത്താന്‍ ഗരുഡിനാകും. തെര്‍മ്മല്‍ ഡാറ്റാ സമ്പാദനം, എഡ്ജ് സാങ്കേതിക വിദ്യ എന്നിവ ഉപയോഗിച്ച് ഈയിടങ്ങളിലെ കൊവിഡ്-19 ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളുടെ വ്യാപനം അറിയാന്‍ സാധിക്കും. ലോക്ഡൗണ്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വിവിധ ഡ്രോണുകളുമായി കേരള പോലീസിനെ സഹായിച്ചതും ഗരുഡാണ്.
അടിയന്തര ഘട്ടങ്ങളില്‍ മനുഷ്യ ഇടപെടലില്ലാതെ സ്രവങ്ങളുടെയും മറ്റ് പരിശോധനകള്‍ക്കായുള്ള സാംപിളുകള്‍ ശേഖരിക്കാം. 60 കിലോയോളം ഭാരം വഹിക്കാനാവുന്നതിനാല് നഗര മേഖലകളില്‍ അവശ്യ സാധന വിതരണത്തിനും ഇതുപയോഗിക്കാവുന്നതാണ്. വിശാലമായ സ്ഥലത്ത് ആകാശത്തു നിന്നു തന്നെ അണുനാശിനി തളിക്കാനുള്ള ആധുനിക സ്പ്രേയര്‍ സംവിധാനവും ഇതിനുണ്ട്. ഗരുഡിലുള്ള സ്പീക്കറിലൂടെ പൊതുജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സാധിക്കും.
നിര്‍മ്മിത ബുദ്ധിയുപയോഗിക്കുന്ന എന്ജിന്, കൂടിയ റെസല്യൂഷണിലുള്ള ക്യാമറ, ഭാരം വഹിക്കല്‍, മൈക്രോ സ്പ്രേയര്‍, തെര്‍മല്‍ സ്കാനര്‍, എന്നിവയും ഇതിലുണ്ടെന്ന് കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ വിഷ്ണു വി നാഥ് പറഞ്ഞു. ഒരു സെന്റീമീറ്ററിലുള്ള കാര്യങ്ങള്‍ പോലും തിരിച്ചറിയാനുള്ള ശേഷി ഈ ഡ്രോണിനെ വ്യത്യസ്തമാക്കുന്നു. ക്യാമറയിലെ ദൃശ്യങ്ങള്‍ തത്സമയം ഓപ്പറേറ്റിംഗ് കേന്ദ്രത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. ബാറ്ററി തീര്‍ന്നാലോ റേഞ്ച് പോയാലോ ഓട്ടോമാറ്റിക്കായി യാത്രയാരംഭിച്ച സ്ഥലത്തു തന്നെ തിരികെയെത്തും. രണ്ടര മണിക്കൂറാണ് ബാറ്ററിയുടെ ശേഷി. ടേക്ക് ഓഫ് മുതല്‍ ലാന്‍ഡിംഗ് വരെ പൂര്‍ണമായും ഓട്ടോമേഷനിലാണ് ഡ്രോണ്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ശാസ്ത്ര സാങ്കേതിക വകുപ്പും സംയുക്തമായി രൂപീകരിച്ച മേക്കര്‍ വില്ലേജ് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററാണ്. മേക്കര്‍വില്ലേജിന്റെ സഹായത്തോടെ പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളായ ഡിആര്‍ഡിഒ, എന്‍പിഒഎല്‍ എന്നിവയ്ക്കായി എഐ ഏരിയല്‍ ഡൈനാമിക്സ് ഡ്രോണുകള്‍ വികസിപ്പിച്ച് നല്കി വരുന്നു. 2019 ലെ പ്രളയ ദുരിതാശ്വാസത്തിലും ഗരുഡ് ഉപയോഗിച്ചിട്ടുണ്ട്.
തദ്ദേശീയമായ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തതിനാല്‍ ഈ ഡ്രോണ്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ക്രമീകരിക്കാന്‍ സാധിക്കുമെന്ന് വിഷ്ണു പറഞ്ഞു. വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന വിലകൂടിയ ഡ്രോണുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ 60 കിലോ ഭാരം വഹിക്കാനാകുമെന്നത് ഗരുഡിനെ വ്യത്യസ്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.മേക്കര്‍ വില്ലേജിലെ അത്യാധുനിക ലാബും, പ്രവര്‍ത്തന മാതൃകയുണ്ടാക്കുന്നതിനുള്ള എന്‍ജിനീയറിംഗും രൂപകല്‍പ്പന സംവിധാനവുമാണ് തദ്ദേശീയമായി ഈ ഉത്പന്നം വികസിപ്പിച്ചെടുക്കാനും വളരെ പെട്ടന്ന് തന്നെ വിപണിയിലിറക്കാനും കഴിഞ്ഞതെന്നും വിഷ്ണു വി നാഥ് കൂട്ടിച്ചേര്‍ത്തു.
ENGLISH SUMMARY: Fever will be tested bearing weight flying up to 40 km; Maker Village Startup with its own drone
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.