മനു അഖില
സംസ്ഥാനത്ത് ഇന്ധന വില 100 രൂപയും കടന്ന് മുന്നോട്ട് പോകുകയാണ്. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതാണ് അടിക്കടിയുള്ള ഇന്ധനവില വര്‍ധനവ്. പ്രത്യേകിച്ച് കോവിഡ് മൂലം ജീവിതം ദുരിതത്തിലായിരിക്കുന്ന ഡ്രൈവർമാരെ സംബന്ധിച്ചിടത്തോളം ഇന്ധനവിലവര്‍ധനവ് ദുരിതങ്ങള്‍ സമ്മാനിക്കുകയാണ്. എന്നാൽ അൽപ്പമൊന്നു ശ്രദ്ധിച്ചാൽ പെട്രോൾ ചിലവിൽ ഏകദേശം 30 ശതമാനം തുക ലാഭിക്കാനാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.
പത്ത് വർഷം കൊണ്ട് ഒരു പുതിയ വാഹനം വാങ്ങുന്നതിനുള്ള തുക ഈ തരത്തിൽ ലാഭിക്കാൻ കഴിയും. മാത്രവുമല്ല അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഫോസിൽ ഇന്ധനങ്ങൾ സംരക്ഷിക്കാനും വാഹനത്തിന്റെ തേയ്മാനം കുറക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ഈ രീതികൾ ഗുണപ്രദമാണ്. പ്രധാനമായും ഡ്രൈവിംഗുമായി ബന്ധപ്പെട്ടവ, വാഹനവുമായി ബന്ധപ്പെട്ടവ, മറ്റ് കാര്യങ്ങൾ എന്നിങ്ങനെ ഇവയെ മൂന്നായിട്ട് തരം തിരിക്കാം.
ഡ്രൈവിംഗുമായി ബന്ധപ്പെട്ടവ
വാഹനത്തിന്റെ വേഗത കഴിവതും എക്കോണമി റേഞ്ചില്‍ നിലനിര്‍ത്തുക. മോട്ടോര്‍ സൈക്കിളിന് മണിക്കൂറില്‍ 40 കിലോമീറ്ററും മറ്റ് വാഹനങ്ങള്‍ക്ക് 50 കിലോമീറ്ററുമാണ് ഇന്ധനം ലാഭിക്കാന്‍ ഉചിതം. ഓരോ ബ്രേക്കിങും വാഹനത്തിന്റെ തേയ്മാനത്തോടൊപ്പം കനത്ത ഇന്ധന നഷ്ടവുമുണ്ടാക്കും. രണ്ട് കിലോമീറ്റര്‍ കൊണ്ടുണ്ടാകുന്ന തേയ്മാനം ഒരൊറ്റ സഡന്‍ ബ്രേക്കില്‍ ടയറിനുണ്ടാകും, ഒപ്പം കനത്ത ഇന്ധന നഷ്ടവും. റോഡിലെ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് വേഗത ക്രമീകരിച്ച് അനാവശ്യ ബ്രേക്കിങ്ങുകള്‍ ഒഴിവാക്കുക. അനാവശ്യമായ ഇരപ്പിച്ചു കയറ്റലുകളും ഇന്ധന നഷ്ടമുണ്ടാക്കും. വേഗതയ്ക്കനുസരിച്ച് ശരിയായ ഗിയറില്‍ വാഹനമോടിക്കുക. ഹൈവേകളില്‍ കഴിയുമെങ്കില്‍ ക്രൂയിസിങ് ചെയ്യുക. 30 സെക്കന്റില്‍ കൂടുതല്‍ വാഹനം നിര്‍ത്തിയിടേണ്ടി വന്നാല്‍ എന്‍ജിന്‍ ഓഫ് ചെയ്യുക. ക്ലച്ച് റൈഡിങ് ഒഴിവാക്കുക.
വേഗത കൂടുന്തോറും ഇന്ധനച്ചെലവും കൂടും
വാഹനത്തിന്റെ വേഗത കൂടുന്തോറും ഇന്ധനച്ചെലവും കൂടുന്നു. 50 കിലോമീറ്റര്‍ ശരാശരി വേഗമാണ് ഇന്ധനക്ഷമതയക്ക് അനുയോജ്യം. 60 കിലോമീറ്ററിന് മുകളില്‍ വേഗതയിലെത്തുമ്പോള്‍ 7.5 ശതമാനം അധികം ഇന്ധനം ചെലവാകുന്നു. 70 കിലോമീറ്ററിന് മുകളില്‍ 22 ശതമാനം കൂടുതല്‍ ഇന്ധനവും, 80 കിലോമീറ്ററിന് മുകളില്‍ 40 ശതമാനം കൂടുതല്‍ ഇന്ധനവും, 90 കിലോമീറ്ററിന് മുകളില്‍ 63 ശതമാനം കൂടുതല്‍ ഇന്ധനവും ചെലവാകുമെന്നാണ് കണക്കുകള്‍.
വാഹനവുമായി ബന്ധപ്പെട്ടവ
സ്പോയിലറുകള്‍, ലഗേജ് ബോക്സുകള്‍ തുടങ്ങിയവ വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കും. വാഹനങ്ങള്‍ക്കുള്ളിലെ ഭാരം പരമാവധി കുറയ്ക്കുക. ടയറുകളില്‍ ശരിയായ വായു മര്‍ദ്ദം നിലനിര്‍ത്തുക. കഴിവതും അന്തരീക്ഷ താപം കുറഞ്ഞിരിക്കുന്ന സമയത്ത് ഇന്ധനം നിറയ്ക്കുക. കഴിവതും തണലുള്ള സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുക. വാഹനം കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യുക.
മറ്റ് കാര്യങ്ങൾ
യാത്രകള്‍ വ്യക്തമായി പ്ലാന്‍ ചെയ്യുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. വാഹനം തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുക. ചെറിയ ദൂരം യാത്ര ചെയ്യാന്‍ കാല്‍നടയോ സൈക്കിളോ ഉപയോഗിക്കുക. പൊതുവാഹനങ്ങളെ കൂടുതലായി ആശ്രയിക്കുക.
English summary:Few ways to save 30 percent on fuel costs
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.