കര്‍ണ്ണന്‍ സിനിമയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പിന് ശ്രമം

Web Desk
Posted on June 09, 2019, 3:35 pm

തിരുവനന്തപുരം: ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന വിക്രം നായകനായി എത്തുന്ന ചിത്രം ‘കര്‍ണ്ണന്റെ’ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ശ്രമം. കര്‍ണ്ണനിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ സംവിധായകന്‍ ആര്‍എസ് വിമല്‍ പരാതി നല്‍കി. മിടേഷ് നായിഡു എന്നയാള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഇവര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കുന്നത്തും സന്ദേശങ്ങള്‍ അയക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ പരാതിയുമായി രംഗത്തെത്തിയത്.

ചിത്രത്തിന്റെ ലോഗോ പരസ്യ ഡിസൈന്‍ എന്നിവ വ്യാജമായി നിര്‍മിക്കുകയും ഇത് കര്‍ണ്ണന്റെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജുകള്‍ക്ക് സമാനമായ വ്യാജ പേജുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ആര്‍എസ് വിമല്‍ ഫിലിംസ്, മുംബൈ ആസ്ഥാനമായുള്ള ഇംപാക്ട് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. പരസ്യം കണ്ട് ഓണ്‍ലൈനില്‍ ബന്ധപ്പെടുന്നവരോട് നമ്പര്‍ നല്‍കാന്‍ സംഘം ആവശ്യപ്പെടും. തുടര്‍ന്ന് കാസ്റ്റിങ് ഡയറക്ടര്‍ എന്ന് പരിചയപ്പെടുത്തുന്ന ആള്‍ ഈ നമ്പറിലേക്ക് വിളിക്കും. അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങുന്ന ഇയാള്‍ വിദേശസ്വദേശ ലൊക്കേഷനുകളിലായി 76 ദിവസം നീണ്ടുനില്‍ക്കുന്ന ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ വിശ്വാസം പിടിച്ചു പറ്റും.

ലൊക്കേഷനുകളിലെ താമസ ചിലവ് സ്വയം വഹിക്കണമെന്നും ഇതിനായി രണ്ടുലക്ഷം രൂപ ചിലവാകുമെന്നും ഇതിന് സമ്മതമുളളവരോട് ഓണ്‍ലൈനായി കരാര്‍ ഫോം പൂരിപ്പിച്ചു നല്‍കണമെന്നും ഫീസ് ആയി 8500 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെടും.
പരസ്യം ശ്രദ്ധയില്‍പ്പെട്ട മുംബൈ സ്വദേശിനി സിമ്രാന്‍ ശര്‍മ്മ എന്ന യുവതി അപേക്ഷ നല്‍കിയിരുന്നു. ഫോണിലൂടെയുളള അഭിമുഖത്തിന് ശേഷം യുവതിയുമായി ബന്ധപ്പെട്ട തട്ടിപ്പ് സംഘം ഇവരെ പ്രധാന നായികയുടെ വേഷത്തില്‍ തിരഞ്ഞെടുത്തുയെന്ന് അറിയിച്ചു. ഇതിനായി വ്യാജലെറ്ററുകള്‍ അയച്ചിരുന്നുവെന്നും പറയുന്നു. തുടര്‍ന്ന് യുവതിയുടെ സഹോദരന്‍ ഗൗരവ് ശര്‍മ്മയെ ബന്ധപ്പെട്ട സംഘം ഷൂട്ടിങ് ആരംഭിക്കുകയാണന്നും മുന്‍കൂട്ടി അറിയിച്ചത് അനുസരിച്ച് താമസ ചെലവായി രണ്ടുലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതില്‍ സംശയം തോന്നിയ ഗൗരവ് പണം നല്‍കിയില്ല.

പുതുമുഖങ്ങളെ വഞ്ചിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയും, തന്റെ ചിത്രത്തിന്റെ ലോഗോ, ഡിസൈന്‍ എന്നിവയുടെ വ്യാജ പകര്‍പ്പ് ഉണ്ടാക്കി വ്യാജ സീല്‍, വ്യാജ ലെറ്റര്‍ പാഡ്, എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഘത്തിനെതിരെ ഉടനടി നടപടിയെടുക്കണമെന്ന് കാട്ടി മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ സംവിധായകന്‍ ആര്‍ എസ് വിമല്‍ പരാതി നല്‍കി. സംഘത്തിന്റെ തട്ടിപ്പില്‍ നിരവധിപേര്‍ കുടുങ്ങിയിട്ടുള്ളതായി സംശയിക്കുന്നുവെന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍ പറഞ്ഞു. കര്‍ണ്ണന്‍ ചിത്രവുമായി ബന്ധപ്പെട്ട് തനിക്ക് ഹൈദരാബാദ് മാത്രമാണ് ഓഫീസ് ഉള്ളതെന്നും ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ പെടരുതെന്നും ആര്‍എസ് വിമല്‍ അറിയിച്ചു.

YOU MAY LIKE THIS VIDEO