Friday
22 Feb 2019

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചുണക്കുട്ടികളെ എഴുതിത്തള്ളാനാവില്ല

By: Web Desk | Friday 13 October 2017 11:40 PM IST

പന്ന്യന്‍ രവീന്ദ്രന്‍

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ സാന്നിദ്ധ്യം ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചുകൊണ്ട് പ്രീലിമിനറി റൗണ്ടില്‍ ഇന്ത്യന്‍ യുവാക്കള്‍ പിന്‍വാങ്ങി. മൂന്ന് മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ പോയിന്റ് പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു വലിയ പോരായ്മയായി കാണരുത്. എ ഗ്രൂപ്പിലായിരുന്നു ഇന്ത്യയുടെ ഇടം. ശക്തമായ ടീമുകളാണ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്.
ലാറ്റിനമേരിക്കയില്‍ നിന്ന് ബ്രസീലിനും ചിലിക്കും ഒപ്പം ക്വാളിഫൈ ചെയ്ത കൊളംബിയ, മധ്യ അമേരിക്ക- കരീബിയന്‍ ചാമ്പ്യന്മാരായ അമേരിക്ക, ആഫ്രിക്കന്‍ കരുത്തരായ ഘാന എന്നിവരടങ്ങുന്ന പുലിക്കൂട്ടിലാണ് ഇന്ത്യ അകപ്പെട്ടത്.
എ ഗ്രൂപ്പ് മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ ഒഴിച്ചുള്ള മൂന്ന് ടീമുകളും തുല്യശക്തരാണെന്ന് വ്യക്തമായി. അവര്‍ക്ക് തുല്യ പോയിന്റുകളാണുള്ളത്. ആറു വീതം. ഇന്ത്യയെ എല്ലാവരും തോല്‍പ്പിച്ചു. കൊളംബിയ ഒരു ഗോളിന് ഘാനയേയും 2-1 ന് ഇന്ത്യയേയും തോല്‍പ്പിച്ചു.
അമേരിക്കയോട് ഒരു ഗോളിന് തോറ്റു. അമേരിക്ക മൂന്ന് ഗോളിന് ഇന്ത്യയേയും ഒരു ഗോളിന് ഘാനയേയും കീഴടക്കി. കൊളംബിയയോട് ഒന്നിനെതിരെ മൂന്നിന് തോറ്റു. ഘാന ഒരു ഗോളിന് കൊളംബിയയെയും നാല് ഗോളിന് ഇന്ത്യയേയും തകര്‍ത്തു. അമേരിക്കയോട് ഒരു ഗോളിന് കീഴടങ്ങി.
ഇന്ത്യക്ക് മൂന്ന് ടീമുകളും വെല്ലുവിളിയായിരുന്നു. കരുത്തരും പരിചയ സമ്പന്നരുമായ വന്‍ശക്തികളോട് നിര്‍ഭയമായി പോരാടാന്‍ നവാഗതരായ ഇന്ത്യക്ക് കഴിഞ്ഞു. മൊത്തം ഏഴ് ഗോളുകള്‍ ഇങ്ങോട്ട് വാങ്ങിയെങ്കിലും കൊളംബിയയുടെ പോസ്റ്റില്‍ ഇന്ത്യ നല്‍കിയ ഗോള്‍ ചരിത്രത്തിന്റെ ഭാഗമായി മാറി. ഇന്ത്യയുടെ കളി നിരീക്ഷിച്ച വിദേശ കോച്ചുകളും കളിക്കാരും ഒരേ സ്വരത്തില്‍ പറഞ്ഞത് ഇന്ത്യന്‍ ഫുട്‌ബോള്‍ വളര്‍ച്ചയുടെ പാതയിലാണ് എന്നാണ്. ഇന്ത്യന്‍ കളിക്കാരുടെ ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവും പ്രശംസനീയമാണ്. അജ്മീറും കോമള്‍ തട്ടാലും രാഹുലും ജിക്‌സണും അഭിജിതും ഗോള്‍ കീപ്പര്‍ ധീരജും എല്ലാം നമ്മുടെ നാളെയുടെ വാഗ്ദാനങ്ങളാണ്. മെസ്സിയും നെയ്മറും റൊണാള്‍ഡോയും ഇങ്ങനെ വന്നവരാണ്.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചക്കാലമായി ഇതിനെ കാണണം. ബ്രസീലും അര്‍ജന്റീനയും ചിലിയും പോലുള്ള രാജ്യങ്ങള്‍ ഫുട്‌ബോളിനോട് കാണിക്കുന്ന താല്‍പ്പര്യത്തിന്റെ പത്തു ശതമാനംപോലും ചെയ്യുവാന്‍ ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യക്ക് കഴിയുന്നില്ല എന്നതാണ് സത്യം. യുവലോകകപ്പ് ഈ മാസം കഴിയും.
ലോകം കാത്തിരിക്കുന്ന ഫിഫാ കപ്പ് 2022 മുന്നില്‍ കണ്ട് ദീര്‍ഘദര്‍ശിത്വത്തോടെ മുന്നോട്ടു പോകാന്‍ കായിക മന്ത്രാലയവും ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും പദ്ധതികള്‍ തയ്യാറാക്കി നടപ്പില്‍ വരുത്തുമോ!
അമേരിക്കന്‍ ഗവണ്മെന്റ് പെലെയെ ക്ഷണിച്ചു വരുത്തി കളിക്കാരെ പരിശീലിപ്പിച്ച് ടീം സജ്ജീകരിച്ചതുപോലെ, ഭൂകമ്പംകൊണ്ട് തകര്‍ന്നടിഞ്ഞ രാജ്യമായ ചിലി രാജ്യത്തിന്റെ സ്വന്തം നിയന്ത്രണത്തില്‍ ഫിഫാ കപ്പ് ഫുട്‌ബോള്‍ നടത്തി ചരിത്രം സൃഷ്ടിച്ചതുപോലെ, ഇന്ത്യന്‍ ഫുട്‌ബോളിനെ ശക്തിപ്പെടുത്താന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറാവണം.ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഏഷ്യയിലെ ശക്തരായ ഇന്ത്യ ഒളിമ്പിക്‌സില്‍ സെമി ഫൈനലിസ്റ്റുകളായവര്‍, ഏഷ്യന്‍ ഓള്‍ സ്റ്റാര്‍ ടീമില്‍ അഞ്ച് കളിക്കാരെ അയച്ചവര്‍ ഇന്ന് തൊണ്ണൂറ്റിയേഴാം റാങ്കുകാര്‍ ആണെന്ന് മറക്കരുത്. കുട്ടികളെ സ്‌കൂള്‍ റിക്രൂട്ട്‌മെന്റിലൂടെ വളര്‍ത്തിയെടുക്കുന്ന ശൈലി നമുക്ക് അനുകരിക്കാം. ഒപ്പം പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ഇന്ത്യയിലും ബാര്‍സലോണയും യെല്‍മാഡ്രിഡും, എ സി മിലാനും പോലുള്ള ടീമുകള്‍ ഇവിടെയും ആകാം. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഒക്കെ പുതിയ ശൈലിയില്‍ വരണം.