പെറുവിനെ ഒരു ഗോളിന് കീഴടക്കി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍

Web Desk
Posted on June 21, 2018, 10:47 pm
കിലിയന്‍ എംബാപ്പെ ഫ്രാന്‍സിന്റെ വിജയഗോള്‍ നേടുന്നു

ഏകതരീനബെര്‍ഗ്: ലോകകപ്പ് ഗ്രൂപ്പ് സിയില്‍ നിന്നും രണ്ട് ജയത്തോടെ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചു. വീറോടെ പൊരുതിയ പെറുവിനെതിരെ യുവതാരം കിലിയന്‍ എംബാപ്പെയുടെ ഗോളിലാണ് ഫ്രഞ്ച് പടയുടെ വിജയം.

മത്സരത്തില്‍ ആദ്യ പകുതിയില്‍തന്നെ ഫ്രാന്‍സ് ഒരു ഗോളിന് മുന്നിലെത്തി. 34ാം മിനുട്ടിലായിരുന്നു എംബാപ്പെ ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് പരാജയപ്പെട്ട പെറു രണ്ട് തോല്‍വിയോടെ ലോകകപ്പില്‍ നിന്നും പുറത്തായി. ഫ്രാന്‍സ് ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു.

മുന്നേറ്റത്തില്‍ ഡെംബലെക്ക് പകരം ഒളിവര്‍ ജിറൂഡിനെ ഇറക്കിയാണ് ഫ്രാന്‍സ് കളിക്കാനിറങ്ങിയത്. 34ാം മിനുട്ടില്‍ ജിറൂഡിന്റെ കൂടി പരിശ്രമത്തിലാണ് ഗോള്‍ പിറന്നത്.
ബോക്‌സിനകത്ത് നിന്ന് ജിറൂഡ് പെറു പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടിത്തെറിച്ചു. അവസരം കാത്ത് പാഞ്ഞെത്തിയ എംബാപ്പെ ഗോള്‍ കീപ്പറില്ലാത്ത പോസ്റ്റിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു.

ഫ്രാന്‍സിന് വേണ്ടി ലോകകപ്പില്‍ എംബാപ്പെയുടെ ആദ്യഗോളായിരുന്നു ഇത്. 19 വയസുകാരനായ എംബാപ്പെ ഫ്രാന്‍സിന് വേണ്ടി മേജര്‍ ടൂര്‍ണ്ണമെന്റില്‍ ഗോള്‍നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരന്‍ കൂടിയായി മാറി.

പെരുതിക്കളിച്ച പെറുവിനായിരുന്നു കളിയുടെ ആധിപത്യം. ഗ്രീസ്മാനും എംബാപ്പെയും ജിറൂദും അടങ്ങുന്ന ഫ്രാന്‍സിന്റെ മുന്നേറ്റങ്ങളെ തടഞ്ഞിടാനും പെറു പ്രതിരോധത്തിന് സാധിച്ചു. ഗോളിലേക്കുള്ള ഷോട്ടുകളുടെ എണ്ണത്തിലും പെറുവായിരുന്നു മുന്നില്‍.