പ്രവചനങ്ങളില്‍ നിറഞ്ഞ ഫ്രാന്‍സ്

Web Desk
Posted on July 13, 2018, 3:59 pm

ഫ്രാന്‍സിന് ഇത്തവണ വലിയ മുന്നേറ്റം സാധ്യമാണെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നു. പല ഫുട്‌ബോള്‍ വിദഗ്ധരും പത്രപ്രവര്‍ത്തകരും അതിനടിസ്ഥാനമായ കാരണങ്ങളും വ്യക്തമാക്കിയിരുന്നു.

അര്‍ജന്റിനയുടെ പ്രീ ക്വാര്‍ട്ടര്‍ കടമ്പ കടന്നതോടെ ഫ്രാന്‍സിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. വലിയ അത്ഭുതങ്ങളൊന്നും നടന്നില്ലെങ്കില്‍ ഫ്രഞ്ച് പട ഫൈനലിലെത്തുമെന്ന് അതോടെ ഉറപ്പാക്കുകയും ചെയ്തു. അര്‍ജന്റീനയാകട്ടെ ഗ്രൂപ്പ് മത്സരത്തില്‍ കാണിച്ച അലസത അവരുടെ സാധ്യതകളെ പൂര്‍ണ്ണമായും ഇല്ലാതാക്കി എന്നു പറയാം. ആദ്യമത്സരത്തില്‍ ദുര്‍ബലരായ ഐസ്‌ലാന്റിനോടുപോലും ജയിക്കാനവര്‍ക്ക് കഴിയാതെ വന്നതോടെ ഗ്രൂപ്പ് റൗണ്ടില്‍ നിന്ന് പുറത്തേക്ക് കടക്കുമോ എന്ന സംശയം പോലും ഉണ്ടായി. രണ്ടാമത്തെ മത്സരത്തില്‍ ക്രൊയേഷ്യയോട് തോറ്റ് തുന്നം പാടിയപ്പോള്‍ ആ സംശയം ബലപ്പെട്ടു.
അവസാന മത്സരത്തില്‍ നൈജീയരിയയോട് ജയിച്ചതും ക്രൊയേഷ്യ അവസാനമത്സരത്തില്‍ ഐസ്‌ലാന്റിനെ തോല്‍പ്പിച്ചതും കൊണ്ട് മാത്രമാണ് പ്രീക്വാര്‍ട്ടറിലേക്ക് മെസ്സിയും കൂട്ടരും എത്തിയത്. തോറ്റെങ്കിലും ഫ്രാന്‍സിനോട് നന്നായി പൊരുതിയാണ് അവര്‍ മടങ്ങിയത്. എന്നാല്‍ ഗ്രൂപ്പില്‍ ആ മികവ് അര്‍ജന്റീന മികവ് പുലര്‍ത്തിയിരുന്നെങ്കില്‍ റഷ്യ ലോകകപ്പിന്റെ പോരാട്ട ചിത്രം തന്നെ മാറിയേനെ. ഞായറാഴ്ച നടക്കേണ്ടിയിരിക്കുന്ന ക്രൊയേഷ്യ ‑ഫ്രാന്‍സ് മത്സരം പ്രീക്വാട്ടറില്‍ തന്നെ സംഭവിക്കുമായിരുന്നു.

കഴിഞ്ഞ മത്സരങ്ങള്‍ ഇങ്ങനെ ആയിരുന്നെങ്കില്‍ അടുത്ത റൗണ്ട് മറ്റൊന്നാകുമായിരുന്നെന്ന തരത്തിലുള്ള വിലയിരുത്തല്‍ ഇപ്പോള്‍ അപ്രസക്തമെങ്കിലും ഫ്രാന്‍സ് ‑ക്രൊയേഷ്യ മത്സരത്തിന് ഫൈനല്‍ വരെ കാത്തിരിക്കാനുണ്ടായ മത്സരഗതി പ്രാധാന്യമേറിയതു തന്നെ.