Thursday
21 Feb 2019

ആവേശമാകും അയല്‍പ്പോര്

By: Web Desk | Monday 9 July 2018 10:36 PM IST

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ആവേശകരമായ അയല്‍പ്പോര്. ദിദിയര്‍ ദെഷാംപ്‌സിന്റെ സംഘത്തെ നേരിടാന്‍ ഈഡന്‍ ഹസാര്‍ഡും ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയും കച്ചമുറുക്കുമ്പോള്‍ റഷ്യന്‍ മണ്ണിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായി മാറും. ഇന്ത്യന്‍ സമയം രാത്രി 11.30 നാണ് മത്സരം.
ലോകകപ്പ് കലാശപ്പോരിന് അര്‍ഹതനേടി ചരിത്രംകുറിക്കുകയാണ് ബെല്‍ജിയത്തിന്റെ ലക്ഷ്യം. കിരീടനേട്ടം കൈവരിക്കാന്‍ ഏറെ അനുയോജ്യമായ സമയമാണിതെന്ന് ഫ്രഞ്ചുപടയും വിലയിരുത്തുന്നു.

അയല്‍ക്കാരാണെങ്കിലും ഫുട്‌ബോളിലെ ബദ്ധവൈരികളാണ് ഫ്രാന്‍സും ബെല്‍ജിയവും. ഫ്രാന്‍സ് യൂറോപ്യന്‍ ഫുട്‌ബോളിലെ ഒരു ശക്തിയായി എന്നും ഉണ്ടായിരുന്നു. എന്നാല്‍ 1986 ലെ സെമി പ്രവേശനത്തിന് ശേഷം ബെല്‍ജിയത്തിന്റെ ശക്തി ക്ഷയിച്ചു. അതിന് ശേഷം ഹസാര്‍ഡ്, കെവിന്‍ ഡിബ്രുയന്‍, ഫെല്ലെയ്‌നി, ലുക്കാക്കു തുടങ്ങിയവരുടെ നേതൃത്വത്തില്‍ ലക്ഷണമൊത്ത ടീമാണ് ബെല്‍ജിയത്തിനായി ഇത്തവണ ഇറങ്ങിയത്.
ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ച ടീമുകളാണ് ഇരുവരും. ആക്രമണശക്തി കണക്കിലെടുത്താന്‍ ഒരു ഗോള്‍വിരുന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ലോക ഫുട്‌ബോളിലെ തന്നെ മികച്ച ഗോള്‍കീപ്പര്‍മാരും ടീമിലുണ്ട്. കിരീടമോഹവുമായി എത്തിയ ബ്രസീലിനെ ക്വാര്‍ട്ടറില്‍ നാട്ടിലേക്ക് പറഞ്ഞയച്ചാണ് ബെല്‍ജിയം സെമിയില്‍ പ്രവേശിച്ചത്. അതുപോലെ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയെ പ്രീക്വാര്‍ട്ടറിലും ഉറുഗ്വെയെ ക്വാര്‍ട്ടറിലും കീഴടക്കിയാണ് ഫ്രഞ്ചുപട മേധാവിത്വം തെളിയിച്ചത്.
പരസ്പരം ശക്തിദൗര്‍ബല്യങ്ങള്‍ അറിയാവുന്ന കളിക്കാരാണ് രണ്ട് ടീമുകളിലുമുള്ളത്. ക്ലബ് ലീഗുകളില്‍ ഒരുമിച്ചുകളിക്കുന്ന താരങ്ങള്‍ ഇരുടീമുകളിലുമുണ്ട്. ചെല്‍സി താരങ്ങളായ തിബൗ കോര്‍ട്ടോയുടെ പ്രതിരോധം മറികടക്കാനായിരിക്കും സഹതാരം ഒലിവര്‍ ജിറൂദിന്റെ ശ്രമം. ഈഡന്‍ ഹസാര്‍ഡും ചെല്‍സിയുടെ പ്രധാനതാരമാണ്. ബെല്‍ജിയത്തിന്റെ കുന്തമുനയായ ലുക്കാക്കുവിനെയും മൗറോവാന്‍ ഫെല്ലെയ്‌നിയെയും നല്ലപോലെ പൂട്ടാാനായിരിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സഹതാരമായ പോള്‍ പോഗ്ബയുടെ ശ്രമം. അത്‌ലറ്റികോയില്‍ ഒരുമിച്ചുതളിക്കുന്നവരാണ് ആന്റോയിന്‍ ഗ്രീസ്മാനും യാന്നിക് കരാസ്‌കോയും. പിഎസ്ജിയിലെ സഹതാരങ്ങളാണ് എംബാപ്പെയും മുനീയറും. ബാഴ്‌സയിലെ പ്രതിരോധത്തിലെ പോരാളികളാണ് സാമുവല്‍ ഉംറ്റിറ്റിയും തോമസ് വെര്‍മീലിയനും. ശക്തിദൗര്‍ബല്യങ്ങള്‍ വിലയിരുത്തിക്കൊണ്ടുള്ള പിഴവറ്റ കളി കാഴ്ചവയ്ക്കാന്‍ രണ്ട് ടീമും തന്ത്രങ്ങളൊരുക്കുമ്പോള്‍ മത്സരം കൂടുതല്‍ ആവേശകരമാകും.
എംബാപ്പെയുടെയും ഗ്രീസ്മാന്റെയും വേഗമേറിയ പ്രത്യാക്രമണങ്ങളാണ് ഫ്രാന്‍സിന്റെ കരുത്ത്. അര്‍ജന്റീനക്കെതിരായ മിന്നുന്ന പ്രകടനത്തോടെ എംബാപ്പെ ലോകകപ്പിന്റെ താരോദയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പ്രതിരോധത്തില്‍ ബ്ലെയ്‌സ് മാറ്റിയൂഡി സസ്‌പെന്‍ഷന് ശേഷം തിരിച്ചെത്തുന്നത് ബലം വര്‍ധിപ്പിക്കും. റാഫേല്‍ വരാനെ, സാമുവല്‍ ഉംറ്റിറ്റി, ബെഞ്ചമിന്‍ പവാര്‍ഡ്, ലുക്കാസ് ഫെര്‍ണാണ്ടസ്, എന്നിവരായിരിക്കും മാറ്റിയൂഡിക്ക് കൂട്ടിനായി പ്രതിരോധത്തില്‍ അണിനിരക്കുക. പോഗ്ബയും കാന്റെയും മധ്യനിരയില്‍ കളിനിയന്ത്രിക്കും. എംബാപ്പെയും ഗ്രീസ്മാനും ടോലീസോയും ജിറൂദും ആക്രമണം നയിക്കും.
വെര്‍മീലിയനും വിന്‍സെന്റ് കംപനിയും വെര്‍തോന്‍ഗനും ആന്‍ഡര്‍വെല്‍ഡും ബെല്‍ജി യം പ്രതിരോധത്തില്‍ അണിനിരക്കും. മുനീയറുടെ കുറവ് നികത്താന്‍ നാസര്‍ ചാഡ്‌ലിയായിരിക്കും എത്തുക. ഫെല്ലെയ്‌നി, കരാസ്‌കോ, വിറ്റ്‌സെല്‍, ഡിബ്രുയന്‍ എന്നിവരായിരിക്കും മധ്യനിരയില്‍ കളിക്കാനെത്തുക. ഹസാര്‍ഡും ലുക്കാക്കുവും മുന്നേറ്റം നയിക്കും.